National
ന്യൂഡൽഹി: എത്യോപ്യയിലെ എര്ട്ട എയ്ൽ മേഖലയിലെ ഹയ്ലി ഗുബ്ബി അഗ്നിപര്വത സ്ഫോടനത്തെത്തുടർന്നുണ്ടായ പുകപടലത്തിന്റെ ഭീഷണിയിൽനിന്ന് ഇന്ത്യ മുക്തമായതായി ദേശീയ കാലാവസ്ഥാ കേന്ദ്രം. ഇന്നലെ രാത്രിയോടെ ചാരമേഘങ്ങൾ ചൈനയിലേക്കു നീങ്ങിയെന്നും അധികൃതർ അറിയിച്ചു.
അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് ചാരവും സള്ഫര് ഡയോക്സൈഡും അടങ്ങിയ കൂറ്റന് പുകപടലം ഞായറാഴ്ച മുതലാണു പുറത്തേക്ക് വമിച്ചുതുടങ്ങിയത്. തിങ്കളാഴ്ച ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, പഞ്ചാബ് സംസ്ഥാനങ്ങളുടെ ആകാശത്തും പുകപടലം പരന്നു. ഇതോടെ കേരളത്തിലേക്കുള്ളതടക്കം നിരവധി വിമാനസർവീസുകൾ റദ്ദാക്കിയിരുന്നു. സർവീസുകൾക്ക് തടസമുണ്ടാകാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും അധികൃതർ ജാഗ്രതാനിർദേശം നൽകിയിരുന്നു.
ഏകദേശം 12,000 വർഷത്തിനിടെ ആദ്യമായാണ് ഹയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്. എത്യോപ്യയിലെ അഫാർ മേഖലയിലുള്ള ഈ അഗ്നിപർവത സ്ഫോടനത്തിൽ ആളപായമുണ്ടായില്ലെങ്കിലും സമീപത്തെ അഫ്ദെറ ഗ്രാമം മുഴുവൻ ചാരത്തിൽ മൂടിപ്പോയി. നൂറുകണക്കിന് വളർത്തുമൃഗങ്ങൾ ചത്തു.
സ്ഫോടനം എർത അലെ, അഫ്ദെറ ടൗൺ എന്നിവിടങ്ങളിൽ ചെറിയ ഭൂചലനങ്ങൾക്കും കാരണമായി. സ്ഫോടനത്തെത്തുടർന്ന് അന്തരീക്ഷത്തിലേക്കുയർന്ന കട്ടിയുള്ള ചാരത്തിന്റെ കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിക്കുകയും ഉത്തരേന്ത്യയിലേക്ക് നീങ്ങിയെത്തുകയുമായിരുന്നു.
അഗ്നിപർവത ചാരം വിമാന എൻജിനുകൾക്ക് ഗുരുതരമായ തകരാറുണ്ടാക്കാൻ സാധ്യതയുള്ളതിനാലാണ് ആകാശ എയർ, ഇൻഡിഗോ തുടങ്ങിയ വിവിധ വിമാനക്കമ്പനികൾ തങ്ങളുടെ സർവീസുകൾ റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തത്.
National
ന്യൂഡൽഹി: എത്യോപ്യയിലെ അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ കൊച്ചിയിലേക്ക് ഉൾപ്പെടെയുള്ള വിവിധ വിമാന സർവീസുകൾ റദ്ദാക്കി. സ്ഫോടനത്തിന് പിന്നാലെ രൂപപ്പെട്ട കരിമേഘ പടലം ഉത്തരേന്ത്യയിലേക്ക് നീങ്ങുന്നതിനാലാണ് നടപടി.
കരിമേഘ പടലം വിമാന സർവീസുകൾക്ക് തടസം സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ ഇന്ത്യൻ വിമാനക്കമ്പനികൾക്കും വിമാനത്താവളങ്ങൾക്കും ജാഗ്രത നിർദേശം നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് എത്യോപ്യയിലെ ഹെയ്ലി ഗുബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
അഗ്നിപർവത സ്ഫോടനത്തിന് പിന്നാലെ അന്തരീക്ഷത്തിലേക്കുയർന്ന കരിമേഘ പടലം ചെങ്കടൽ കടന്ന് യെമൻ, ഒമാൻ എന്നിവിടങ്ങളിലൂടെ വടക്കൻ അറബിക്കടലിലേക്ക് വ്യാപിച്ചിട്ടുണ്ട്. അറബിക്കടലിൽ നിന്ന് കരിമേഘ പടലം ഹരിയാന, ഡൽഹി, യുപി എന്നിവിടങ്ങളിലേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ.
National
അഹമ്മദാബാദ്: എത്യോപ്യയിലുണ്ടായ അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് കണ്ണൂർ-അബുദാബി ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കി. ഞായറാഴ്ചയാണ് ഹെയ്ലി ഗുബ്ബി അഗ്നിപർവതം പൊട്ടിത്തെറിച്ചത്.
തുടർന്ന് ഉയരുന്ന പുക വിമാനങ്ങളുടെ പാതയ്ക്ക് ഭീഷണിയായി. ഇതോടെ 6ഇ 1433 എന്ന ഇൻഡിഗോ വിമാനം അഹമ്മദാബാദിലിറക്കുകയായിരുന്നു. ചില വിമാനങ്ങൾ പുകമഞ്ഞ് ഒഴിവാക്കാൻ റൂട്ടുകൾ പുനക്രമീകരിച്ചു.
അന്താരാഷ്ട്ര വ്യോമയാന പ്രോട്ടോകോൾ പ്രകാരം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആകാശ എയർ പറഞ്ഞു. യാത്രക്കാരുടെ സുരക്ഷയ്ക്കാണ് ഏറ്റവും മുൻഗണന നൽകുന്നതെന്നും ആകാശ അറിയിച്ചു.
എത്യോപ്യയിലെ എർട്ട എയ്ൽ മേഖലയിലാണ് അഗ്നിപർവതം സ്ഥിതിചെയ്യുന്നത്. ചാരവും സൾഫർ ഡയോക്സൈഡും അടങ്ങിയ കൂറ്റൻ പുകപടലങ്ങളാണ് ഞായറാഴ്ച രാവിലെ മുതൽ ഇതിൽനിന്നുയരുന്നത്.
പത്തു മുതൽ 15 കിലോമീറ്റർവരെ ഉയരത്തിലെത്തുന്ന ഈ പുകപടലങ്ങൾ ചെങ്കടലിന് കുറുകേ കിഴക്കോട്ടാണ് നീങ്ങുന്നത്. ഒമാൻ, യെമൻ തുടങ്ങിയ രാജ്യങ്ങളിലെ പ്രദേശങ്ങളെ ഈ ചാരമേഘങ്ങൾ ഇതിനകം തന്നെ ബാധിച്ചിട്ടുണ്ട്.
International
കെയ്റോ: കോപ്റ്റിക് ഓര്ത്തഡോക്സ് സഭാധ്യക്ഷന് പോപ്പ് തവാദ്രോസ് രണ്ടാമനുമായി മലങ്കര ഓര്ത്തഡോക്സ് സഭാധ്യക്ഷന് ബസേലിയോസ് മാര്ത്തോമ്മാ മാത്യൂസ് തൃതീയന് കാതോലിക്കാബാവ കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയില് മലങ്കര സഭാ തര്ക്കവും ചര്ച്ചയായി.
ഭാരതത്തിന്റെ പരമോന്നത കോടതി അന്തിമവിധി പ്രഖ്യാപിച്ചശേഷവും ശാശ്വത സമാധാനം പൂര്ണമായിട്ടില്ലെന്ന വസ്തുത ബോധ്യപ്പെടുത്താന് മലങ്കര ഓര്ത്തഡോക്സ് സഭ പ്രതിജ്ഞാബദ്ധമാണെന്നും അല്ലാത്തപക്ഷം രാജ്യത്തിന്റെ കോടതിവിധികളുടെ അന്തഃസത്ത ലോകത്തിനു മുന്നില് ചോദ്യം ചെയ്യപ്പെടുമെന്നും മലങ്കര ഓര്ത്തഡോക്സ് സഭ വ്യക്തമാക്കി.
മലങ്കരയില് ശ്വാശത സമാധാനമുണ്ടാകണമെന്ന് ഓര്ത്തഡോക്സ് സഭയെപ്പോലെ കോപ്റ്റിക് സഭയും ആഗ്രഹിക്കുന്നു. സമാധാനത്തിലേക്കുള്ള വാതില് മലങ്കര ഓര്ത്തഡോക്സ് സഭ എപ്പോഴും തുറന്നിട്ടിരിക്കുകയാണ്. ഇക്കാര്യം ഒരിക്കല്ക്കൂടി തവാദ്രോസിനെ അറിയിക്കാന് കൂടിക്കാഴ്ചയില് സാധിച്ചുവെന്നും മലങ്കര ഓര്ത്തഡോക്സ് സഭ വ്യക്തമാക്കി.
