കൊച്ചി: സ്റ്റാഫിനെ നൽകാം എന്ന വാഗ്ദാനവുമായി വ്യാജ ഏജൻസികളുടെ പേരിൽ വ്യാപാരികളെയും ഹോട്ടൽ/റസ്റ്ററന്റ് ഉടമകളെയും ചെറുകിട സംരംഭകരെയും ലക്ഷ്യംവച്ച് ഓൺലൈൻ സാമ്പത്തിക തട്ടിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ, വ്യാജ പരസ്യങ്ങൾ നൽകിയാണ് തട്ടിപ്പ്.
തട്ടിപ്പുകാർ വിശ്വാസ്യതയുള്ള സ്ഥാപനങ്ങളുടെ പേരിൽ വാട്സ്ആപ് പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി വ്യാപാരികളുമായി ബന്ധപ്പെടുന്നു.
രജിസ്റ്റർ ചെയ്ത പരാതികളിൽ ‘SKAN Crew or SKAN’ നെക്സസ് എന്നീ സ്ഥാപനങ്ങളുടെ പേരാണ് തട്ടിപ്പുകാർ ഉപയോഗിച്ചിരിക്കുന്നത്.
വളരെക്കുറഞ്ഞ സമയത്തിനുള്ളിൽ ആവശ്യമായ ജീവനക്കാരെ ജോലിക്കായി എത്തിക്കാമെന്ന് തട്ടിപ്പുകാർ വാഗ്ദാനം ചെയ്യും. വിശ്വാസം നേടുന്നതിനായി വ്യാജ കരാറുകൾ, മാർഗനിർദേശങ്ങൾ, മറ്റ് രേഖകൾ എന്നിവ പങ്കുവയ്ക്കുകയും ചെയ്യും.
തുടർന്ന് അഡ്വാൻസ് ഫീസ്, യാത്രച്ചെലവ് തുടങ്ങിയ വ്യാജ കാരണങ്ങൾ പറഞ്ഞ് പണം ആവശ്യപ്പെടും. പണം ലഭിച്ചതിനുശേഷം വിവിധ കാരണങ്ങൾ പറഞ്ഞു കാലതാമസം ഉണ്ടാക്കുകയും ഒടുവിൽ വാഗ്ദാനം നൽകിയ സേവനങ്ങൾ നൽകാതെ കടന്നുകളയുകയും ചെയ്യും.
ഇവ ശ്രദ്ധിക്കാം
- ഏതെങ്കിലും സ്ഥാപനവുമായി ഇടപെടുന്നതിന് മുമ്പ് അവരുടെ ഔദ്യോഗിക രജിസ്ട്രേഷൻ, ഓഫീസ് വിലാസം, വെബ്സൈറ്റ് എന്നിവ സ്ഥിരീകരിക്കുക.
- വിശ്വാസ്യത ഉറപ്പാക്കിയതിനു ശേഷം മാത്രം പണമിടപാടുകൾ നടത്തുക.
- സംശയകരമായ ലിങ്കുകൾ, രേഖകൾ എന്നിവ തുറക്കാതിരിക്കുക.
- സാമ്പത്തികതട്ടിപ്പിനിരയായാൽ ഉടൻ 1930 എന്ന സൈബർ ഹെൽപ്ലൈൻ നമ്പറിലോ https://cybercrime. gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടലിലോ പരാതി നൽകണം.