തിരുവനന്തപുരം: വിഴിഞ്ഞം-മംഗലാപുരം തുറമുഖങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് യാത്രക്കാർക്കൊപ്പം ചരക്കു നീക്കവും സുഗമമാക്കുന്ന അതിവേഗ റെയിലിന്റെ നവീന സാധ്യതകളാകും ഇനി സർക്കാർ പഠിക്കുക.
വിഴിഞ്ഞം-മംഗലാപുരം അതിവേഗ റെയിൽ പദ്ധതിയിൽ കൊല്ലം, കൊച്ചി, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ വലുതും ചെറുതുമായ എല്ലാ തുറമുഖങ്ങളെയും ബന്ധിപ്പിച്ചു കൊണ്ടുള്ള വിപുല സാധ്യതകളെക്കുറിച്ചു പഠനം നടത്താനാണ് സർക്കാർ തീരുമാനം. വിമാനത്താവളങ്ങൾ, മെട്രോ റെയിൽ സ്റ്റേഷനുകൾ തുടങ്ങിയവയെയും അതിവേഗ റെയിൽ പദ്ധതിയിൽ ഉൾപ്പെടുത്താനാകുമോയെന്നു പരിശോധിക്കും.
ഇ. ശ്രീധരന്റെ നേതൃത്വത്തിൽ ഡിഎംആർസി പഠനം നടത്തി സമർപ്പിച്ച തിരുവനന്തപുരം- കണ്ണൂർ അതിവേഗ റെയിൽ പദ്ധതിയുടെ പ്രയോജനം വിഴിഞ്ഞം മുതൽ മംഗലാപുരം നീട്ടിയാൽ ചരക്കു നീക്കത്തിൽ വൻ സാധ്യതയും യാത്രക്കാരുടെ എണ്ണത്തിൽ വൻ കുതിച്ചുചാട്ടവുമുണ്ടാകുമെന്നാണു മന്ത്രിസഭ കരുതുന്നത്.
അതിവേഗ റെയിൽപാത മംഗലാപുരം വരെ നീട്ടുന്നതിനെക്കുറിച്ചു ചർച്ച നടത്തണമെന്ന അഭിപ്രായം മന്ത്രിസഭയിലും ഉയർന്നു. യാത്രക്കാരുടെ ടിക്കറ്റ് വരുമാനത്തിലൂടെ പദ്ധതി വരുമാനദായകമാകില്ലെന്ന വിലയിരുത്തൽ പിന്നീട് ഇക്കാര്യം വിശദീകരിച്ച പത്രസമ്മേളനത്തിലും മുഖ്യമന്ത്രി വി.ഡി. സതീശൻ ആവർത്തിച്ചു.
ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പദ്ധതികളില്ല
ഇ. ശ്രീധരന്റെ പദ്ധതി റിപ്പോർട്ട് ധനകാര്യ, റെയിൽവേ, പരിസ്ഥിതി വിദഗ്ധർ, ഗതാഗതസെക്രട്ടറി എന്നിവരടങ്ങിയ സമിതി വിലയിരുത്തിയിരുന്നു. പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്താതെ ഒരു പദ്ധതിയുമായി മുന്നോട്ടു പോകില്ലെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.
സിൽവർ ലൈനിന്റെ പേരിൽ മുൻകൂട്ടി ഭൂമി ഏറ്റെടുക്കുന്നത് അടക്കം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഒരു പദ്ധതിയും നടപ്പാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.