ഭാവിയിലെ യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ നമ്മുടെ മനസിലേക്ക് വരുന്നത് ഡ്രോണുകളോ യുദ്ധക്കളം കീഴടക്കുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് യന്ത്രങ്ങളോ ആണ്. എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ജനിതകമാറ്റം വരുത്തിയ നായ്ക്കളെ യുദ്ധരംഗത്തിറക്കാനൊരുങ്ങുകയാണ് 'വാർഹൗണ്ട്' എന്ന യുഎസ് സ്റ്റാർട്ടപ്പ്. എഐ അധിഷ്ഠിത ഡ്രോണുകൾ നിർമിക്കുന്ന 'ആൻഡുറിൽ' എന്ന പ്രതിരോധ കമ്പനിയുടെ സഹസ്ഥാപകനായ പാമർ ലക്കിയാണ് ഇതിന് നേതൃത്വം നൽകുന്നത്.
200 ദശലക്ഷം ഡോളർ ധനസഹായത്തോടെയാണ് ബയോടെക് സ്ഥാപനമായ കൊലോസൽ ബയോസയൻസസിന്റെ സഹസ്ഥാപകനും പാമർ ലക്കിയും ചേർന്ന് ഈ പ്രതിരോധ സാങ്കേതിക സ്റ്റാർട്ടപ്പിന് രൂപം നൽകിയിരിക്കുന്നത്. യുഎസ് സൈനികർക്കും നിയമപാലകർക്കും ദുരന്തനിവാരണ സേനകൾക്കുമായി പ്രത്യേക പരിശീലനം ലഭിച്ച നായ്ക്കളെ ജനിതകമാറ്റം വരുത്തി നിർമിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം.
മനുഷ്യർക്കും യന്ത്രങ്ങൾക്കും ഒരേപോലെ പ്രയാസകരമായേക്കാവുന്ന ബോംബ് കണ്ടെത്തൽ, രക്ഷാപ്രവർത്തനം തുടങ്ങിയ സങ്കീർണ ദൗത്യങ്ങൾ ഏറ്റെടുക്കാൻ ആരോഗ്യ ദൃഢഗാത്രരായ നായ്ക്കളെ വാർഹൗണ്ട് വികസിപ്പിച്ചെടുക്കും. നിലവിൽ യുഎസ് സൈന്യം ഉപയോഗിക്കുന്ന ഔദ്യോഗിക നായ്ക്കളുടെ 80 ശതമാനത്തിലധികവും യൂറോപ്പിൽ നിന്നാണ് വരുന്നത്. ഇവയിൽ പലതും സേവനത്തിന് അനുയോജ്യരല്ലെന്ന് കമ്പനി ചൂണ്ടിക്കാണിക്കുന്നു. നായ്ക്കളെ വാങ്ങി പരിശീലിപ്പിച്ചെടുക്കാൻ ഏകദേശം മൂന്ന് വർഷത്തോളം സമയമെടുക്കും.
മോശം കാഴ്ചശക്തി, കാൻസർ, ഇടുപ്പെല്ല് സംബന്ധമായ പ്രശ്നങ്ങൾ (hip dysplasia), പേശികളുടെ ബലക്ഷയം തുടങ്ങിയ ജനിതക രോഗങ്ങൾ കാരണം പല നായ്ക്കൾക്കും പരിശീലനം പൂർത്തിയാക്കാൻ സാധിക്കുന്നില്ലെന്ന് ബെൻ ലാം വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ വാർഹൗണ്ടിന്റെ ജനിതകമാറ്റം വരുത്തിയ നായ്ക്കൾക്ക് യുഎസ് സൈന്യത്തിന്റെ പുറത്തുനിന്നുള്ള ആശ്രയത്വം കുറയ്ക്കാൻ സാധിക്കും.
പ്രത്യേകതകളും സാങ്കേതികവിദ്യയും
മികച്ച പ്രകടനം കാഴ്ചവെക്കുന്ന നായ്ക്കളുടെ ജൈവവസ്തുക്കൾ ശേഖരിച്ച് ബയോബാങ്കിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. ക്ലോണിംഗ് നടത്തുന്നതിന് മുൻപ് നായ്ക്കളുടെ ആരോഗ്യവും ആയുസും പ്രകടനവും മെച്ചപ്പെടുത്താൻ ഈ ഡാറ്റാബേസ് ഉപയോഗിക്കാം. ബെൽജിയൻ മലിനോയിസ്, ലാബ്രഡോർ റിട്രീവർ, ജർമൻ ഷെപ്പേർഡ് തുടങ്ങിയ ഇനങ്ങളിലാണ് ഇവ പ്രധാനമായും പരീക്ഷിക്കുന്നത്.
ഇടുപ്പെല്ല് സംബന്ധമായ പ്രശ്നങ്ങൾ പോലുള്ള സാധാരണ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനാണ് പ്രാരംഭ ജീൻ എഡിറ്റിംഗ് ശ്രമങ്ങൾ. നായ്ക്കളുടെ മണക്കാനുള്ള ശേഷി വർധിപ്പിക്കുന്നതിനായി ചെന്നായ്ക്കളുടെ ഘ്രാണശക്തിയുമായി ബന്ധപ്പെട്ട ജീനുകൾ പിന്നീട് ഉൾപ്പെടുത്തിയേക്കാം.
കൊലോസൽ ബയോസയൻസസ് നായ്ക്കളുടെ ജീൻ എഡിറ്റിംഗ് കൈകാര്യം ചെയ്യുമ്പോൾ, പാമർ ലക്കിയുടെ ആൻഡുറിൽ കമ്പനി നായ്ക്കൾക്കായി സംരക്ഷണ കവചങ്ങൾ, കണ്ണ്-ചെവി സംരക്ഷണ ഉപകരണങ്ങൾ, സെൻസറുകൾ എന്നിവ ഉൾപ്പെടുന്ന സോഫ്റ്റ്വെയറുകളും ഹാർഡ്വെയറുകളും നൽകും. ഇത് വിവരങ്ങൾ കൈമാറാനും ദൗത്യങ്ങളിലെ ഏകോപനം മെച്ചപ്പെടുത്താനും സഹായിക്കും.
വാർഹൗണ്ടിന്റെ ആദ്യ നായ്ക്കുട്ടികൾ 2027ന്റെ തുടക്കത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് വർഷത്തിനുള്ളിൽ ഇവയ്ക്ക് സേവനത്തിൽ പ്രവേശിക്കാനാകും. അമേരിക്കൻ ഹ്യൂമൻ സൊസൈറ്റിയുടെ മാർഗനിർദ്ദേശപ്രകാരം പരിശീലന പരിപാടികൾ സാക്ഷ്യപ്പെടുത്തുമെന്നും വിരമിച്ച നായ്ക്കൾക്ക് പുനരധിവാസ പരിപാടികൾ ഒരുക്കുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.