നാവിൽ രുചി നിറയ്ക്കും...പക്ഷേ ആരോഗ്യം പോയിക്കിട്ടും
മലപ്പുറം: കടൽ കടന്നെത്തിയ വിഭവക്കൂട്ടുകൾ വിളന്പുന്ന ഭക്ഷണശാലകൾ മലബാറിന്റെ, പ്രത്യേകിച്ച് മലപ്പുറത്തിന്റെ തെരുവോരങ്ങളിൽ നൂറുകണക്കിനാണ്.
രാവും പകലും തുറന്നിരിക്കുന്ന ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കുമൊപ്പം വൈകുന്നേരം തുടങ്ങി പുലർച്ചെ വരെ തുറന്നിരിക്കുന്ന ഭക്ഷണശാലകളും ഒട്ടേറെ. ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും നിറയുന്ന രാത്രികാല ഭക്ഷണ വിശേഷങ്ങളും ഒപ്പം നാട്ടു കിസകളും മലപ്പുറത്തിന്റെ സവിശേഷത.
എന്നാൽ നാവിന് രുചി പകരുന്ന ആസ്വാദ്യകരമായ ഭക്ഷ്യോത്പന്നങ്ങൾ തയാറാക്കി വിളന്പുന്ന പല ഹോട്ടലുകളുടെയും റസ്റ്ററന്റുകളുടെയും പിന്നാന്പുറ കഥകൾ അത്ര രസകരമല്ല. വൃത്തിഹീനമായ സാഹചര്യത്തിലാണ് പല ഹോട്ടൽ അടുക്കളകൾ എന്നാണ് ആരോഗ്യവകുപ്പ് നടപ്പാക്കി വരുന്ന ക്ലീൻഷോട്ട് മലപ്പുറം 2026 പദ്ധതിയുടെ ഭാഗമായി ഉദ്യോഗസ്ഥർ അടുത്തിടെ നടത്തിയ മിന്നൽ പരിശോധനയിൽ വ്യക്തമായത്.ഭക്ഷണം കൈകാര്യം ചെയ്യുന്ന 33 ശതമാനം ആളുകൾ ഹെൽത്ത് കാർഡ് എടുത്തിട്ടില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്.
കണ്ടെത്തലുകൾ ഇങ്ങനെ
മലപ്പുറം: ഭക്ഷണം പാകം ചെയ്യാനുള്ള മസാലകളും മയോണൈസ് അടക്കമുള്ളവയും ഒരാഴ്ചയ്ക്ക് മുന്‍പ് തന്നെ തയാറാക്കി വയ്ക്കുന്നതും ആവശ്യാനുസരണം ഉപയോഗിക്കുന്നതുമാണ് പ്രധാന കണ്ടെത്തൽ. ഫ്രീസറുകൾ നല്ല രീതിയിൽ കൈകാര്യം ചെയ്യുന്നില്ല. പാകം ചെയ്യാനുള്ള ഇറച്ചിയും മീനും മറ്റും ഫ്രീസറിൽ അടച്ചുവയ്ക്കാതെയാണ് സൂക്ഷിക്കുന്നത്. ഭക്ഷണം പാകം ചെയ്യാനും വിൽപ്പന നടത്താനും ആവശ്യമായ രേഖകൾ പല സ്ഥാപനങ്ങളും സൂക്ഷിക്കുന്നില്ല.
ഇതരസംസ്ഥാനക്കാർ അടക്കമുള്ള പല തൊഴിലാളികൾക്കും ഹെൽത്ത് കാർഡില്ല. ജല പരിശോധന കൃത്യമായി നടത്തുന്നില്ല. മലിനജലം സമീപത്തെ ഓടകളിലേക്ക് തള്ളുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ ലൈൻസില്ലാത്ത ഹോടലുകളും റസ്റ്ററന്റുകളും ഇക്കൂട്ടത്തിലുണ്ടെന്നും പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. ഹരിത പ്രോട്ടോകോൾ പാലിക്കാത്തതിനൊപ്പം കൃത്യമായ മാലിന്യസംസ്കരണ സംവിധാനവും ജില്ലയിൽ പലയിടങ്ങളിലും ഇല്ല.
