Tech
ഏറ്റവും ജനപ്രിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ വാട്സ്ആപ്, തങ്ങളുടെ വ്യാജ പതിപ്പിലൂടെ സ്പൈവെയർ ആക്രമണം കണ്ടെത്തിയതിനെതുടർന്ന് ഉപയോക്താക്കൾക്ക് ജാഗ്രതാ നിർദേശം നല്കി. ഇറ്റലിയിൽ നിന്നുള്ള 200 വാട്സ്ആപ് ഉപയോക്താക്കൾ അപകടകരമായ സോഫ്റ്റ്വെയർ അടങ്ങിയ വ്യാജ വാട്സ്ആപ് ഡോൺലോഡ് ചെയ്തതായി മെറ്റ അറിയിച്ചു.
അവരുടെ അക്കൗണ്ടുകള്ളിൽ നിന്നു പുറത്താക്കുകയും വ്യാജ ആപ്പുകൾ ഉപയോഗിക്കുന്നതിലെ സുരക്ഷാ ഭീഷണികളെക്കുറിച്ച് മുന്നറിയിപ്പുകൾ നല്‍കുകയും ചെയ്തു. വ്യാജ ആപ് നീക്കം ചെയ്യാനും ഔദ്യോഗിക ആപ് ഡോൺലോഡ് ചെയ്യാനും നിർദേശം നല്‍കിയതായി മെറ്റ അറിയിച്ചു.
ഇറ്റാലിയൻ സ്പൈവെയർ നിർമാതാക്കളായ സിഐഒ ആണ് വ്യാജ പതിപ്പിനു പിന്നിലെന്ന് മെറ്റ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും ഇത്തരം പ്രവർത്തനങ്ങൾ നിർത്തലാക്കാൻ ഔദ്യോഗിക നോട്ടീസ് അയക്കുമെന്നും വാട്സ്ആപ് വ്യക്തമാക്കി.
ഔദ്യോഗിക സൈറ്റുകൾ മാത്രം ഉപയോഗിച്ച് ആപ്പുകൾ ഡോൺലോഡ് ചെയ്യുക, അജ്ഞാത ലിങ്കുകൾ ഒഴിവാക്കുക, മോഡിഫൈഡ് പതിപ്പുകൾ ഒഴിവാക്കുക, ഡേവലപ്പറെ പരിശോധിക്കുക, ആപ്പ് പെർമിഷനുകൾ പരിശോധിക്കുക, ലിങ്കുകളിൽ ക്ലിക്ക് ചെയ്യുന്പോൾ ശ്രദ്ധിക്കുക തുടങ്ങിയ നിർദേശങ്ങൾ മെറ്റ പങ്കുവെച്ചു. വ്യാജചതിക്കുഴികളിൽ പെട്ട്പോകാതെയിരിക്കാൻ ജാഗ്രതാ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മെറ്റ അറിയിച്ചു.
Kerala
പയ്യന്നൂര്‍: പയ്യന്നൂരിലെയും തളിപ്പറമ്പിലെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഒരു കേന്ദ്രത്തില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍ പ്രിന്റ് ചെയ്യാന്‍ തുടങ്ങിയതായി കെ.സി. വേണുഗോപാല്‍.
കൃത്യമായ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് മറുപടി പറയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂര്‍ ഗാന്ധി പാര്‍ക്കില്‍ നടന്ന യുഡിഎഫ് പൊതുയോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പരാജയ ഭീതിയിലായ സിപിഎം നേതൃത്വം പയ്യന്നൂരിലും തളിപ്പറമ്പിലും തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ആസൂത്രിത നീക്കം നടത്തുകയാണ്. പാര്‍ട്ടി തെറ്റായ വഴിയിലൂടെ കടന്നുപോകുമ്പോള്‍ അത് ചൂണ്ടി ക്കാട്ടിയതിനാണ് വി. കുഞ്ഞികൃഷ്ണനെ സിപിഎമ്മില്‍നിന്നു പുറത്താക്കിയത്.
കുഞ്ഞികൃഷ്ണന് അധികാരത്തിന്റെ അപ്പക്കഷ്ണം തേടിവന്നതല്ല. തെറ്റായ വഴിയിലൂടെ നയിക്കുന്ന പാര്‍ട്ടിക്കെതിരേ പ്രതികരിച്ച് പുറത്തു വന്നതാണ്. അതുകൊണ്ടാണ് കുഞ്ഞികൃഷ്ണനെ പോലുള്ളവരെ പിന്തുണയ് ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചതെന്നും വേണുഗോപാല്‍ പറഞ്ഞു.
Kerala
കോഴിക്കോട്: ബൈക്കിന്റെ രജിസ്ട്രേഷന് നമ്പറും ചെയ്സ് നമ്പറും വ്യാജമായി നിര്‍മിച്ച് ഉപയോഗിച്ച യുവാവ് അറസ്റ്റിൽ. കോഴിക്കോട് തലയേടത്ത് പറമ്പ് സലാം മന്‍സിലില്‍ മുഹമ്മദ് ഷഹദി(19)നെയാണ് മാറാട് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഏഴാം തിയതി പുലര്‍ച്ചെ അരക്കിണറിലെ സ്വകാര്യ ആശുപത്രിക്ക് സമീപം സംഘര്‍ഷമുണ്ടെന്നറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയിരുന്നു. പോലീസിനെ കണ്ടപാടെ എല്ലാവരും ചിതറിയോടി. സ്ഥലത്ത് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ബൈക്ക് പരിശോധിച്ചപ്പോള്‍ നമ്പര്‍ വ്യാജമാണെന്ന് പോലീസിന് ബോധ്യമാവുകയായിരുന്നു.
