കാസര്‍ഗോഡ്: ചെര്‍ക്കള ദേശീയപാതയിലെ മേല്‍പാലം നിര്‍മാണത്തിന്റെ ഭാഗമായി കൂട്ടിയിട്ട മണ്ണ് മഴവെള്ള പാച്ചിലില്‍ താഴ്വാരത്തെ വീടുകളിലേക്ക് ഒലിച്ചിറങ്ങിയ പ്രശ്നത്തിന് ശാശ്വത പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ ദേശീയപാതയില്‍ സൂചന സമരം നടത്തി.
ഇന്നലെ രാവിലെ ദേശീയപാത ഉപരോധിച്ചായിരുന്നു സമരം. പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കില്‍ ശക്തമായ സമരം നടത്തുമെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിച്ചു. കാസര്‍ഗോഡ് ആര്‍ഡിഒ ബിനു ജോസഫ്, തഹസില്‍ദാര്‍ ഷെറില്‍ ബാബു, ദേശീയപാത അഥോറിറ്റി ഉദ്യോഗസ്ഥര്‍, നിര്‍മാണ കരാര്‍ കമ്പനി പ്രതിനിധികള്‍ എന്നിവരടങ്ങുന്ന സംഘമാണ് നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. മേല്‍പ്പാലത്തിന്റെ തൂണുകള്‍ക്ക് സമീപം താത്കാലികമായി ബണ്ട് നിര്‍മിച്ച് ഒഴുക്കുവെള്ളം തടഞ്ഞുനിര്‍ത്തി.
ഈ വെള്ളം സുരക്ഷിതമായി ഓവുച്ചാലുകളിലൂടെ ഒഴുക്കിവിടുന്നതിനാല്‍ വീടുകളിലേക്ക് വെള്ളം കയറുന്നത് തടയാന്‍ സാധിച്ചിട്ടുണ്ടെന്ന് ആര്‍ഡിഒ അറിയിച്ചു. നിര്‍മാണ കമ്പനിയിലെ പരമാവധി തൊഴിലാളികളെയും ആവശ്യമായ യന്ത്രസാമഗ്രികളും ചെര്‍ക്കളയില്‍ എത്തിച്ച് ഇവിടുത്തെ സുരക്ഷാ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാനുള്ള നടപടി നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.