ജനവാസ മേഖലയിൽ ഇറങ്ങുന്ന വന്യ ജീവികളെ വെടിവച്ചു കൊന്ന് വന്യ ജീവികളുടെ വംശ വർധനവു തടയണമെന്നും ജനാധിപത്യ രാജ്യത്ത് ജനങ്ങളുടെ സംരക്ഷണത്തിനു പ്രാധാന്യം നൽകണമെന്നുമുള്ള പ്രഫ. മാധവ് ഗാഡ്ഗിലിന്റെ നിർദേശം മുഖവിലയ്ക്കെടുക്കാതിരിക്കുന്ന സർക്കാർ പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണത്തിനു വേണ്ടി തയാറാക്കിയ ഗാഡ്ഗിൽ റിപ്പോർട്ട് അക്ഷരം പ്രതി നടപ്പക്കാൻ നടത്തിയ ശ്രമമാണ് വിശ്വപ്രസിദ്ധ പരിസ്ഥിതി ശാസ്ത്രജ്ഞനായ പ്രഫ. മാധവ് ഗാഡ്ഗിലിനെ ഇടുക്കിയുടെ ശത്രുപക്ഷത്താക്കിയത്.
ഇടുക്കിയിലെ ജനജീവിതത്തിന്റെ യാർഥ വശം ഗാഡ്ഗിലിനെ ബോധ്യപ്പെടുത്താൻ നിയോഗിക്കപ്പെട്ടവർ യാഥാർഥ്യം മറച്ചുവച്ച് നൽകിയ റിപ്പോർട്ടുകൾ വിശ്വസിച്ച് ഖനനവും പ്രരിസ്ഥിതി വിരുദ്ധ പ്രവർത്തനങ്ങളും നടത്തുന്നവരുടെ പട്ടികയിലേക്ക് ഇടുക്കിയിലെ സാധാരണ കർഷകരും ഉൾപ്പെടുത്തപ്പെട്ടപ്പോൾ ഉയർന്ന ജനരോഷം വന്ദ്യനായ അധ്യാകപനെ സംശയത്തിന്റെ നിഴലിലാക്കുകയായിരുന്നു.
ലോക പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞൻ മലയോരമേഖലയുടെ ശത്രു പക്ഷത്തായത് അല്ലെങ്കിൽ ശത്രു പക്ഷത്താക്കിയത് ഒരു വിഭാഗം പരിസ്ഥിതി പ്രവർത്തകരുടെ നിഗൂഢ പദ്ധതികളായിരുന്നു. പശ്ചിമഘട്ട മലനിരകളുടെ പരിസ്ഥിതി സംരക്ഷണത്തിനായി പ്രഫ. മാധവ് ഗാഡ്ഗിൽ അധ്യക്ഷനായി രൂപീകരിച്ച വെസ്റ്റേണ് ഗാഡ്സ് എക്കോളജി എക്സ്പേർട്ട് പാനൽ, 2011 ഓഗസ്റ്റ് 31ന് കേന്ദ്ര പരിസ്ഥിതി - വനം മന്ത്രാലയത്തിനു സമർപ്പിച്ച വളരെ ഗ്രാഹ്യവും സമഗ്രവുമായ റിപ്പോർട്ടിന്റെ മറപിടിച്ച് കേരളത്തിൽ ഇടുക്കി ജില്ലയിലെയും വയനാട് ജില്ലയിലെയും ജനവാസ മേഖലയ്ക്കു മേൽ കരിനിഴൽ വീഴ്ത്താനുള്ള രാഷ്ട്രീയ -ഉദ്യോഗസ്ഥ-പരിസ്ഥിതിപ്രവർത്തകരുടെ ശ്രമങ്ങളാണ് മാധവ് ഗാഡ്ഗിലിനെ വിവാദത്തിലേക്കു തള്ളിവിട്ടത്.
ഗുജറാത്തു മുതൽ കന്യാകുമാരിവരെ 1,60,000 ചതുരശ്ര കിലോമീറ്റർ ചുറ്റളവുള്ള പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള റിപ്പോർട്ടാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം, പ്രഫ. മാധവ് ഗാഡ്ഗിൽ കമ്മിറ്റിയോട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് അടിസ്ഥാനമാക്കി യുനസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റിൽ പ്രവേശിക്കുന്നതിനുള്ള ശ്രമം നടന്നതാണ് വിവാദങ്ങൾക്കു തിരികൊളുത്തിയത്. വേൾഡ് ഹെറിട്ടേജ് പദവിക്കായി ഇന്ത്യ സമർപ്പിച്ച അപേക്ഷ യുനസ്കോ മൂന്നുതവണ തള്ളിയപ്പോൾ ഗാഡ്ഗിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷ അംഗീകരിപ്പിക്കാനുള്ള ശ്രമമാണുണ്ടായത്.
