തൊടുപുഴ: പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ച് സിപിഐ മുതിര്‍ന്ന നേതാവും മുന്‍ ജില്ലാ സെക്രട്ടറിയുമായിരുന്ന കെ.കെ. ശിവരാമന്.
കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ലാ കൗണ്‍സില്‍ യോഗത്തില്‍ കെ.കെ. ശിവരാമനെ പാര്‍ട്ടിയുടെ എല്ലാ പദവികളില്‍നിന്നും ഒഴിവാക്കിയിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ച് തനിക്ക് ഇതുവരെ ഒരറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്.
വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പാര്‍ട്ടി അംഗമായി തുടരാന്‍ മാത്രമാണ് അനുമതി. എന്നാല്‍ താന്‍ 56 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിക്കുകയാണ്. മുന്നണിക്കും പാര്‍ട്ടിക്കും പ്രതിസന്ധി ഉണ്ടാക്കുന്ന ഒരുനടപടിയും താന്‍ ഇതുവരെ സ്വീകരിച്ചിട്ടില്ല. ജില്ലാ സെക്രട്ടറിയായിരുന്ന വേളയില്‍ പാര്‍ട്ടിക്കുവേണ്ടി സിപിഎമ്മുമായി ഏറ്റുമുട്ടേണ്ടിവന്നിട്ടുണ്ട്.
പാര്‍ട്ടിയുടെ നിലപാട് ഉയര്‍ത്തിപ്പിടിച്ചതിന്റെ ഭാഗമായാണ് ഇതു വേണ്ടിവന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയിലെ സ്ഥാനാര്‍ഥി നിര്‍ണയം പാളിയെന്നും മണ്ഡലത്തിനു പുറത്തുനിന്ന് ആളെ നിര്‍ത്തിയാല്‍ ജനസമ്മതിയുള്ള ആളായിരിക്കണം എന്നു വ്യക്തമാക്കിയിരുന്നു. ജനങ്ങളുമായി ബന്ധമുള്ളവരെ മാത്രമേ വോട്ടര്‍മാര്‍ ജയിപ്പിക്കുകയുള്ളൂവെന്നാണ് പീരുമേടിന്റെ ചരിത്രം. പാര്‍ട്ടി ജില്ലാ സെക്രട്ടറിയും താനുമായും അകല്ച്ചയിലായിരുന്നുവെന്നത് സത്യമാണ്. ഇതു വ്യക്തിപരമായ അകല്‍ച്ചയല്ല. പാര്‍ട്ടി ശൈലി സംബന്ധിച്ചുള്ള അകല്‍ച്ച മാത്രമായിരുന്നെന്നും ശിവരാമന് വ്യക്തമാക്കി.