കൽപ്പറ്റ: വയനാട് ടൗണ്‍ഷിപ്പിൽ നിർമാണം അവസാനഘട്ടത്തിൽ എത്തിനിൽക്കുന്ന വീടുകളിൽ വിള്ളൽ കണ്ടെത്തിയത് ദുരന്തബാധിതരെ ആശങ്കയിലാഴ്ത്തുന്നു.
ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിൽ രണ്ടു വീടുകൾക്കാണ് നിലവിൽ വിള്ളൽ ദൃശ്യമായിരിക്കുന്നത്. ഇതോടെ ഈ മാസവും ടൗണ്‍ഷിപ്പ് താമസയോഗ്യമാകില്ലെന്നാണു ലഭിക്കുന്ന വിവരം.
തനിക്ക് ലഭിച്ച വീടിന്റെ മേൽക്കൂരയിൽ വിള്ളലുണ്ടെന്നും മഴ പെയ്തപ്പോൾ വെള്ളം ചോർന്നിറങ്ങിയെന്നും ചൂരൽമല സ്വദേശിയായ നൗഫൽ പരാതിപ്പെട്ടു.
കൈമാറിയ ഭൂരിഭാഗം വീടുകളും നിലവിൽ താമസയോഗ്യമല്ലെന്ന വിമർശനവും ഉയരുന്നുണ്ട്. 178 വീടുകളെങ്കിലും എത്രയും വേഗം പൂർത്തീകരിച്ച് നൽകണമെന്നാണു ദുരന്തബാധിതരുടെ ആവശ്യം.