ഒറ്റപ്പാലം: ഇനി ബഹിരാകാശത്തും ഒറ്റപ്പാലംപെരുമ. ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിയെന്ന അഭിമാനനേട്ടത്തിന്റെ പിടവാതിലിലാണ് നാസയിലെ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ.
ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിന്റെ പ്രഥമ മലയാളി പ്രസിഡന്റ് സർ സി. ശങ്കരൻനായരുടെ പേരക്കുട്ടിയുടെ പേരക്കുട്ടിയാണ് ഡോ. അനിൽ മേനോൻ. ഡോ. അനിലിന്റെ തായ്വേര് ഒറ്റപ്പാലത്താണ്.
ചൊവ്വാഴ്ച കസാക്കിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽനിന്ന് സോയൂസ് എംഎസ് 29 പേടകത്തിൽ രാജ്യാന്തര ബഹിരാകാശനിലയത്തിലേക്ക് അനിൽ മേനോൻ കുതിക്കും.
ഇന്ത്യൻ-അമേരിക്കൻ ഫിസിഷ്യനും എൻജിനീയറും സൈനിക ഉദ്യോഗസ്ഥനുമായ അനിൽ മേനോൻ എട്ടു മാസത്തോളം ബഹിരാകാശത്ത് കഴിയും. രണ്ടു റഷ്യൻ ശാസ്ത്രജ്ഞരും ദൗത്യത്തിന്റെ ഭാഗമാകും. പാതി മലയാളിയായ അനിൽ ജനിച്ചതും വളർന്നതും അമേരിക്കയിലാണ്.
അനിലിന്റെ പിതാവ് ശങ്കരൻ മേനോൻ ചേറ്റൂർ കുടുംബാംഗമാണ്. ഹാർവാർഡിൽനിന്നു ന്യൂറോബയോളജിയിൽ ബിരുദംനേടിയ അനിൽ സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് മെഡിക്കൽ ബിരുദവും മെക്കാനിക്കൽ എൻജിനിയറിംഗിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്.
സ്പേസ് എക്സിന്റെ ആദ്യ ഫ്ളൈറ്റ് സർജനും മെഡിക്കൽ ഡയറക്ടറുമായിരുന്നു. യുഎസ് വ്യോമസേനയിൽ കേണൽ ആയിരുന്നു. 2014ലാണ് അനിൽ മേനോൻ നാസയിൽ ഫ്ളൈറ്റ് സർജനായെത്തുന്നത്. എമർജൻസി മെഡിസിൻ വിഭാഗം ഡോക്ടറായ അദ്ദേഹം ബഹിരാകാശ ഗവേഷകരുടെ ആരോഗ്യ പരിപാലനവുമായി ബന്ധപ്പെട്ടാണു പ്രവർത്തിച്ചിരുന്നത്.
ബഹിരാകാശദൗത്യവുമായി ബന്ധപ്പെട്ട പരിശീലനങ്ങളുടെ അവസാനഘട്ടത്തിലാണ് അനിൽ. ചാന്ദ്ര, ചൊവ്വ ഗവേഷണത്തിലാകും രാജ്യാന്തര ബഹിരാകാശനിലയത്തിൽ അദ്ദേഹമടക്കമുള്ള സംഘം ഏർപ്പെടുന്നത്.
ദൗത്യം പൂർത്തിയാക്കിയ ഡോക്ടർ അനിൽ ഒറ്റപ്പാലത്ത് എത്തുന്പോൾ വൻ സ്വീകരണം നൽകുമെന്നു ചേറ്റൂർ ശങ്കരൻ നായർ ട്രസ്റ്റ് സെക്രട്ടറി ഇ.പി. ചിത്രേഷ് നായർ പറഞ്ഞു.