യഥാർഥത്തിൽ യുനസ്കോയുടെ ലോക പാരിസ്ഥിക പൈതൃക പദവി നേടുന്നതിനല്ല മാധവ് ഗാഡ്ഗിലിനെക്കൊണ്ട് റിപ്പോർട്ട് തയാറാക്കിച്ചത്. അവിടെ ഗാഡ്ഗിലിനെ സർക്കാർ ചതിച്ചു. ലോക പൈതൃക പദവിയിൽ ഇടം നേടുന്നതോടെ ലഭിക്കാവുന്ന കോടിക്കണക്കിനു രൂപയുടെ വലിപ്പമാണ് അതിനു പിന്നിൽ പ്രവർത്തിച്ചവരുടെ ലക്ഷ്യം. സർക്കാർ നിയോഗിക്കുന്ന കമ്മിറ്റി തയാറാക്കുന്ന റിപ്പോർട്ട് എങ്ങനെ നടപ്പാക്കണമെന്നു തീരുമാനിക്കേണ്ടത് സർക്കാരാണ്.
ഗാഡ്ഗിൽ റിപ്പോർട്ടിന്റെ കാര്യത്തിൽ റിപ്പോർട്ട് ജനങ്ങളിൽനിന്നു മറച്ചു വച്ച് റിപ്പോർട്ട് അതേപടി നടപ്പാക്കാനുള്ള നീക്കമാണ് ഉണ്ടായത്. റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നാവശ്യപ്പെട്ട് ഗോവാ ഫൗണ്ടേഷൻ എന്ന സംഘടന സുപ്രീംകോടതിയെ സമീപിച്ചപ്പോഴാണ് റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ സർക്കാർ തയാറായത്. അത് ദീപിക അന്നു റിപ്പോർട്ടു ചെയ്തിരുന്നു.
ഈ രഹസ്യ നീക്കം തന്നെയാണ് മലയോര ജനങ്ങളെ ആശങ്കയിലാക്കിയത്. അതിനു മാധവ് ഗാഡ്ഗിൽ പഴികേട്ടു എന്നു മാത്രം. പശ്ചിമഘട്ടമേഘലയിലെ പരിസ്ഥിതി സംരക്ഷിക്കാൻ എന്തെല്ലാം ചെയ്യണമെന്നും ചെയ്യരുതെന്നും ഗാഡ്ഗിൽ റിപ്പോർട്ടിൽ അക്കമിട്ടു പറഞ്ഞു. പരിസ്ഥിതി പ്രാധാന്യം കണക്കിലെടുത്ത് പശ്ചിമഘട്ടത്തെ മൂന്നു സോണുകളായി തിരിച്ചാണ് സംരക്ഷണ മാർഗനിർദേശങ്ങൾ ഇറക്കിയത്. ഇതിൽ വെള്ളം ചേർക്കനും ശ്രമം ഉണ്ടായി.
അക്കാഡമിക് വിദഗ്ധൻ എന്ന നിലയിൽ പഠനങ്ങളുടെയും അനുബന്ധ പഠന രേഖകളുടെയും അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിലെ വാക്കുകൾ അതേപടി നടപ്പാക്കാനുള്ള ശ്രമമാണ് പിന്നീടുണ്ടായത്. കേരളം കണ്ട ഏറ്റവും വലിയ ജനകീയ പ്രക്ഷേഭങ്ങൾ ഒന്നായി അതു മാറുകയും ചെയ്തു.
പശ്ചിഘട്ട അഥോറിറ്റി രൂപീകരിക്കണമെന്ന ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശം ജനകീയമായി ക്രമീകരിക്കാൻ ശ്രമമുണ്ടായില്ല. റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജി അധ്യക്ഷനായ അഥോറിറ്റിയാണ് ഗാഡ്ഗിൽ നിർദേശിച്ചത്. ജനപ്രതിനിധികൾ അതോററ്റിയിൽ ശിപാർശചെയ്യപ്പെട്ടില്ല. അതിനു പരിഹാരം ഉണ്ടാക്കിയില്ല. 30 ഡിഗ്രിയിൽ കൂടുതൽ ചരിവുള്ള പ്രദേശത്ത് തന്നാണ്ടു കൃഷികൾ പാടില്ലെന്നു റിപ്പോർട്ടിൽ പറയുന്നു. മണ്ണൊലിപ്പ് തടയുകയായിരുന്നു ലക്ഷ്യം. ഇത് ഫലപ്രദമായി ജനങ്ങളോടു വിശദീകരിക്കാനൊ അതിനു പ്രതിവിധി നിർദേശിക്കാനോ സർക്കാർ തയാറായില്ല.