എത്യോപ്യയില് ഓര്ത്തഡോക്സ് ക്രൈസ്തവര്ക്കു നേരേ നടക്കുന്ന വംശഹത്യയില് മലങ്കര ഓര്ത്തഡോക്സ് സഭയ്ക്കുള്ള വേദന കോപ്റ്റിക് സഭാ തലവനുമായി പങ്കുവച്ചു.
സഭയുടെ എക്യുമെനിക്കല് ഡിപ്പാര്ട്ട്മെന്റിനെ പ്രതിനിധീകരിച്ച് ഏബ്രഹാം മാര് സ്തേഫാനോസ് മെത്രാപ്പോലീത്ത, ഫാ. അശ്വിന് ഫെര്ണാണ്ടസ് എന്നിവരും സഭാ വര്ക്കിംഗ് കമ്മിറ്റി അംഗം ജേക്കബ് മാത്യു, ഫാ. ഗീവര്ഗീസ് ജോണ്സണ് എന്നിവരും കോപ്റ്റിക് സഭാ തലവന്റെ കെയ്റോയിലെ ഔദ്യോഗിക വസതിയില് നടന്ന കൂടിക്കാഴ്ചയില് കാതോലിക്കാ ബാവായ്ക്കൊപ്പം പങ്കെടുത്തു.
Business
തിരുവനന്തപുരം: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ’ഹംഗർ ഫ്രീ വേൾഡ്’ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നു. ഇന്ത്യയിലും സാംബിയയിലും ഏറെ ശ്രദ്ധ കൈവരിച്ചതിനു പിന്നാലെയാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വളർച്ചയുടെ അടുത്ത ഘട്ടമായി ഈ പദ്ധതി എത്യോപ്യയിലേക്കും വ്യാപിപ്പിക്കുന്നത്.
നിയമപരമായി ഇന്ത്യയിൽ നിർബന്ധിതമാക്കിയ സിഎസ്ആർ വിഹിതത്തിന്റെ ഇരട്ടിയിലധികം തുക, അതായത് ലാഭത്തിന്റെ അഞ്ചു ശതമാനം സ്ഥിരമായി നിക്ഷേപിക്കുന്നതിലൂടെയാണ് ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നത്.
ദുബായ് ഗോൾഡ് സൂക്കിലെ മലബാർ ഇന്റർനാഷണൽ ഹബ്ബിൽ നടന്ന ചടങ്ങിൽ മലബാർ ഗ്രൂപ്പ് വൈസ് ചെയർമാൻ കെ.പി. അബ്ദുൾ സലാം ദുബായിലെ എത്യോപ്യ കോണ്സൽ ജനറൽ അസ്മെലാഷ് ബെക്കെലെയ്ക്ക് ലെറ്റർ ഓഫ് ഇന്റന്റ് ഔദ്യോഗികമായി കൈമാറിയാണ് പ്രഖ്യാപനം നടത്തിയത്. ചടങ്ങിൽ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് മാനേജ്മെന്റ് ടീമിലെ മുതിർന്ന അംഗങ്ങൾ പങ്കെടുത്തു.
ഹംഗർ ഫ്രീ വേൾഡ് പദ്ധതിയിലൂടെ നിലവിൽ ആഗോളതലത്തിൽ 119 ലൊക്കേഷനുകളിൽ നിത്യേന 1,15,000 പേർക്കുള്ള പോഷകസമൃദ്ധമായ ഭക്ഷണം നൽകിവരുന്നു. സാംബിയയിലെ മൂന്നു സ്കൂളുകളിലായി 2024 മേയ് മുതൽ ഒന്പതു ലക്ഷം ഭക്ഷണപ്പൊതികൾ വിതരണം ചെയ്തിട്ടുണ്ട്. ഇത് ഫലം കണ്ടതിനെ തുടർന്ന് എത്യോപ്യയിലേക്കുകൂടി ഈ പദ്ധതി വ്യാപിപ്പിക്കുകയായിരുന്നു.