രാത്രികാല തട്ടുകടകളിൽ, നിരോധിച്ച പ്ലാസ്റ്റിക് ഗ്ലാസുകളും പ്ലേറ്റുകളും ഉപയോഗിക്കുന്നു. ഈ മാസം 30 വരെയുള്ള പരിശോധനയിൽ താക്കീതായി നോട്ടീസ് നൽകുകയാണ്.അടുത്ത ഘട്ടത്തിൽ നിയമ നടപടിയിലേക്ക് കടക്കാനാണ് തീരുമാനം.
ദേവനന്ദയുടെ വിയോഗത്തിന് നാലു വർഷം
കാഞ്ഞങ്ങാട്: നാലു വർഷം മുമ്പ് കാസർഗോഡ് ജില്ലയിലെ ചെറുവത്തൂരിൽ പ്ലസ് വൺ വിദ്യാർഥിനി ഭക്ഷ്യവിഷബാധ മൂലം മരണമടഞ്ഞ സംഭവം സംസ്ഥാനത്താകെ വാർത്തയായിരുന്നു.
പിലിക്കോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനിയായിരുന്ന ദേവനന്ദയാണ് കൂട്ടുകാർക്കൊപ്പം ഷവർമയും മയോണൈസും കഴിച്ചിറങ്ങിയതിനു പിന്നാലെ മരണത്തിനു കീഴടങ്ങിയത്. ഒപ്പമുണ്ടായിരുന്ന കൂട്ടുകാരും ദിവസങ്ങളോളം ചികിത്സയിലായിരുന്നു. ഇവർക്ക് ഭക്ഷ്യവിഷബാധയുണ്ടാകാൻ കാരണമായ ഷവർമ കട അടച്ചുപൂട്ടുകയും നടത്തിപ്പുകാരായ ഇതരസംസ്ഥാന തൊഴിലാളികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
പക്ഷേ സ്കൂൾ പരിസരങ്ങളിലും ടൗണുകളിലും ബേക്കറികളോടു ചേർന്നുമെല്ലാം പുതിയ ഷവർമ കടകൾ കൂണുപോലെ മുളച്ചുപൊങ്ങുന്നുണ്ട്.
ഫുഡ് സ്ട്രീറ്റോ, മാലിന്യസ്ട്രീറ്റോ?
കോഴിക്കോട്: മഴക്കാലമായാല്‍ കോഴിക്കോട് ബീച്ചിലെ വൈബെല്ലാം ഭയത്തിന് കൈമാറും. ഒന്നോ രണ്ടോ മഴ പെയ്താല്‍ കോഴിക്കോട് ബീച്ചിനോളം മലിനമായ മറ്റൊരിടമില്ല. തട്ടുകടകളില്‍നിന്നു മാറി ഒരേ രീതിയില്‍ നാലു കോടി ചെലവിട്ട് നിര്‍മിച്ച കോഴിക്കോട് ബീച്ചിലെ ഫുഡ് സ്ട്രീറ്റിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമായിട്ടില്ല.
മലിനജലത്തിന് നടുവിലാണ് പലരും ഭക്ഷണം കഴിക്കാനെത്തുന്നത്. ഫുഡ് സ്ട്രീറ്റ് രൂപകൽപന ചെയ്ത പിഡബ്ല്യൂഡിയോട് പ്രശ്നം പരിഹരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും നടപടികള്‍ ആയിട്ടില്ല.
ഫുഡ് സ്ട്രീറ്റില്‍ എത്തി ഭക്ഷണം കഴിക്കുന്നവര്‍ക്കായി ഭക്ഷണാവശിഷ്ടങ്ങള്‍ ഇടുന്നതിന് പ്രത്യേകം ബിന്നുകള്‍ തയാറാക്കിയിട്ടുണ്ട്. പക്ഷേ പലരും ഇത് ഉപയോഗിക്കാറില്ല. മാലിന്യം വലിച്ചെറിയുന്നവരില്നിന്നു പിഴ ഈടാക്കണമെന്ന ആവശ്യം കൗണ്‍സിലില്‍ ഉള്‍പ്പെടെ ഉയര്‍ന്നിരുന്നെങ്കിലും നടപ്പിലായിട്ടില്ല. അതേസമയം മൂന്ന് മലിനജല ടാങ്കുകളാണ് ഫുഡ് സ്ട്രീറ്റിലുള്ളത്. ഇത് എളുപ്പം നിറഞ്ഞുകവിയുന്ന അവസ്ഥയാണെന്നും കൂടുതല്‍ ടാങ്കുകള്‍ ആവശ്യമാണെന്നും കച്ചവടക്കാര്‍ പറയുന്നു.
