കൊല്ലം: ആശ്രാമം ഇഎസ്ഐ മോഡല്‍ ആൻഡ് സൂപ്പര്‍ സ്പെഷാലിറ്റി ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരന് ഉറപ്പു നല്‍കിയതായി എന്‍.കെ. പ്രേമചന്ദ്രന് എംപി അറിയിച്ചു.
ആരോഗ്യ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യം ഉന്നയിച്ച് എംപി നിവേദനം നല്കി ചര്‍ച്ച ചെയ്തു. ചര്‍ച്ചയിലാണ് മന്ത്രി ഉറപ്പ് നല്‍കിയത്.
ആശുപത്രി മെഡിക്കല്‍ കോളജായി ഉയര്‍ത്തുന്നതിനുള്ള നടപടി ഇഎസ്ഐ ആരംഭിച്ചു. 2026-27 ല്‍ മെഡിക്കല്‍ കോളജ് ആരംഭിക്കാനാണ് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയത്.
എന്നാല്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന് അപേക്ഷ നല്‍കാനുള്ള അവസാന തീയതി വരെ ഫയലില്‍ തീരുമാനമെടുക്കാതെ ഇടതുപക്ഷ സര്‍ക്കാര്‍ കാലതാമസം വരുത്തി. മെഡിക്കല്‍ കമ്മീഷന് അപേക്ഷാ തീയതി ദീര്‍ഘിപ്പിച്ചതിനെ തുടര്‍ന്ന് മുഖ്യമന്ത്രിയെ കണ്ട് സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് നേരില്‍ ആവശ്യപ്പെടുകയും വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ മനഃപൂര്‍വമായി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് കാലതാമസം വരുത്തുന്നതിനാണ് ഇടതുപക്ഷ സര്‍ക്കാര്‍ തയാറായത്. തൊഴിലാളികള്‍ക്കും അവരുടെ കുട്ടികള്‍ക്കും ദോഷകരമായ തീരുമാനമായിരുന്നു സംസ്ഥാന ആരോഗ്യവകുപ്പ് ഇടതുഭരണത്തില്‍ സ്വീകരിച്ചത്. പുതിയ മന്ത്രി സത്യപ്രതിജ്ഞ ചെയ്തതിനെ തുടര്‍ന്ന് അപേക്ഷ നല്‍കുകയും സത്വരമായി എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തു.
വിഷയത്തില്‍ അനുകൂലമായ സമീപനമാണ് ആരോഗ്യ മന്ത്രി കെ. മുരളീധരന് സ്വീകരിച്ചത്. അടിയന്തിരമായി ഫയല്‍ പരിശോധിച്ച് എസന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചതായി എന്‍.കെ.പ്രേമചന്ദ്രന് എംപി പറഞ്ഞു.