കൊച്ചി: പോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന പോളിംഗ് ഉദ്യോഗസ്ഥര്‍ക്കു വോട്ടെണ്ണലിനു മുമ്പ് പോസ്റ്റല്‍ വോട്ടുകള്‍ രേഖപ്പെടുത്താന്‍ സൗകര്യമൊരുക്കാനാകുമോ എന്ന് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷന് ചൊവ്വാഴ്ചയ്ക്കകം വിശദീകരണം നല്‍കാനാണു കോടതി നിര്‍ദേശം.
പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ലഭ്യമാക്കിയില്ലെന്നാരോപിച്ച് എന്‍ജിഒ യൂണിയനും ഒരുകൂട്ടം ഉദ്യോഗസ്ഥരും ഫയല്‍ ചെയ്ത ഹര്‍ജികളിലാണ് വിശദീകരണം.
1961ലെ തെരഞ്ഞെടുപ്പ് നടത്തിപ്പ് ചട്ടങ്ങളിലെ 27-ാം വ്യവസ്ഥയനുസരിച്ച് വോട്ടണ്ണലിന് മൂന്ന് മണിക്കൂര്‍ മുമ്പ് വരെ പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നുണ്ടെന്നു ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് കോടതി ഇത് സാധ്യമാണോ എന്നറിയിക്കാന്‍ നിര്‍ദേശിച്ചത്. എന്നാല്‍, പോസ്റ്റല്‍ വോട്ടിന് ഇനി സൗകര്യം ഒരുക്കാനാകില്ലെന്ന് വ്യക്തമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന് നേരത്തേ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിച്ച എല്ലാവര്ക്കും വോട്ട് ചെയ്യാനുള്ള സൗകര്യം ഉറപ്പാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ഇനിയും വോട്ട് ചെയ്യാത്തവര്‍ക്കായി പോസ്റ്റല്‍ ബാലറ്റുകള്‍ വിതരണം ചെയ്യുന്നതും വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളടക്കം പുനഃസ്ഥാപിക്കുന്നതും തെരഞ്ഞെടുപ്പ് നടപടികളെ ബാധിക്കുമെന്ന് കമ്മീഷന് ഹൈക്കോടതിയില്‍ നേരത്തെ നല്കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു.ഹര്‍ജി 28 ന് വീണ്ടും പരിഗണിക്കും.