പഴകിയ മത്സ്യം പത്തനംതിട്ടയുടെ ശാപം
പത്തനംതിട്ട: പഴകിയതും രാസവസ്തുക്കള്‍ കലര്‍ന്നതുമായ മത്സ്യത്തിന്റെ വിപണനമാണ് പത്തനംതിട്ടയുടെ ഭക്ഷ്യ ഭീഷണികളിലൊന്ന്. സമീപ ജില്ലകളില്‍നിന്നും അയല്‍ സംസ്ഥാനങ്ങളില്‍നിന്നുമാണ് മത്സ്യം എത്തിക്കുന്നത്.
വിപണിയിലെത്തുന്നവയില്‍ ഭൂരിഭാഗവും പഴകിയതും കേടുപാടുകള്‍ കൂടാതെയിരിക്കാന്‍ മാരകമായ രാസവസ്തുക്കള്‍ ചേര്ത്തതുമാണെന്നത് ആശങ്കപ്പെടുത്തുന്നു.
ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോസ്ഥര്‍ പരിശോധന നടത്തി മത്സ്യം പിടിച്ചെടുക്കാറുണ്ടെങ്കിലും പിഴ അടച്ച് വ്യാപാരികള്‍ വീണ്ടും സജീവമാകുകയാണ്.
വില്ലനായി രാസവസ്തുക്കള്‍
മത്സ്യം കേടാകാതിരിക്കാന്‍ ഉപയോഗിക്കുന്ന അമോണിയം, ഫോര്‍മലിന്‍ തുടങ്ങിയവ ശരീരത്തില്‍ എത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
തുടര്‍ച്ചയായി രാസവസ്തുക്കള്‍ കലര്‍ന്ന മത്സ്യം കഴിക്കുന്നത് അള്‍സര്‍, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലാകല്‍, കാന്‍സര്‍ തുടങ്ങിയ മാരക രോഗങ്ങള്‍ക്ക് കാരണമാകാം.ഛര്‍ദി, വയറിളക്കം, ഭക്ഷ്യവിഷബാധ എന്നിവയ്ക്കും ഇത്തരം മത്സ്യം കാരണമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലാണ് ഇതിന്റെ പ്രത്യാഘാതം കൂടുതല്‍ ഗുരുതരമായി കണ്ടുവരുന്നത്.
പരിശോധനാ രീതിയും വെല്ലുവിളികളും
ഭക്ഷ്യസുരക്ഷാ വിഭാഗം ക്വിക് കിറ്റുകള്‍ ഉപയോഗിച്ചാ് പ്രാഥമിക പരിശോധന നടത്തുന്നത്. മത്സ്യത്തിന്റെ പുറത്ത് സ്ട്രിപ് ഉരസിയ ശേഷം ലായനിയില്‍ മുക്കി നിറവ്യത്യാസം നോക്കിയാണ് രാസവസ്തു സാന്നിധ്യം കണ്ടെത്തുന്നത്. എന്നാല്‍, അമിത അളവിലുള്ള രാസവസ്തുക്കള്‍ ഉണ്ടെങ്കില്‍ മാത്രമേ ഇത് ഫലപ്രദമാകൂ. സൂക്ഷ്മമായ പരിശോധനയ്ക്ക് ലാബുകളെ ആശ്രയിക്കേണ്ടി വരുന്നതും ഫലം വരാന്‍ എടുക്കുന്ന കാലതാമസവും അധികൃതര്‍ക്ക് വലിയ വെല്ലുവിളിയാണ്.