ചെയ്സ് നമ്പര്‍ മായ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് എന്ജിന് നമ്പര്‍ കണ്ടെത്തി ഉടമയെ ബന്ധപ്പെടുകയും മുഹമ്മദ് ഷഹദിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. വാഹനത്തിന്റെ നമ്പര്‍ മാറ്റിയത് എന്തിനാണെന്നും ഏതെങ്കിലും കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരികയാണെന്നും പോലീസ് പറഞ്ഞു.
മാറാട് എസ്ഐ അശ്വിന് റോയ്, എഎസ്ഐ മനോജന്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷഹദിനെ പിടികൂടിയത്.
Kerala
കൊച്ചി: എറണാകുളം ചോറ്റാനിക്കരയില്‍ പതിനാറുകാരി പാറക്കുളത്തില്‍ ജീവനൊടുക്കിയ കേസ് ഇനി പ്രത്യേക സംഘം അന്വേഷിക്കും. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘത്തില്‍ സൈബര്‍ പോലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്ഐടി രൂപീകരിച്ചത്.
കേസില്‍ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് കുടുംബം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എസ്ഐടി രൂപീകരിച്ച് അന്വേഷണം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. കൊറിയന്‍ സുഹൃത്തിന്റെ മരണത്തെ തുടര്‍ന്ന് താന്‍ ആത്മഹത്യ ചെയ്യുന്നു എന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്.
ജനുവരി 27ന് ആയിരുന്നു ആദിത്യ എന്ന പതിനാറുകാരിയെ വീടിന് അടുത്തുള്ള കരിങ്കല്‍ ക്വാറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. എന്നാല്‍ സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും പെണ്‍കുട്ടിയുടെ ഫോണ്‍ പോലീസ് പരിശോധിച്ചിരുന്നില്ല. ഇതിനെതിരെ കുട്ടിയുടെ സ്കൂള്‍ അധ്യാപകരടക്കം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കൊറിയന്‍ സൗഹൃദമല്ല കുട്ടിയുടെ മരണകാരണമെന്നും അധ്യാപകര്‍ ആരോപിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ തുറന്നു പരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെ കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണിലെ ഇന്‍സ്റ്റഗ്രാം, വാട്ട്സ്ആപ്പ് ചാറ്റുകള്‍ ഡിലീറ്റ് ചെയ്ത നിലയിലാണ്. ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.
Kerala
തൊടുപുഴ: ഇടുക്കി ഡാമിനും കളക്ടറേറ്റിനും മുട്ടം ജില്ലാ കോടതിയിലും മുല്ലപ്പെരിയാര്‍ ഡാമിനും വ്യാജ ബോംബു ഭീഷണി. ഇന്നു രാവിലെയോടെയാണ് ഇ മെയില്‍ വഴി ബോംബു ഭീഷണിയെത്തിയത്. തുടര്‍ന്ന് കളക്ട്രേറ്റില്‍ ബോംബ് സ്ക്വാഡ് പരിശോധന നടത്തി.
ബോംബ് സ്ക്വാഡ് ജില്ലാ ചാര്‍ജ് ഓഫീസര്‍ പി. മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പരിശോധന നടത്തിയത്. മാഗി, ഡോളി തുടങ്ങിയ നായകളെ ഉപയോഗിച്ചും പരിശോധന നടത്തി.
പോലീസിനു പുറമെ ഫയര്‍ഫോഴ്സ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഏതാനും ദിവസം മുമ്പ് ജില്ലാ കോടതിയില്‍ വ്യാജ ബോംബു ഭീഷണിയെത്തിയിരുന്നു.
Movies
ബോളിവുഡ് ഇതിഹാസതാരം ധർമേന്ദ്ര അന്തരിച്ചുവെന്ന വാർത്ത നിഷേധിച്ച് മകളും നടിയുമായ ഇഷ ഡിയോൾ രംഗത്ത്. പ്രചരിക്കുന്നത് തെറ്റായ വാർത്തകളാണെന്നും പിതാവിന്റെ മടങ്ങിവരവിനായി പ്രാർഥിക്കണമെന്നും ഇഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
അസുഖ ബാധിതനായി ആശുപത്രിയിൽ കഴിയുന്ന പിതാവിന്റെ നില മെച്ചപ്പെടുകയാണെന്നും കുടുംബത്തിന്റെ സ്വകാര്യത മാനിക്കണമെന്നും ഇഷ അഭ്യർഥിച്ചു.പിതാവിന്റെ മടങ്ങിവരവിനു വേണ്ടി പ്രാർഥിക്കുന്ന എല്ലാവരോടും നടി നന്ദി അറിയിക്കുകയും ചെയ്തു.