ജറൂസലേം: കത്തോലിക്കാസഭയുടെ ഔദ്യോഗിക സന്നദ്ധസംഘടനയായ കാരിത്താസിന് കൂടുതൽ പ്രവര്‍ത്തനസ്വാതന്ത്ര്യം അനുവദിക്കാൻ ഇസ്രയേൽ സർക്കാർ തീരുമാനിച്ചു.
ഗാസ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ജറൂസലെമിലും ഗാസ പ്രദേശങ്ങളിലും പ്രവർത്തിച്ചുവന്നിരുന്ന വിവിധ സന്നദ്ധ, സഹായ സംഘടനകൾക്കും വിദേശികൾക്കും പ്രത്യേക നിബന്ധനകളും നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരുന്നു. ഈ നിയന്ത്രണങ്ങളിൽനിന്നാണ് കാരിത്താസ് സംഘടനയെ ഒഴിവാക്കിയത്.
തങ്ങളുടെ നൈയാമിക, ഭരണഘടനാപരമായ നില സംബന്ധിച്ച് ഇസ്രേലി സർക്കാർ കൂടുതൽ കൃത്യത വരുത്തിയതായി കാരിത്താസ് അറിയിച്ചു. പുതിയ തീരുമാനപ്രകാരം ഇസ്രയേൽ സർക്കാർ സംഘടനകളോടും വിദേശികളോടും ആവശ്യപ്പെട്ടിരുന്ന പുതുക്കിയ രജിസ്ട്രേഷൻ കാരിത്താസ് സംഘടനയ്ക്ക് ആവശ്യമുണ്ടാകില്ല.
സർക്കാർ തീരുമാനത്തെ സ്വാഗതം ചെയ്ത കാരിത്താസ് ജറൂസലെം, ഇതിനുപിന്നിൽ പ്രവർത്തിച്ചവർക്ക് നന്ദി പറഞ്ഞു. മാനുഷിക പ്രതിസന്ധി രൂക്ഷമായ വിവിധയിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ജനങ്ങൾക്ക് ആശ്വാസമേകാനുള്ള ഒരു വഴിയാണ് ഈ തീരുമാനം തുറക്കുന്നതെന്നും സംഘടന അറിയിച്ചു.
സുരക്ഷാകാരണങ്ങളാൽ ആവശ്യമായ അനുമതികൾ ഇല്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഗാസയിലും വെസ്റ്റ് ബാങ്കിലും പ്രവർത്തിക്കുന്ന 30ലധികം സംഘടനകൾക്കു നിയന്ത്രണമേർപ്പെടുത്താൻ ജനുവരി ആദ്യവാരമാണ് ഇസ്രയേൽ സർക്കാർ തീരുമാനിച്ചത്.