പൂന: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ പ്രതിശ്രുത വരനെ തള്ളിയിട്ട് കൊന്ന സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. കൊലപാതകം നടത്തിയത് കുടുംബമഹിമ കാക്കാനെന്നാണ് പ്രതികൾ നൽകിയ മൊഴി. ഒളിച്ചോടിയാൽ കുടുംബത്തിന് നാണക്കേടുണ്ടാകുമെന്ന ചിന്തയാണ് കേതനെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു.
പൂന സ്വദേശി കേതൻ വിശാൽ അഗർവാൾ (26) ഈ മാസം 18 നാണ് കൊല്ലപ്പെട്ടത്. കേതൻ അബദ്ധത്തിൽ കാൽ വഴുതി വീണതാണെന്നാണ് പ്രതിശ്രുത വധു സിയ ഗോയൽ ആദ്യം കുടുംബത്തെയും പോലീസിനെയും അറിയിച്ചിരുന്നത്. എന്നാൽ, സിയയും അവരുടെ കാമുകൻ ചേതൻ ചൗധരിയും ചേർന്ന് നടത്തിയ കൊലപാതകമാണിതെന്ന് പോലീസ് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു.
കടുത്ത ചൂടുള്ള ദിവസമായിട്ടും മുഖം മറയ്ക്കുന്ന രീതിയിൽ ഹൂഡിയും ഹെഡ്സെറ്റും ധരിച്ച് ഒരാൾ ഇവരെ പിന്തുടരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്. യാത്രയ്ക്കിടയിൽ സിയ തിരിഞ്ഞുനോക്കുമ്പോൾ ഈ ഹൂഡി ധാരി ഒളിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിലാണ് ഇത് സിയയുടെ കാമുകനായ ചേതൻ ചൗധരിയാണെന്ന് തിരിച്ചറിഞ്ഞത്. ഇരുവരെയും ജൂൺ 29 വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു.