ചിന്താവിഷയം
നമ്മെ വെറുതെ രസിപ്പിക്കാനായി എഴുതുന്ന സാഹിത്യകാരന്മാരുണ്ട്. എന്നാൽ മറ്റുചിലരാകട്ടെ മനുഷ്യഹൃദയത്തെ സ്പർശിക്കുകയും ജീവിതത്തെക്കുറിച്ച് ആഴമായി ചിന്തിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തിലുള്ള പ്രസിദ്ധനായ ഒരു എഴുത്തുകാരനാണ് മിച്ച് ആൽബോം. ജീവിതത്തിന്റെ അർഥം, സ്നേഹം, വേദന, ക്ഷമ, മനുഷ്യബന്ധങ്ങൾ എന്നിങ്ങനെയുള്ള വിഷയങ്ങളെ അത്യന്തം ഹൃദയസ്പർശിയായി അവതരിപ്പിക്കുന്ന സാഹിത്യകാരൻ എന്ന നിലയിൽ അദ്ദേഹം പരക്കേ ആദരിക്കപ്പെടുന്നു.
1958ൽ അമേരിക്കയിൽ ജനിച്ച ആൽബോം നോവലിസ്റ്റ്, സ്പോർട്സ് ജേർണലിസ്റ്റ്, റേഡിയോ അവതാരകൻ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നാലു കോടി കോപ്പികളാണ് ഇതിനകം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്. ആൽബോം രചിച്ചിട്ടുള്ള വിവിധ നോവലുകളിൽ ഏറെ പ്രസിദ്ധമായ ഒരെണ്ണമാണ് "ഫൈവ് പീപ്പിൾ യു മീറ്റ് ഇൻ ഹെവൻ'.
എഡ്ഡി എന്ന പ്രായംചെന്ന മനുഷ്യനെയാണ് ഈ നോവലിലെ കേന്ദ്രകഥാപാത്രമായി അവതരിപ്പിച്ചിരിക്കുന്നത്. 83 വയസുള്ള അദ്ദേഹം ഒരു അമ്യൂസ്മെന്റ് പാർക്കിൽ മെക്കാനിക്കായി ജോലിചെയ്യുന്നു. കുട്ടികൾ ഉപയോഗിക്കുന്ന റൈഡുകൾ സുരക്ഷിതമാണോ എന്നു നോക്കുകയും തകരാറുകൾ പരിഹരിക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ജോലി. പുറത്തുനിന്നു നോക്കുന്പോൾ വളരെ സാധാരണവും പ്രാധാന്യമില്ലാത്തതുമായ ഒരു ജീവിതമാണ് അദ്ദേഹത്തിന്റേത്.
തന്റെ ജീവിതം ഒരു പരാജയമാണെന്ന ചിന്ത എഡ്ഡിയെ നിരന്തരം അലട്ടിക്കൊണ്ടിരുന്നു. രണ്ടാം ലേകമഹായുദ്ധത്തിൽ പങ്കെടുത്തു തടവുകാരനായി. എങ്കിലും ദൈവാനുഗ്രഹംമൂലം രക്ഷപ്പെട്ടു. വിവാഹിതനായെങ്കിലും കുട്ടികൾ ഉണ്ടായില്ല. ഒരു കാറപകടത്തിൽപ്പെട്ട ഭാര്യ പിന്നീട് ബ്രെയിൻ ട്യൂമർമൂലം മരിച്ചു. അങ്ങനെ ദുരന്തങ്ങൾ നിറഞ്ഞ ജീവിതമായിരുന്നു അദ്ദേഹത്തിന്റേത്. ഒടുവിൽ ലോകം ശ്രദ്ധിക്കാത്ത ഒരു ജോലിയിൽ തന്റെ ജീവിതം അവസാനിക്കുകയാണല്ലോ എന്ന് അദ്ദേഹം വിലപിച്ചു.
ഒരുദിവസം ഒരു കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ എഡ്ഡി മരിക്കുന്നു. തുടർന്നുള്ള കഥ അദ്ഭുതകരമായ ഒരു ആത്മീയയാത്രയായി മാറുന്നു. സ്വർഗത്തിൽ എത്തിയ എഡ്ഡി അവിടെ അഞ്ചുപേരെ കണ്ടുമുട്ടുന്നു. തന്റെ ജീവിതവുമായി ഏതെങ്കിലും രീതിയിൽ ബന്ധപ്പെട്ടവരായിരുന്നു അവർ. അവരിൽ ചിലരെ അദ്ദേഹം മറന്നുപോയി എന്നതു വേറേ കാര്യം. എന്നാൽ, അവരുമായുള്ള കണ്ടുമുട്ടൽവഴി എഡ്ഡിക്ക് ഒരു സത്യം വെളിപ്പെടുന്നു- മനുഷ്യജീവിതത്തിൽ യാതൊന്നും വ്യർഥമല്ലെന്നും ഓരോ ജീവിതവും മറ്റുള്ളവരുടെ ജീവിതത്തെ സ്പർശിക്കുന്നു എന്നും.
ഈ ലോകത്തിൽ യാദൃച്ഛികമായി ഒന്നുമില്ല എന്നതും എല്ലാവരും പരസ്പരം ബന്ധിക്കപ്പെട്ടവരാണെന്നതുമാണ് ഈ നോവലിലെ ഏറ്റവും ശക്തമായ സന്ദേശങ്ങളിൽ ഒന്ന്. എത്രയോ സത്യമായ സന്ദേശമാണിത്. പ്രശസ്തിയില്ലാത്തതിനാലോ സന്പത്തില്ലാത്തതിനാലോ വലിയ സ്ഥാനമില്ലാത്തതിനാലോ സ്വന്തം ജീവിതം വിലകുറഞ്ഞതാണെന്നു പലരും കരുതുന്നു. എന്നാൽ ദൈവത്തിന്റെ അളവുകോൽ ഏറെ വ്യത്യസ്തമാണല്ലോ.
""നിങ്ങൾ ഈ ചെറിയ സഹോദരന്മാരിൽ ഒരുത്തനു ചെയ്തതെല്ലാം എനിക്കുതന്നെയാണ് ചെയ്തത്'' (മത്താ 25:40) എന്ന് യേശു പറഞ്ഞിട്ടുണ്ട്. അതായത്, മനുഷ്യന്റെ ചെറിയ സ്നേഹപ്രവൃത്തികൾക്കുപോലും ദൈവത്തിന്റെ മുന്നിൽ നിത്യമായ മൂല്യമുണ്ട് എന്നു സാരം. ഈ സത്യമാണ് ആൽബോം തന്റെ നോവലിലൂടെ അതിമനോഹരമായി ആവിഷ്കരിച്ചിരിക്കുന്നത്. അമ്യൂസ്മെന്റ് പാർക്കിൽ എഡ്ഡി വർഷങ്ങളോളംചെയ്ത ചെറിയ ജോലികൾ അനേകം കുട്ടികളുടെ ജീവൻ രക്ഷിച്ചു എന്ന തിരിച്ചറിവാണ് സ്വർഗത്തിൽ അദ്ദേഹത്തിനു ലഭിച്ചത്. ആളുകൾ പ്രശംസിച്ചില്ലെങ്കിലും തന്റെ വിശ്വസ്തത അനേകരെ അപകടങ്ങളിൽനിന്നു രക്ഷിച്ചിരുന്നു. താൻ പരാജയമാണെന്നു കരുതിയ മനുഷ്യൻ ദൈവത്തിന്റെ കണ്ണുകളിൽ വിലപ്പെട്ടവനായിരുന്നു.
ഇന്നും എത്രയോ ആളുകളാണ് എഡ്ഡിയെപ്പോലെ ജീവിക്കുന്നത്. മക്കൾക്കുവേണ്ടി ജീവിതം ഹോമിക്കുന്ന മാതാപിതാക്കൾ. ആരും ശ്രദ്ധിക്കാതെ വിശ്വസ്തതയോടെ ചെറിയ ജോലികൾ ചെയ്യുന്ന തൊഴിലാളികൾ. വിവിധ സേവനമേഖലകളിൽ പ്രവർത്തിക്കുന്നവർ.
ഇവരിൽ പലർക്കും ജീവിതം വിലയില്ലാത്തതായി തോന്നാറുണ്ട്. എന്നാൽ സ്നേഹത്തോടെ ചെയ്യുന്ന സാധാരണ കാര്യങ്ങളിലാണ് ജീവിതത്തിന്റെ മഹത്വം അടങ്ങിയിരിക്കുന്നത് എന്നതാണു യാഥാർഥ്യം.
റഷ്യൻ സാഹിത്യകാരനായിരുന്ന ടോൾസ്റ്റോയി ഒരിക്കൽ എഴുതി: ""മനുഷ്യന്റെ യഥാർഥ മഹത്വം അവൻ എത്ര ഉയരത്തിൽ എത്തി എന്നതിലല്ല, എത്രമാത്രം സ്നേഹിച്ചു എന്നതിലാണ് അടങ്ങിയിരിക്കുന്നത്.'' നമ്മുടെ ജീവിതം ദൈവത്തിന്റെ സ്നേഹത്തിന്റെ ഉപകരണമാകുന്പോഴാണ് അത് അർഥപൂർണമാകുന്നത്.
നോവലിന്റെ അവസാനം എഡ്ഡി ഒരു മഹത്തായ സത്യം തിരിച്ചറിയുന്നു. തന്റെ ജീവിതം ഒരിക്കലും വ്യർഥമായിരുന്നില്ല എന്ന സത്യം. തന്റെ ത്യാഗങ്ങൾക്കും വേദനകൾക്കും ചെറിയ സ്നേഹപ്രവൃത്തികൾക്കുമെല്ലാം ദൈവത്തിന്റെ പദ്ധതിയിൽ വലിയ അർഥമുണ്ടായിരുന്നു എന്ന യാഥാർഥ്യം. നാമെല്ലാവരും എപ്പോഴും ഓർമിക്കേണ്ട സന്ദേശമാണിത്. ധാരാളമാളുകൾ ഏകാന്തതയിലും നിരാശയിലും തങ്ങൾ വിലകുറഞ്ഞ മനുഷ്യരാണെന്ന തെറ്റായ ചിന്തയിലും മുന്നോട്ടുപോകുന്നു.
എന്നാൽ ദൈവവചനം പഠിപ്പിക്കുന്നത് അങ്ങനെയല്ല. ഏശയ്യാ പ്രവാചകനിലൂടെ ദൈവം പറയുന്നു: ""നീ എനിക്കു വിലപ്പെട്ടവനും ബഹുമാന്യനും പ്രിയങ്കരനുമാണ്'' (ഏശ 43:4). ഏശയ്യാ പ്രവാചകൻവഴിതന്നെ ദൈവം ചോദിക്കുന്നു: ""മുലകുടിക്കുന്ന കുഞ്ഞിനെ അമ്മയ്ക്ക് മറക്കാനാവുമോ? പുത്രനോടു പെറ്റമ്മ കരുണകാണിക്കാതിരിക്കുമോ? അവൾ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല'' (49:15-16).
നാം വിലകുറഞ്ഞവരാണെങ്കിൽ നീ എനിക്കു വിലപ്പെട്ടവനാണെന്നു ദൈവം അരുൾച്ചെയ്യുമോ? നാം അവിടത്തേക്കും പ്രിയങ്കരരായിരിക്കുന്നതുകൊണ്ടല്ലേ അവിടന്ന് നമ്മെ ഒരിക്കലും മറക്കാതിരിക്കുന്നത്? അതെ, നാം സ്നേഹത്തോടെ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും അവിടന്ന് സന്തോഷപൂർവം ശ്രദ്ധിക്കുന്നുണ്ട്. അതോടൊപ്പം നാം ഓർമിക്കേണ്ട മറ്റൊരു കാര്യമുണ്ട്.
അവിടത്തെ സാദൃശ്യത്തിൽ സൃഷ്ടിക്കപ്പെട്ട നമ്മെ മറ്റാർക്കും നിറവേറ്റാനാവാത്ത ഒരു സ്നേഹദൗത്യം ഏൽപ്പിച്ചിട്ടുണ്ട് എന്ന കാര്യം. ഇക്കാര്യം ഓർമിച്ച് നാം സ്നേഹത്തോടെ ചെയ്യുന്ന ചെറിയ പ്രവൃത്തികൾപോലും നിത്യതയിൽ പ്രതിധ്വനിക്കുമെന്നത് എപ്പോഴും നമ്മുടെ ഓർമയിൽ ഉണ്ടായിരിക്കട്ടെ.