വെള്ളൂർ : ആധുനിക കാലത്തെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് കേരള പേപ്പർ പ്രോഡക്ട്സ് ലിമിറ്റഡ് (കെപിപിഎൽ) വൈവിധ്യവത്കരണത്തിലേക്കും പ്രവർത്തന വിപുലീകരണത്തിലേക്കും കടക്കുന്നതെന്ന് മന്ത്രി പി. രാജീവ്. വെള്ളൂർ കെപിപിഎല്ലിന്റെ ഉത്പാദനശേഷി വർധിപ്പിക്കൽ, ഉത്പന്നങ്ങളുടെ വൈവിധ്യവത്കരണം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചെറുപ്പക്കാർക്ക് ഇവിടെത്തന്നെ തൊഴിൽ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. നിലവിലുള്ള ഉത്പാദന പ്ലാന്റിന്റെ ആധുനികവത്കരണത്തിന് 100 കോടിയോളം രൂപയാണ് വിനിയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിച്ചു. ഫ്രാൻസിസ് ജോർജ് എംപി, എംഎൽഎമാരായ സി.കെ.ആശ, മോൻസ് ജോസഫ്, കെപിപിഎൽ ചെയർമാനും വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുമായ എ.പി.എം. മുഹമ്മദ് ഹനീഷ്, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ വർഗീസ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സാജിത യൂസഫ്, ജിജി സുരേഷ്, ജില്ലാ പഞ്ചായത്തംഗം വിജയമ്മബാബു, വെള്ളൂർ പഞ്ചായത്ത് ടി.വി. ബേബി, കെപിപിഎൽ മാനേജിംഗ് ഡയറക്ടർ പ്രസാദ് ബാലകൃഷ്ണൻ നായർ, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത് കുമാർ, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ടി.ആർ. രഘുനാഥ് എന്നിവർ പങ്കെടുത്തു.
741 കോടി മുതൽ മുടക്കുള്ള വികസന പ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ ഓഹരി പങ്കാളിത്തമായി 175 കോടി രൂപയും വ്യവസായ വികസന കോർപറഷന്റെ (കെഎസ്ഐഡിസി) ഓഹരി പങ്കാളിത്തമായി 25 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്. 541 കോടി രൂപ ബാങ്കുകളുടെ കൺസോർഷ്യം വഴി ലഭ്യമാക്കും.
കടലാസ് ഉത്പന്നങ്ങളുടെ നിർമാണത്തിലേക്ക് കടന്നുകൊണ്ടാണ് ഉൽപാദനം വിപുലീകരിക്കുന്നത്. സ്പെഷാലിറ്റി പേപ്പറുകളും ഉയർന്ന നിലവാരത്തിലുള്ള പാക്കേജിംഗ് പേപ്പറുകളും പദ്ധതിയുടെ ഭാഗമായി നിർമിക്കും. പേപ്പർ ഉത്പന്നങ്ങളുടെ വർധിച്ചുവരുന്ന ആവശ്യകത മുന്നിൽക്കണ്ടാണ് കെപിപിഎൽ പുതിയ ഘട്ടത്തിലേക്ക് ചുവടുവയ്ക്കുന്നത്. സ്പെഷാൽറ്റി ഗ്രേഡുകളുടെയും ഗുണമേന്മയുള്ള പാക്കേജിംഗ് ഗ്രേഡുകളുടെയും എഴുതുന്നതിനും പ്രിന്റ് ചെയ്യുന്നതിനുമുള്ള പേപ്പറുകളുടെയും ഉയർന്ന തോതിലുള്ള ആവശ്യകത പരിഗണിച്ച് ഒരു പേപ്പർ ക്ലസ്റ്റർ രൂപീകരിച്ച് സാധ്യതകളെ പൂർണമായി ഉപയോഗിക്കുകയാണ് ലക്ഷ്യം.