കൊല്ലം: തൊഴിലുറപ്പ് തൊഴിലാളികളെ ജിയോ ഫെന്‍സിംഗിന്റെ യും ജിയോ ടാഗിംഗിന്റെയും പേരില്‍ ബുദ്ധിമുട്ടിക്കുന്ന നടപടി ഒഴിവാക്കണമെന്നും തൊഴിലാളികള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം വിസ്തീര്‍ണ പരിധി കുറച്ച് ഹാജര്‍ വയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകന യോഗമായ ദിശയിലാണ് ആവശ്യം ഉന്നയിച്ചത്. തൊഴിലുറപ്പ് പദ്ധതിയില്‍ ഈ സാമ്പത്തികവര്‍ഷം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തൊഴില്‍ നല്കി ഒന്നാം സ്ഥാനം കൈവരിച്ച കൊല്ലം ജില്ലയിലെ നിര്‍വഹണ ഉദ്യോഗസ്ഥരെ എംപി അഭിനന്ദിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ മെറ്റീരിയല്‍ കുടിശികയുണ്ടായിരുന്ന 18.6 കോടിയും തൊഴിലാളികള്‍ക്ക് കൂലി ഇനത്തില്‍ കുടിശിക ഉണ്ടായിരുന്ന 56 കോടിയും അനുവദിച്ചു കിട്ടി. കേന്ദ്രത്തില്‍ നിന്ന് ശുചിത്വ മിഷന് ലഭിക്കേണ്ട തുകയും ലഭിച്ചു.
ദിശയുടെയും എംപിയുടെയും സമയോചിതമായ ഇടപെടല്‍ കൊണ്ടാണ് തുക ലഭ്യമായതെന്ന് യോഗം വിലയിരുത്തി.
ദേശീയ ആരോഗ്യ ദൗത്യത്തില്‍ ഉള്‍പ്പെടുത്തി കൊട്ടറ, നെടുമണ്‍കാവ്, പറങ്ങോട്, ഇട്ടിവാ മെയിന്‍ സെന്റര്‍, കുന്നത്തൂര്‍, വെട്ടിക്കവല, വിളക്കുപാറ, മാങ്കോട് മെയിന്‍ സെന്റര്‍, കുമ്മിള്‍ എന്നിവിടങ്ങളില്‍ ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍ സ്ഥാപിക്കാന്‍ ധാരണയായി. 15-ാം ധനകാര്യ കമ്മീഷനില്‍ ഉള്‍പ്പെടുത്തി 18 സബ് സെന്ററുകള്‍ക്ക് പുതിയതായി കെട്ടിടം നിര്‍മിക്കാന്‍ 55.5 ലക്ഷം വീതം അനുവദിച്ചു.
രണ്ട് ജില്ലാ ആശുപത്രികള്‍, രണ്ട് താലൂക്ക് ആശുപത്രികള്‍, 16 പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, ഒരു സാമൂഹ്യാരോഗ്യകേന്ദ്രം, രണ്ട് ജനകീയാരോഗ്യ കേന്ദ്രങ്ങള്‍, നാല് നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് നാഷണല്‍ ക്വാളിറ്റി അക്രെഡിറ്റേഷന്‍ സ്റ്റാന്റേര്‍ഡ് പുരസ്കാരം ലഭിച്ചു.
പ്രധാന്‍മന്ത്രി ആവാസ് യോജന (അര്‍ബന്‍) പ്രകാരം 469 വീടുകള്‍ കൂടി പൂര്‍ത്തിയാക്കാനുള്ളതിനാല്‍ പദ്ധതി കാലയളവ് നീട്ടിക്കിട്ടാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ തീരുമാനിച്ചു.
ജില്ലയിലെ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കാര്യക്ഷമവും ഊര്‍ജസ്വലവുമായ നടത്തിപ്പിനായി പ്രത്യേക ശ്രദ്ധ ചെലുത്തണമെന്ന് എംപി ആവശ്യപ്പെട്ടു.
ദിശാ ചെയര്‍മാന്‍കൂടിയായ എന്‍.കെ. പ്രേമചന്ദ്രന് എംപി അധ്യക്ഷത വഹിച്ചു. മേയര്‍ എ.കെ. ഹഫീസ്, എംഎല്‍എമാരായ എം.എം. നസീര്‍, വിഷ്ണു മോഹന്‍, വനം മന്ത്രിയുടെ പ്രതിനിധി പ്രദീപ് എ. ഫെര്‍ണാണ്ടസ്, മന്ത്രിയുടെ പ്രതിനിധി ബി.തൃദീപ്കുമാര്‍, ദിശാ കോ-ഓര്‍ഡിനേറ്റര്‍, വകുപ്പുകളുടെ ജില്ലാ മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.