കൊച്ചി: ഏറ്റവുമധികം സുരക്ഷിതരായിരിക്കേണ്ട വീടുകളില്‍പോലും കുഞ്ഞുങ്ങള്‍ക്കു സുരക്ഷയില്ലെന്ന ഞെട്ടിക്കുന്ന കണക്കുകള്‍. സംസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ കണക്കുകള്‍ പുറത്തുകൊണ്ടുവരുന്നതു കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ഞെട്ടിക്കുന്ന യാഥാര്‍ഥ്യങ്ങളാണ്.
പോക്സോ കേസുകളിലെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വസ്തുതകളിലൊന്ന് അതിക്രമങ്ങള്‍ നടക്കുന്ന ഇടങ്ങളാണ്. 22 ശതമാനം കേസുകളിലും അതിജീവിതരുടെ സ്വന്തം വീടുകളിലാണ് ലൈംഗികാതിക്രമം നടന്നത്. 13 ശതമാനം കേസുകളില്‍ പ്രതികളുടെ വീടുകളിലായിരുന്നു അതിക്രമം. പൊതുസ്ഥലങ്ങളില്‍ പത്തു ശതമാനം കേസുകളും ഒന്നിലധികം ഇടങ്ങളിലായി നാലു ശതമാനം കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വാഹനങ്ങളില്‍ മൂന്നു ശതമാനം കേസുകളും സ്കൂളുകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിലും രണ്ടു ശതമാനം വീതം കേസുകളും റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മതസ്ഥാപനങ്ങള്‍, ആശുപത്രികള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍ എന്നിവിടങ്ങളിലും അതിക്രമങ്ങള്‍ നടന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. ഹോസ്റ്റലുകള്‍, സൈബര്‍ ഇടങ്ങള്‍, ബന്ധുക്കളുടെ വീടുകള്‍, കടകള്‍, ട്യൂഷന് സെന്ററുകള്‍, ഓഡിറ്റോറിയങ്ങള്‍, സ്റ്റേഡിയങ്ങള്‍ തുടങ്ങിയ ഇടങ്ങളും പട്ടികയിലുണ്ട്. 27 ശതമാനം കേസുകളില്‍ അതിക്രമം നടന്ന സ്ഥലം വ്യക്തമല്ല.
55 ശതമാനം പേരും കൗമാരക്കാര്‍
പോക്സോ കേസ് അതിജീവിതരില്‍ 55 ശതമാനം പേരും കൗമാരക്കാണ്. അതിജീവിതരില്‍ 2,666 പേര്, അതായത് 55 ശതമാനം 15 - 18 പ്രായപരിധിയിലുള്ളവരാണ്. 10-14 പ്രായത്തിലുള്ള 1,566 കുട്ടികളും അതിക്രമത്തിന് ഇരയായി. അഞ്ചു മുതല്‍ ഒന്‍പത് വയസുവരെയുള്ള 421 കുട്ടികളും നാലു വയസില്‍ താഴെയുള്ള 94 കുഞ്ഞുങ്ങളും ഇരകളുടെ പട്ടികയിലുണ്ട്. 71 പേരുടെ പ്രായം വ്യക്തമല്ല.
സംസ്ഥാന ക്രൈം റിക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 2025ല്‍ സംസ്ഥാനത്ത് 4,765 പോക്സോ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ഈ കേസുകളില്‍ 4,818 പേര് അതിജീവിതായി. ഇവരില്‍ 86 ശതമാനം പെണ്‍കുട്ടികളും 13 ശതമാനം ആണ്‍കുട്ടികളുമാണ്. ഒരു ശതമാനത്തിന്റെ ലിംഗവിവരം ലഭ്യമല്ല. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം പെണ്‍കുട്ടികളില്‍ മാത്രം ഒതുങ്ങുന്നില്ലെന്നതും കണക്കുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ വര്‍ഷം റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളില്‍ 5,234 പേരാണ് പ്രതികളായത്. ഇതില്‍ 16 ശതമാനം കമിതാക്കളും, 16 ശതമാനം പരിചിതരുമാണ്. അയല്‍ക്കാര്‍ 11 ശതമാനവും കുടുംബാംഗങ്ങള്‍ ഒന്‍പതു ശതമാനവും സുഹൃത്തുക്കള്‍ ഒന്‍പതു ശതമാനവും ബന്ധുക്കള്‍ എട്ടു ശതമാനവും പ്രതിപ്പട്ടികയിലുണ്ട്. അധ്യാപകര്‍ രണ്ടു ശതമാനവും ഡ്രൈവര്‍മാര്‍ ഒരു ശതമാനവും പ്രതികളായിട്ടുണ്ട്. ഏഴു ശതമാനം കേസുകളില്‍ പ്രതികള്‍ അപരിചിതരാണ്. പ്രതികളുമായുള്ള ബന്ധം വ്യക്തമല്ലാത്തവര്‍ 21 ശതമാനമാണ്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കേണ്ട കുടുംബവും സമൂഹവും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഒരുപോലെ ഗൗരവത്തോടെ കാണേണ്ടതാണ് ഈ കണക്കുകള്‍.