ട്രെയിൻയാത്രക്കാരുടെ ഗതികേട്
കൊല്ലം: ട്രെയിനിൽ വിൽക്കാനായി വച്ച സമൂസകൾക്ക് മേലെ കാൽവച്ചിരിക്കുന്ന കച്ചവടക്കാരന്റെ വീഡിയോ അടുത്തകാലത്താണ് വന്നത്.ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിലെ വാതിലിന് അടുത്തായി നിലത്താണ് ഇയാൾ ഇരിക്കുന്നത്. മൊബൈൽ ഫോണിൽ സംസാരിച്ചുകൊണ്ടാണ് ഇയാൾ സമൂസയിൽ കാൽ വച്ചിരിക്കുന്നത്.
ലോകമാന്യ തിലക് - എറണാകുളം തുരന്തോ എക്സ്പ്രസിൽ കാറ്ററിംഗ് ജീവനക്കാരൻ ടോയ്ലറ്റിൽ പാത്രങ്ങൾ കഴുകുന്ന വീഡിയോയും വൈറലായിരുന്നു. ഈ വിഷയത്തിൽ ഫുഡ് സേഫ്റ്റി അഥോറിറ്റി ഒഫ് ഇന്ത്യ കേസ് എടുത്ത് ഐആർസിടിസിക്ക് നോട്ടീസ് അയയ്ക്കുകയും ചെയ്തു.
റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും അടുത്തിടെയായി ഭക്ഷ്യ സുരക്ഷാ നിയമം അനുസരിച്ചുള്ള ഒരു നടപടിക്രമങ്ങളും പാലിക്കപ്പെടുന്നില്ലെന്ന ആരോപണം ശക്തമാണ്.പാൻട്രികാറുകൾ ഇല്ലാത്ത ദീർഘദൂര ട്രെയിനുകളിൽ വിതരണം ചെയ്യുന്ന ഭക്ഷണം ഒട്ടും നിലവാരമില്ലാത്തതാണ്.പുറത്തുനിന്ന് മോശം സാഹചര്യത്തിൽ തയാറാക്കുന്ന ഭക്ഷണമാണ് മൂന്നു നേരവും ഇത്തരം ട്രെയിനുകളിൽ വിതരണം ചെയ്യുന്നത്.
കരിന്പ് ജ്യൂസ് സൂക്ഷിച്ചില്ലെങ്കിൽ പണികിട്ടും
കണ്ണൂർ: മലയാളികൾക്ക് പ്രിയപ്പെട്ടതാണ് കരിന്പിൻ ജ്യൂസ്. മിക്കയിടങ്ങളിലും ഇതരസംസ്ഥാന തൊഴിലാളികളാണ് നടത്തിപ്പുകാർ.
കരിന്പിൻ ജ്യൂസ് പോഷക സമൃദ്ധമാണെങ്കിലും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമിക്കുന്നവ രോഗങ്ങളുടെ ഉറ വിടമാണ്. ശുചിത്വം, ഉപയോഗിക്കുന്ന വെള്ളം, ഐസ് എന്നിവ സംബന്ധിച്ച് ആർക്കും ഒരു ഉറപ്പും ഇല്ലെന്നുള്ളതുതന്നെ കാരണം. ഇവിടങ്ങളിൽ ശുദ്ധമല്ലാത്ത വെള്ളം, കുറഞ്ഞ വിലയ്ക്കു കിട്ടുന്നതും മത്സ്യം ചീഞ്ഞു പോകാതിരിക്കാൻ ഉപയോഗിക്കുന്നതുമായ ഐസ് എന്നിവ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
കൂടാതെ തുറന്നിട്ടിരിക്കുന്ന കരിന്പ് പിഴിയൽ യന്ത്രത്തിൽ ഏതു സമയവും ഈച്ചകൾ പൊതിയുന്നതിനാൽ രോഗസാധ്യതയും ഏറെയാണ്. ഉപേക്ഷിക്കപ്പെട്ട റെഫ്രിജറേറ്റുകളാണ് പലയിടങ്ങളിലും സാധനങ്ങളും വെള്ളവും സൂക്ഷിക്കാനായി ഉപയോഗിച്ചുവരുന്നത്.
