ഡാളസ്: മാർത്തോമ്മാ സഭയുടെ ചരിത്രയാത്രയെ ആസ്പദമാക്കി അമേരിക്കൻ മലയാളി അറ്റോർണി ലാൽ വർഗീസ് രചിച്ച "A Faith Journey: Milestones in the History of the Malankara Mar Thoma Syrian Church' എന്ന ഗ്രന്ഥം ഈ മാസം 11ന് രാവിലെ ഒമ്പതിന് മാരാമൺ റിട്രീറ്റ് സെന്ററിൽ വച്ച് മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പരമാധ്യക്ഷനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഔപചാരികമായി പ്രകാശനം ചെയ്യും.
ഈ സമ്മേളനം തിരുവന്തപുരം - കൊല്ലം ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ വൈസ് ചെയർമാനുമായ ഡോ. ഐസക്ക് മാർ പീലക്സിനോസ്, കോട്ടയം - കൊച്ചി ഭദ്രാസനാധിപനും ശാന്തിഗിരി ആശ്രമത്തിന്റെ ട്രസ്റ്റിയും ബോർഡ് അംഗവുമായ തോമസ് മാർ തിമോത്തിയോസ്, വടക്കേ അമേരിക്ക ഭദ്രാസനാധിപനായ ഡോ. ഏബ്രാഹാം മാർ പൗലോസ് എന്നിവരുടേയും മാർത്തോമ്മാ സഭയിലെ മറ്റ് എപ്പിസ്കോപ്പന്മാരുടേയും സാന്നിധ്യത്തിൽ, വിവിധ ഭദ്രാസനങ്ങളിൽ നിന്നുള്ള വൈദികരും അല്മായ പ്രതിനിധികളും കൂടാതെ പ്രവാസി മാർത്തോമ്മാ സമൂഹത്തിലെ അംഗങ്ങളും പങ്കുചേരുന്ന വിശേഷാവസരമായിരിക്കും.
ഈ പുസ്തകത്തിന്റെ വിൽപ്പനയിൽ നിന്നുള്ള മുഴുവൻ വരുമാനവും, അന്തരിച്ച സഖറിയാസ് തിരുമേനിയുടെ സ്മരണാർഥം, ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർദേശിച്ച പ്രകാരം ശാന്തിഗിരി എൻഡൗമെന്റിലേക്കാണ് സമർപ്പിക്കുന്നത്.
ഈ എൻഡൗമെന്റ്, ആലുവ എടത്തലയിൽ സ്ഥിതിചെയ്യുന്ന ശാന്തിഗിരി ആശ്രമത്തിന്റെയും പരിസര പ്രദേശങ്ങളിലെയും പ്രാദേശിക സ്കൂളുകളിലെ കുട്ടികൾക്കുള്ള സ്കോളർഷിപ്പുകൾ നൽകുന്നതിനായി ഉപയോഗിക്കുന്നതാണ്.