കൊച്ചി: രാജ്യത്തെ ഏറ്റവും ആകർഷകമായ തൊഴിൽദാതാവായി ഗൂഗിളിനെ തെരഞ്ഞെടുത്ത് റാൻഡ്സ്റ്റാഡ് എംപ്ലോയർ ബ്രാൻഡ് റിസർച്ച്. ടാറ്റ ഗ്രൂപ്പും ആമസോണുമാണ് തൊട്ടുപിന്നിലുള്ളത്.
മികച്ച തൊഴിൽ, കരിയർ വളർച്ച, ഉൾക്കൊള്ളൽ, ക്ഷേമം, മികച്ച പ്രതിഫലം എന്നിവ നൽകുന്ന ഒരു ബാലൻസ്ഡ് എംപ്ലോയറെയാണ് ഇന്നത്തെ തൊഴിലാളികൾ ലക്ഷ്യമിടുന്നതെന്ന് ഇന്ത്യയിലെ ഈ ഗവേഷണത്തിന്റെ 16-ാം പതിപ്പ് വ്യക്തമാക്കുന്നു.
ഇന്ത്യയിൽ തൊഴിൽ മാറുന്നവരുമായി ബന്ധപ്പെട്ട സമ്മർദം വളരെ കൂടുതലാണെന്ന് ഗവേഷണഫലം സൂചിപ്പിക്കുന്നു. 46 ശതമാനം ആളുകൾ അടുത്ത ആറു മാസത്തിനുള്ളിൽ ജോലി മാറാൻ പദ്ധതിയിടുമ്പോൾ 32 ശതമാനം പേർ കഴിഞ്ഞ ആറു മാസത്തിനുള്ളിൽ ഇതിനകം ജോലി മാറിയവരാണ്.
അതേസമയം, 49 ശതമാനം ആളുകള്‍ തൊഴിൽ - ജീവിത സന്തുലിതാവസ്ഥയുടെ അഭാവവും 42 ശതമാനം കരിയർ വളർച്ചയില്ലായ്മയും 41 ശതമാനം കുറഞ്ഞ ശമ്പളവും ഒരു സ്ഥാപനം വിട്ടുപോകാനുള്ള പ്രധാന കാരണങ്ങളായി ചൂണ്ടിക്കാട്ടുന്നുണ്ട്.
രാജ്യത്തെ തൊഴിൽരംഗത്ത് 42 ശതമാനം ജീവനക്കാർ ഇപ്പോൾ ഹൈബ്രിഡ് രീതിയാണു പിന്തുടരുന്നതെന്നും പഠനം വ്യക്തമാക്കി.
ടാലന്റ് കമ്പനിയായ റാൻഡ്സ്റ്റാഡ് ഇന്ത്യ പുറത്തിറക്കിയ സമഗ്ര പഠനത്തിൽ ഇന്ത്യയിൽനിന്ന് 3500ഓളം പേരും ആഗോളതലത്തിൽ 1.75 ലക്ഷത്തിലധികം പേരും പങ്കെടുത്തു.