ഭക്ഷ്യജന്യ രോഗങ്ങളെ സൂക്ഷിക്കുക
ഇരുനൂറിലധികം ഭക്ഷ്യജന്യ രോഗങ്ങളാണുള്ളത്. ബാക്ടീരിയകള്‍ക്ക് വളരാന്‍ അധികം സമയം വേണ്ട. 20 മിനിറ്റ് മതി അതു വളര്‍ന്ന് ഇരട്ടിയാകാന്‍. ഭക്ഷണം ഇവയ്ക്ക് വളരാനുള്ള ഒരു മാധ്യമമാണ്. നമ്മള് ശരിയായി വേവിക്കാത്തവ, ക്ലീന്‍ ചെയ്യാത്തവയൊക്കെ ഇങ്ങനെ വളരാനുള്ള കാരണമാകും. ഫാം ലെവല്‍ തൊട്ട് ഇതില്‍ ശ്രദ്ധ വേണം.
അസംസ്കൃത വസ്തുക്കളുടെ ശേഖരണം ബില്ലോടുകൂടി മാത്രം വാങ്ങുക
വിശ്വാസ്യതയുള്ള ഇടങ്ങളില്‍നിന്നു മാത്രം മത്സ്യവും മാംസവും വാങ്ങുക.
എക്സ്പയറി നോക്കണം.
ഓരോന്നും സൂക്ഷിക്കേണ്ട വിധം അതിന്റെ ലേബലലിലുണ്ടാകും. അതു നോക്കി സൂക്ഷിക്കുക.വീടുകളിലാണെങ്കിലുംസ്ഥാപനങ്ങളിലാണെങ്കിലും ഫ്രിഡ്ജ് കൃത്യമായി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കുക.
വൈദ്യുതി പോയ സമയത്ത് ഫ്രിഡ്ജിലുണ്ടായിരുന്ന സാധനങ്ങള്‍ ഉപയോഗിക്കാതിരിക്കുക.
മത്സ്യം വാങ്ങുമ്പോള്‍ കണ്ണുകള്‍ നല്ല തിളക്കമുള്ളതു വാങ്ങുക.
ചുവന്ന മാംസം, ഞെക്കി നോക്കുമ്പോള്‍ കുഴിഞ്ഞു പോകാത്തത് വാങ്ങുക
നന്നായി പാകം ചെയ്യുക.
പാകംചെയ്ത് രണ്ടു മണിക്കൂറില്‍ കൂടുതല്‍ റൂം ടെംപറേച്ചറില്‍ സൂക്ഷിക്കരുത്. ഫ്രീസറിലോ, ഫ്രിഡ്ജിലോ സൂക്ഷിക്കുക.
മഴയുടെ സാഹചര്യത്തില്‍ ധാരാളം ഈച്ചകള്‍ പെരുകുന്നുണ്ട്. അവ മാലിന്യത്തിലൊക്കെ പോയിരുന്ന് ഭക്ഷണത്തില്‍ വന്നിരിക്കാം. അതും രോഗങ്ങള്‍ പരത്തും.
വേസ്റ്റ് ബിന്നുകള്‍ അടച്ചു സൂക്ഷിക്കുക.
മത്സ്യം, മാസം, പച്ചക്കറികള്‍, പഴങ്ങള്‍ ഇങ്ങനെ ഓരോന്നിനും പ്രത്യേകം ചോപ്പിംഗ് ബോര്‍ഡുകള്‍ സൂക്ഷിക്കുക.
ഫ്രീസറിലും ഫ്രിഡ്ജിലും സൂക്ഷിക്കുമ്പോള്‍ ഫുഡ് ഗ്രേഡ് കണ്ടെയ്നറുകളില്‍ സൂക്ഷിക്കുക.
തീയതിയും സമയവും എഴുതി സൂക്ഷിക്കുക.
ഒരിക്കലും മാത്സ്യ-മാംസാദികളും പച്ചക്കറികളും ഒന്നിച്ചു വയ്ക്കരുത്.
പാകം ചെയ്തതും ചെയ്യാത്തതും ഒന്നിച്ചു വയ്ക്കരുത്.
വിവരങ്ങള്‍ക്ക് കടപ്പാട്.....
ഡോ. ജെ.ബി. ദിവ്യ
നോഡല്‍ ഓഫീസര്‍
ഫുഡ് സേഫ്റ്റി ഡിപ്പാര്‍ട്മെന്റ്
കോട്ടയം