തൃശൂർ: തുലാവർഷം ചതിച്ചതിനാൽ ആവശ്യത്തിനു വെള്ളവുമില്ല, കൃഷി ഒരുക്കുന്നതിനുള്ള അവശ്യസാധനങ്ങൾക്കാകട്ടെ വിലയും വർധിച്ചു. വലിയ പ്രതിസന്ധിയാണ് ജില്ലയിൽ കോൾകർഷകർ ഉൾപ്പെടെ നെൽകർഷകർ നേരിടുന്നത്.
അരിന്പൂരിൽ 600 ഏക്കറിൽ നെല്ലിനെ പ്രതികൂലമായി ബാധിക്കുന്ന കാട്ടുനെല്ലിനമായ വരിനെല്ല് കണ്ടെ ത്തിയതും കർഷകർക്ക് മറ്റൊരു പ്രഹരമായി. വരിനെല്ലിനെ നശിപ്പിക്കാൻ കീടനാശിനി തളിച്ചാൽ നെല്ലും നശിക്കുമെന്നതിനാൽ എന്തു ചെയ്യുമെന്നറിയാതെ ഉഴറുകയാണ് കർഷകർ.
വിത്തിറക്കുംമുന്പേ മണ്ണിനെ സന്തുലിതമാക്കാൻ ഉപയോഗിക്കുന്ന ഇത്തിളിനു വിലകൂട്ടിയ സർക്കാർ നടപടിക്കെതിരേ തൃശൂർ-പൊന്നാനി കോളിലെ കർഷകർ രംഗത്തുവന്നിട്ടുണ്ട്. ജില്ലയിലെ വടക്കുപടിഞ്ഞാറൻ മേഖലകളിൽമാത്രം ഇത്തിൾവില വർധനമൂലം 30 ലക്ഷം രൂപ അധികബാധ്യതയുണ്ടായെന്നു കർഷകർ പറയുന്നു. 13,652 ഹെക്ടറിൽ (33,690 ഏക്കർ) വ്യാപിച്ചുകിടക്കുന്ന തൃശൂർ-പൊന്നാനി കോളിലെ പ്രധാന ഭാഗമാണ് ജില്ലയിലെ വടക്കുപടിഞ്ഞാറൻ മേഖല.
ഏനമാവ് കായൽ, കനോലി കനാൽ, കേച്ചേരി പുഴകളിൽ ആവശ്യത്തിനു വെള്ളമില്ലാത്തതും കോൾകൃഷിയെ പ്രതിസന്ധിയിലാക്കും. തുലാവർഷം കഴിഞ്ഞ നാലുവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ കുറവായതാണു ജലലഭ്യത കുറച്ചത്. കനത്തചൂടുമൂലം മിക്കയിടത്തും രണ്ടാംവിള ഉണങ്ങി. ജലസ്രോതസുകളിൽ മൂന്നുമാസമായി ജലനിരപ്പ് വളരെ താഴ്ന്നതിനാൽ പലയിടത്തും വാഹനത്തിൽ വെള്ളംഎത്തിച്ചു കൃഷി നനക്കേണ്ട സ്ഥിതിയാണ്. ജില്ലയിൽ 65 ശതമാനത്തിൽതാഴെ മാത്രമാണ് ഇത്തവണ തുലാമഴ ലഭിച്ചത്. പുഴകൾ, തണ്ണീർത്തടങ്ങൾ, കുളങ്ങൾ, തോടുകൾ എന്നിവ കാലവർഷം മുതൽ നിറയാതിരുന്നതും നെല്ലിന്റെ ഉണക്കുഭീഷണിക്കു പ്രധാനകാരണമാണ്.
പടിഞ്ഞാറൻ കോൾമേഖലയിൽ ആവശ്യത്തിന് ഇത്തിൾ വിതരണം ചെയ്യുന്നില്ലെന്നാണു കർഷകരുടെ പരാതി. കൃഷിഭവനുകൾ ആവശ്യങ്ങൾ പരിഗണിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ഇത്തിൾ വിതറേണ്ട സമയത്ത് അതു ലഭിക്കാത്തതും ഇത്തിളിനു കിലോയ്ക്ക് അഞ്ചുരൂപയോളം വർധിച്ചതുമാണു പ്രതിഷേധത്തിനു കാരണം.
