പാർട്ടികളും യോഗങ്ങളും മറ്റ് പരിപാടികളും സംഘടിപ്പിക്കുന്നത് കൂടുതൽ എളുപ്പമാക്കാൻ വൻ മാറ്റങ്ങളോടെ വാട്സാപ്പ്. പുതിയ അപ്ഡേറ്റിലൂടെ, വാട്സാപ്പ് അക്കൗണ്ടില്ലാത്ത സുഹൃത്തുക്കളെപ്പോലും ഇനി ഇവന്റുകളിലേക്ക് ക്ഷണിക്കാൻ സാധിക്കും. കൂടാതെ, ഇവന്റുകൾ കൈകാര്യം ചെയ്യുന്നതിനായി 'ഇവന്റ്സ് ഹോം' എന്ന പ്രത്യേക വിഭാഗവും ആപ്പിൽ അവതരിപ്പിച്ചിട്ടുണ്ട്.
ഇനി മുതൽ ഇവന്റ് ക്രിയേറ്റ് ചെയ്ത ശേഷം അതിന്റെ വെബ് ലിങ്ക് ആർക്കും അയച്ചുനൽകാം. വാട്സാപ്പ് ഉപയോഗിക്കാത്തവർ ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇവന്റ് വിവരങ്ങൾ കാണാനും 'Going', 'Maybe', 'Not going' എന്നീ ഓപ്ഷനുകളിലൂടെ പ്രതികരിക്കാനും സാധിക്കും. ഇതിനായി പേരും മൊബൈൽ നമ്പറും മാത്രം നൽകിയാൽ മതിയെന്നതിനാൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.
നിരവധി ഗ്രൂപ്പുകളിലെ ഇവന്റുകൾ ഒരേസമയം ട്രാക്ക് ചെയ്യുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാൻ Settings > Events എന്ന ഭാഗത്ത് പുതിയ ഹബ് ലഭ്യമാകും. ഇവിടെ നിങ്ങൾ സംഘടിപ്പിച്ചതും ക്ഷണിക്കപ്പെട്ടതുമായ എല്ലാ പഴയതും പുതിയതുമായ ഇവന്റുകൾ ഒരിടത്ത് കാണാം. അതിഥികൾക്ക് കൂടെ ഒരാളെക്കൂടി കൊണ്ടുവരാനുള്ള അനുമതി നൽകാനും, കസ്റ്റം റിമൈൻഡറുകൾ സെറ്റ് ചെയ്യാനും സംഘാടകർക്ക് സാധിക്കും.
അക്കൗണ്ടില്ലാത്തവർക്ക് ലിങ്ക് അയക്കുമ്പോൾ നിങ്ങളുടെ ഫോൺ നമ്പർ അവർക്ക് കാണാൻ സാധിക്കില്ല. കൂടാതെ, ക്ഷണം സ്വീകരിച്ച് RSVP നൽകിയാൽ മാത്രമേ പരിപാടി നടക്കുന്ന കൃത്യമായ സ്ഥലം അവർക്ക് കാണാൻ സാധിക്കൂ. ഇതിലൂടെ അപരിചിതരിലേക്ക് നിങ്ങളുടെ വ്യക്തിഗത വിവരങ്ങളോ ലൊക്കേഷനോ ചോരുന്നത് തടയാൻ സാധിക്കും.
വരും ആഴ്ചകളിൽ ഈ ഫീച്ചറുകൾ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമായിത്തുടങ്ങുമെന്ന് വാട്സാപ്പ് അറിയിച്ചു.