പുനലൂര്‍ : തൊഴിലുറപ്പ് തൊഴിലാളിയെ കാട്ടാന ചവിട്ടിക്കൊന്നു. പത്തനാപുരത്ത് പിറവന്തൂര്‍ പഞ്ചായത്തില്‍ പുന്നല കടശേരി വിനോദ് ഭവനില്‍ രാജമ്മ (80)ആണു മ രിച്ചത്.
കടശേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടയിലേക്ക് കാട്ടാന ഓടിയെത്തുകയായിരുന്നു. വനത്തോടു ചേര്‍ന്നുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ 30 തൊഴിലാളികളാണു ജോലിചെയ്തുകൊണ്ടിരുന്നത്. ആനയുടെ അലര്‍ച്ച കേട്ട് എല്ലാവരും പലഭാഗത്തേക്ക് ഓടി.
എന്നാൽ, രാജമ്മയുടെയും മറ്റു തൊഴിലാളികളുടെയും പിന്നാലെ ആന ഓടിയെത്തുകയായിരുന്നു. തുമ്പിക്കൈകൊണ്ട് രാജമ്മയെ ആന അടിച്ചിടുന്നതു കണ്ടതായി തൊഴിലാളികള്‍ പറഞ്ഞു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് പരേതയുടെ വീട്ടുവളപ്പില്‍. പരേതനായ രാമചന്ദ്രന് പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: മനോജ്, മഹേഷ്, മഞ്ജു, രമ.
മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ എല്‍ഡിഎഫ് പ്രവർത്തകർ പ്രതിഷേധവുമായെത്തി. പ്രദേശത്ത് നിരന്തരമായി ആനയുടെ ശല്യം ഉണ്ടെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് നടപടിയുണ്ടാകാത്തതാണ് ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ കാരണമെന്നു നേതാക്കള്‍ ആരോപിച്ചു.
പുനലൂര്‍ ഡിഎഫ്ഒയുടെ നേതൃത്വത്തിലെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. ജില്ലാ കളക്ടര്‍ ഉള്‍പ്പടെയുള്ള ഉന്നത അധികൃതര്‍ എത്തിയതിനു ശേഷമേ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ അനുവദിക്കുകയുള്ളൂവെന്ന് നേതാക്കൾ പറഞ്ഞു.
തുടർന്ന് പത്തനാപുരം എംഎല്‍എ ജ്യോതികുമാര്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ പ്രതിഷേധക്കാരും വനം വകുപ്പ് ഉദ്യോഗസ്ഥരും പൊ ലിസുമായി ചര്‍ച്ച നടത്തി. രാജമ്മയുടെ കുടുംബത്തിന് പത്തു ലക്ഷം രൂപയുടെ ധനസഹായം നല്‍കുമെന്ന് എംഎല്‍എ അറിയിച്ചു. കുടുംബത്തിലെ ഒരംഗത്തിനു ജോലി നല്കുന്ന കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും എംഎല്‍എ പറഞ്ഞു.
പിന്നീട് ജനപ്രതിനിധികളും സിഡിഎഫും ഡിഎഫ്ഒയുമുള്പ്പടെയുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരും ചര്‍ച്ച നടത്തി ആനയെ കാടുകയറ്റുന്നതിലുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിനും രണ്ട് ആര്‍ആര്‍ടി സംഘത്തെ അടിയന്തരമായി കടശേരിയില്‍ നിയോഗിക്കുന്നതിനും തീരുമാനമായി.