ഏറെ കർഷകരുള്ള കാട്ടകാന്പാൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ മാത്രം 210 ടണ്‍ ഇത്തിളിന്റെ കുറവാണുണ്ടായിട്ടുള്ളത്. കഴിഞ്ഞവർഷം 460 ഹെക്ടർ നെൽകൃഷിക്കായി 270 ടണ്‍ ഇത്തിളാണ് സബ്സിഡി ഇനത്തിൽ ലഭിച്ചതെങ്കിൽ ഇത്തവണ സബ്സിഡിയില്ലാതെ വെറും 55 ടണ്‍ ഇത്തിൾ മാത്രമാണു ലഭിച്ചത്. ഇതാകട്ടെ ഏതാണ്ട് 90 ഹെക്ടർ കൃഷിക്കുമാത്രമേ തികയുകയുള്ളൂവെന്നു കർഷകർ പറയുന്നു. കിലോയ്ക്ക് 15 രൂപയ്ക്കു ലഭിച്ചിരുന്ന ഇത്തിളിന് ഒന്പതുരൂപ വരെ സബ്സിഡി ലഭിച്ചിരുന്നു.
എന്നാൽ സബ്സിഡി നിലച്ചതോടെ കോൾമേഖലയിൽമാത്രം 50 ലക്ഷം രൂപയുടെ അധികബാധ്യത കർഷകർക്കുണ്ടായി.കോൾമേഖലയിലെ പ്രശ്നങ്ങൾ സംബന്ധിച്ചു കൃഷിമന്ത്രി, ജലസേചന മന്ത്രി എന്നിവരുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം തിരുവനന്തപുരത്ത് ചേർന്ന യോഗത്തിൽ പരിഹാരപദ്ധതികൾ ആവിഷ്കരിച്ചതായി കാർഷിക സർവകലാശാല അധികൃതർ അറിയിച്ചു.
കനാലിലെ ചണ്ടിയും കുളവാഴയും നീക്കിയില്ല ; ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം ഉപയോഗിക്കാനാകാതെ കർഷകർ
അരിന്പൂർ: കനാലിലെ ചണ്ടിയും കുളവാഴയും നീക്കാത്തതുമൂലം ചിമ്മിനി ഡാമിൽനിന്നു തുറന്നുവിട്ട വെള്ളം ഉപയോഗിക്കാനാകാതെ നെൽകർഷകർ ദുരിതത്തിൽ.
മനക്കൊടി-പുള്ള് റോഡിനോടു ചേർന്നുള്ള പെരുന്പുഴ കനാലിൽ ചണ്ടിയും കുളവാഴയും നിറഞ്ഞ് നീരൊഴുക്ക് പൂർണമായും നിലച്ചതിനാലാണ് ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം ഇവിടേക്ക് ഒഴുകിയെത്താത്തതെന്ന് നെൽകർഷകർ പറയുന്നു. ഒഴുക്ക് നിലച്ചതിനാൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പുളി നിറഞ്ഞ് കൃഷിക്ക് ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലാണ്.
ഒക്ടോബർ ആദ്യവാരത്തിൽ എംഎൽഎമാരായ സി. രവീന്ദ്രനാഥ്, ഗീതഗോപി എന്നിവരുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരുമായി നടന്ന ചർച്ചയിൽ ഒരാഴ്ചക്കകം ചാലുകൾ വൃത്തിയാക്കുമെന്ന ഉറപ്പ് പാലിക്കപ്പെട്ടില്ല. മുനയം വളയംകെട്ടിന്റെ നിർമാണം പൂർത്തീകരിക്കാത്തതിനാൽ ചിമ്മിനി ഡാമിൽനിന്നുള്ള വെള്ളം കടലിലേക്ക് ഒഴുകുകയാണ്.
വെള്ളം ലഭിക്കാത്തതുമൂലം കൃഷി ഉണങ്ങാൻ സാധ്യതയുണ്ടെന്നും വിഷയത്തിൽ ഉന്നത ഉദ്യോഗസ്ഥരും വിവിധ വകുപ്പുകളും അടിയന്തരമായി ഇടപെടണമെന്നും സ്ഥലം സന്ദർശിച്ച കേരള കർഷകസംഘം സംസ്ഥാന കമ്മിറ്റിയംഗം ടി.വി. ഹരിദാസൻ ആവശ്യപ്പെട്ടു.
ഭാരവാഹികളായ കെ. രാഗേഷ്, കെ.കെ. ശശിധരൻ, കെ. മനോജ്, പാടശേഖരസമിതി സെക്രട്ടറി കെ.കെ. അശോകൻ, പ്രസിഡന്റ് കെ.കെ. പുഷ്കരൻ, സി.എ. വർഗീസ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.