തൊടുപുഴ: ജില്ലയിലെ ഡിജിറ്റല്‍ നെറ്റ്വര്‍ക്ക് പരിധിക്ക് പുറത്തുള്ള ഹൈറേഞ്ചിലെ ആദിവാസി മേഖലകളില്‍ ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഹാജര്‍ രേഖപ്പെടുത്തുന്നതില്‍ കടുത്ത പ്രതിസന്ധി. ഫെബ്രുവരി മുതല്‍ നാഷണല്‍ മൊബൈല്‍ മോണിറ്ററിംഗ് സിസ്റ്റം ആപ്ലിക്കേഷന്‍ വഴിയുള്ള ഡിജിറ്റല്‍ ഹാജര്‍ നിര്‍ബന്ധമാക്കിയതോടെയാണ് മൊബൈല്‍ റേഞ്ചില്ലാത്ത നിരവധി പഞ്ചായത്തുകളില്‍ തൊഴിലുറപ്പ് പദ്ധതി പൂര്‍ണമായും തടസപ്പെടുന്ന സാഹചര്യമുണ്ടായത്. ഇതിനെതിരേ അടിയന്തര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഡീന്‍ കുര്യാക്കോസ് എംപി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് കത്ത് നല്കി.
മറയൂര്‍, ഇടമലക്കുടി, ശാന്തന്‍പാറ, അടിമാലി എന്നീ പഞ്ചായത്തുകളിലെ നിരവധി വാര്‍ഡുകളില്‍ മൊബൈല്‍ നെറ്റ്വര്‍ക്ക് വളരെ കുറവോ അല്ലെങ്കില്‍ പൂര്‍ണമായി ഇല്ലാത്തതോ ആയ മേഖലകളാണ്. ഈ പ്രദേശങ്ങളിലെ ഉന്നതികളില്‍ ജോലി ചെയ്യുന്ന ആദിവാസി വിഭാഗങ്ങളില്‍പ്പെട്ട തൊഴിലാളികള്‍ക്ക് എന്‍എംഎംഎസ് ആപ്പ് വഴി ഹാജര്‍ രേഖപ്പെടുത്താന്‍ സാധിക്കാത്തതുമൂലം വേതനവിതരണം പൂര്‍ണമായി തടസപ്പെട്ടിരിക്കുകയാണ്.
മറയൂര്‍ പഞ്ചായത്തിലെ 1, 2, 3 വാര്‍ഡുകളിലെ മലയോര മേഖലകളില്‍ ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച് 29 വരെ ജോലി ചെയ്ത തൊഴിലാളികളുടെ 19,182 തൊഴില്‍ ദിനങ്ങളുടെ മസ്റ്റര്‍റോള്‍ എന്‍ട്രി ഇതുവരെ സിസ്റ്റത്തില്‍ രേഖപ്പെടുത്താന്‍ സാധിച്ചിട്ടില്ല. നെറ്റ്വര്‍ക്ക് തകരാര്‍മൂലം ഡിജിറ്റല്‍ ഹാജര്‍ സാധ്യമാകാത്തതിനാല്‍ 70 ലക്ഷത്തോളം രൂപയുടെ വേതനമാണ് ഈ പഞ്ചായത്തില്‍ മാത്രം തൊഴിലാളികള്‍ക്ക് ലഭിക്കാനുള്ളത്. കൃഷിയും തൊഴിലുറപ്പും മാത്രം ആശ്രയിച്ചു ജീവിക്കുന്ന പാവപ്പെട്ട കുടുംബങ്ങള്‍ ഇതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ ഇത്തരം പ്രതിസന്ധി ഘട്ടങ്ങളില്‍ ബ്ലോക്ക്തലത്തില്‍ പ്രത്യേക അനുമതിയോടെ മാനുവല്‍ മസ്റ്റര്‍റോളുകള്‍ ഉപയോഗിച്ചാണ് ഹാജര്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ പുതിയ പരിഷ്കാരത്തോടെ ബ്ലോക്ക്തലത്തില്‍ ഇതിനുള്ള ഇളവുകള്‍ നല്‍കാനുള്ള അധികാരം ഇല്ലാതായിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് ജില്ലയിലെ നെറ്റ്വര്‍ക്ക് ഇല്ലാത്ത പ്രദേശങ്ങളെ ഡിജിറ്റല്‍ ഹാജരില്നിന്നു താത്കാലികമായി ഒഴിവാക്കണമെന്നും മൊബൈല്‍ കണക്ടിവിറ്റി പൂര്‍ണ തോതില്‍ ലഭ്യമാകുന്നതുവരെ പരമ്പരാഗത രീതിയിലുള്ള മാനുവല്‍ മസ്റ്റര്‍റോളുകള്‍ ഉപയോഗിച്ച് ഹാജരും വേതനവും രേഖപ്പെടുത്താന്‍ അനുമതി നല്‍കണമെന്നും ഡീന്‍ കുര്യാക്കോസ് എംപി ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ അനുകൂലമായ നടപടി അടിയന്തരമായി ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും പാവപ്പെട്ട തൊഴിലാളികളുടെ ഉപജീവനമാര്‍ഗം സംരക്ഷിക്കാന്‍ ആവശ്യമായ എല്ലാ ഇടപെടലുകളും തുടരുമെന്നും എംപി വ്യക്തമാക്കി.