തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ട് വകമാറ്റലില്‍ വിശദീകരണവുമായി മുന്‍ മുഖ്യമന്ത്രി പിണറായി വിജയൻ. സിഎംഡിആർഎഫ് സുരക്ഷിതമാണെന്നും സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെയുമാണെന്നുമാണ് പിണറായി വിജയൻ വിശദീകരിക്കുന്നത്. റിപ്പോർട്ടിനെ രാഷ്ട്രീയമായി ദുരുപയോഗം ചെയ്യുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു.
സാമ്പത്തിക വർഷാവസാനം നടക്കുന്ന പതിവ് ക്രമീകരണം മാത്രമാണ് നടന്നത്. ട്രഷറി സേവിംഗ്സ് അക്കൗണ്ടിൽ നിന്ന് കൺസോളിഡേറ്റഡ് ഫണ്ടിലേക്ക് ഉപയോഗിക്കാത്ത തുക മാറ്റുകയായിരുന്നു. ഇത് വകമാറ്റൽ എന്ന വ്യാഖ്യാനം നിർഭാഗ്യകരമാണെന്നും പിണറായി വിജയൻ പത്രക്കുറിപ്പില്‍ പറഞ്ഞു.
ഓരോ സാമ്പത്തിക വര്‍ഷാവസാനവും മാര്‍ച്ച് 31ന് സര്‍ക്കാര്‍ വകുപ്പുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ഗ്രാന്റ്-ഇന്‍-എയ്ഡ് സ്ഥാപനങ്ങള്‍ തുടങ്ങി സര്‍ക്കാരുമായി ബന്ധപ്പെട്ട ട്രഷറി അക്കൗണ്ടുകളില്‍ ചെലവാക്കാതെ കിടക്കുന്ന തുക സംസ്ഥാനത്തിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്ക് മാറ്റുന്ന ഒരു പ്രക്രിയ നിലവിലുണ്ട്. പ്രസ്തുത തുക പുതിയ സാമ്പത്തിക വര്‍ഷാരംഭത്തില്‍ കാലതാമസമില്ലാതെ പഴയപടി ട്രഷറി അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു.
ഇങ്ങനെ മാറ്റം ചെയ്യുമ്പോള്‍ ഒരു പൈസ പോലും നഷ്ടപ്പെടുന്നുമില്ല. ദുരിതാശ്വാസ നിധിയിലെ പണം പൂര്‍ണമായും സുരക്ഷിതമാണ്. അത് മറ്റേതെങ്കിലും ആവശ്യത്തിനായി വകമാറ്റുകയോ വിനിയോഗിക്കപ്പെടുകയോ ചെയ്യുന്നതുമില്ല. ട്രഷറി അക്കൗണ്ടില്‍ തന്നെ ആ പണം സൂക്ഷിച്ചിട്ടുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്ന തികച്ചും സുതാര്യമായ ഒരു ക്രമീകരണമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടില്‍ ടിഎസ്ബി അക്കൗണ്ടില്‍ നിന്ന് കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കും തിരിച്ചും ചെലവഴിക്കാതെ കിടന്ന പണം മാറ്റിയത് ക്രമരഹിതമാണെന്ന് പറയുക മാത്രമാണ് ചെയ്തിട്ടുള്ളത്. ഒരുവിധ സാമ്പത്തിക ദുരുപയോഗവും നഷ്ടവും ആരോപിച്ചിട്ടുമില്ല. എന്നാല്‍ ലക്ഷക്കണക്കിന് ആളുകൾക്ക് ആശ്വാസ നടപടികള്‍ നല്കുന്ന സിഎംഡിആര്‍എഫിന്റെ വിശ്വാസ്യത തകര്‍ക്കാനും കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അരുതാത്തതെന്തോ സംഭവിച്ചുവെന്ന പ്രതീതി ഉണ്ടാക്കാനും റിപ്പോര്‍ട്ടിനെ മറയാക്കി രാഷ്ട്രീയപ്രേരിതമായി ബോധപൂര്‍വമായ ശ്രമം നടക്കുകയാണ്. യാഥാഥ്യം ജനങ്ങള്‍ തിരിച്ചറിയണമെന്ന് അഭ്യര്‍ഥിക്കുന്നെന്നും അദ്ദേഹം വ്യക്തമാക്കി.