വിദേശി വിത്തുകളും വൃക്ഷങ്ങളും അവഗണിക്കണമെന്ന റിപ്പോർട്ടിലെ നിർദേശവും ശരിയായ രീതിയിൽ അവതരിപ്പിക്കപ്പെട്ടില്ല. യൂക്കാലിപ്റ്റസും അക്കേഷ്യയും ഉൾപ്പെടയുള്ള വിദേശ വൃക്ഷങ്ങളുടെ ദുരന്തം മുന്നിലുള്ളതാണ്. എല്ലാ പ്രവർത്തനങ്ങളും ഗ്രാമ സഭകൾ കൂടി തീരുമാനിക്കണമെന്ന് ഗാഡ്ഗിൽ നിർദേശിച്ചു. പ്രരിസ്ഥിതി സംരക്ഷണത്തിനായി കർഷകർക്കു സാന്പത്തിക സഹായം നൽകണമെന്നും റിപ്പോട്ടിൽ പറയുന്നു. നമ്മുടെ നാട്ടിലെ ഗ്രാമസഭകൾക്ക് ഇക്കാര്യത്തിൽ എത്രമാത്രം കാര്യമാത്ര പ്രസക്തമായി തീരുമാനങ്ങൾ എടുക്കാനാകുമെന്നത് പുനർ വിചിന്തനം ചെയ്യേണ്ടതാണ്.
പരിസ്ഥിതി സംരക്ഷിക്കുന്ന കർഷകർക്കുള്ള സാന്പത്തിക സഹായം സാധാരണക്കാരുടെ കൈകളിലെത്തുമെന്ന് ഗാഡ്ഗിൽ കരുതി. കാർബണ് ബഹിർഗമനം കുറയ്ക്കാൻ നാടൻ പശുക്കളെ വളർത്താൻ റിപ്പോർട്ടിൽ ശിപാർശചെയ്തു. എന്തുകൊണ്ടാണിതെന്നും കാലിവളർത്തൽ മുഖ്യ ജീവനോപാധിയായ ഇടുക്കി പോലുള്ള പ്രദേശത്ത് ഇത് എങ്ങിനെ നടപ്പാക്കാമെന്നും സർക്കാർ വിശദീകരിച്ചില്ല.
പരിസ്ഥിതി സംരക്ഷണം പോലുള്ള പരിപാടികൾ നിർദേശിക്കാനുള്ള ത്രാണിയോ ശേഷിയോ ഗ്രാമസഭകൾക്കില്ലെന്നതും ഇതു ദുരുപയോഗം ചെയ്യപ്പെടുമെന്ന യാഥാർഥ്യവും ബന്ധപ്പെട്ടവർ മറച്ചുവച്ചു. ഇന്ത്യൻ ഭരണഘടന ശക്തമാണെങ്കിലും അതു കൈകാര്യം ചെയ്യുന്നവർ ദുഷിച്ചാൽ ഭരണഘടനയും ദുഷിക്കുമെന്ന് ഡോ. അബേദ്ക്കറുടെ വാക്കുകൾ ഇവിടെയും പ്രസക്തമാണ്.
ആറുസംസ്ഥാനങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പശ്ചിമഘട്ട മേഖലയിൽ ഏറ്റവും വലിയ ജനവാസമേഖലകൾ ഉൾപ്പെടന്നത് കേരളത്തിലാണ്. ഇക്കാര്യം പരിഗണിക്കപ്പെട്ടില്ല. അതാണ് ഇവിടെ പ്രതിഷേധം ശക്തമാകാൻ കാരണം. മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിന്റെ മറപിടിച്ച് ചിലരുടെ നിക്ഷിപ്ത താത്പര്യം സംരക്ഷിക്കാൻ ശ്രമിച്ചതിന്റെ പേരിൽ വേദനിച്ച പച്ചയായ ശ്രേഷ്ഠനായ പരിസ്ഥിതി ശാസ്ത്രജ്ഞൻ വിടപറയുന്പോൾ ഇപ്പോഴെങ്കിലും യാഥാർഥ്യങ്ങൾ സ്മരിക്കപ്പെടണം.