കുടയത്തൂര്‍: അനര്‍ഹമായി ഭൂമി കൈയേറിയവരെ ഒഴിപ്പിക്കാനുള്ള ശക്തമായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതിനൊപ്പം അര്‍ഹരായവര്‍ക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി എ.പി. അനില്‍കുമാര്‍. കുടയത്തൂര്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തില്‍ ഭൂമി സംബന്ധമായ പ്രശ്നങ്ങള്‍ ഏറ്റവും കൂടുതലുള്ള ജില്ലയാണ് ഇടുക്കി. പതിറ്റാണ്ടുകളായി താമസിക്കുന്നവര്‍ക്ക് പട്ടയം ലഭിക്കണം. ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്ന കാര്യത്തില്‍ ഒരു വീഴ്ചയുമുണ്ടാവരുതെന്നാണ് സര്‍ക്കാരിന്റെ സമീപനം. അത് ജനങ്ങളുടെ അവകാശമാണെന്നും മന്ത്രി പറഞ്ഞു.
റോയ് കെ. പൗലോസ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല സ്റ്റീഫന്‍, റവന്യു വകുപ്പ് സ്പെഷല്‍ സെക്രട്ടറി കെ. ജീവന് ബാബു, കുടയത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്, അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷ ഗോപിനാഥ്, ജില്ലാ പഞ്ചായത്തംഗം സജി പി. ജോസ്, ഇളംദേശം ബ്ലോക്ക് പഞ്ചായത്തംഗം സുജ ചന്ദ്രശേഖരന്, പഞ്ചായത്തംഗം ടി.കെ. തസ്നി എന്നിവര്‍ പ്രസംഗിച്ചു.