മാന്തുരുത്തി: മാന്തുരുത്തി കവലയിൽ എത്തുന്നവരുടെ ശ്രദ്ധയ്ക്ക് നിങ്ങളുടെ ശിരസിനു മുകളിൽ -ഡെമോക്ലീഷന്റെ വാൾ- പോലൊരു അപകടം പതിയിരുപ്പുണ്ട്. 7 വർഷം മുമ്പ് ജംഗ്ഷനിൽ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഹോൾഡറുകൾ തുരുമ്പു വ്യാപിച്ച് ദ്രവിച്ച അവസ്ഥയിലാണ്. ഇത് ഏതു നിമിഷവും നിലംപൊത്താവുന്ന സ്ഥിതിയിലായിട്ട് നാളുകളായി. സ്ഥാപിച്ച് ഏതാനും നാളുകൾക്കുള്ളിൽത്തന്നെ ഇത് പ്രവർത്തനരഹിതമായി. മാന്തുരുത്തി ജംഗ്ഷനിലെ നെടുംകുന്നം പഞ്ചായത്തു പ്രദേശത്താണ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.
തുരുമ്പുപിടിച്ചു അടർന്നു താഴേക്കു പതിക്കുന്ന നിലയിൽ ആയിട്ടും ഇതിന്റെ തകരാർ പരിഹരിക്കാനോ, അപകടാവസ്ഥയിലായ ഉപകരണങ്ങൾ നീക്കം ചെയ്യാനോ പഞ്ചായത്ത് നടപടികൾ സ്വീകരിക്കുന്നില്ല എന്ന് നാട്ടുകാർ പറയുന്നു.
ജംഗ്ഷനിലെ തിരക്കേറിയ ഭാഗത്തുള്ള ഈ പോസ്റ്റിൽനിന്നും ഇതിന്റെ ഭാഗങ്ങൾ അടർന്ന് ഏതു നിമിഷവും മനുഷ്യരുടെ തലയിലോ വാഹനങ്ങൾക്ക് മുകളിലോ, പതിക്കാവുന്ന അവസ്ഥയിൽ ആണ്. ഭീതിയോടെയാണ് ജനങ്ങൾ ഇതിന്റെ സമീപത്തുകൂടി സഞ്ചരിക്കുന്നത്.