ബേസിംഗ്സ്റ്റോക്ക്: ഇംഗ്ലണ്ടിലെ ബേസിംഗ്സ്റ്റോക്ക് സെന്റ് അഗസ്റ്റിൻസ് സീറോമലബാർ നിർദിഷ്ട മിഷനിൽ എല്ലാ വർഷവും നടത്തി വരുന്ന മർത്ത് മറിയത്തിന്റെയും ഈശോയുടെ ശിഷ്യനും മാർത്തോമ്മാ നസ്രാണികളുടെ വിശ്വാസതാതനുമായ മാർ തോമാശ്ലീഹായുടെയും നിർദിഷ്ട ഇടവക മധ്യസ്ഥനുമായ വിശുദ്ധ അഗസ്തീനോസിന്റെയും മർത്ത് അൽഫോൻസാമ്മയുടെയും സംയുക്ത തിരുനാൾ ശനിയാഴ്ച (ജൂൺ 27) സെന്റ് ബീഡ്സ് ദേവാലയത്തിൽ ആഘോഷിക്കുന്നു.
ഉച്ചകഴിഞ്ഞ് 2.30ന് കൊടിയേറ്റുന്നതോടുകൂടി തിരുനാൾക്കർമങ്ങൾക്ക് തുടക്കം കുറിക്കും. തുടർന്ന് രൂപം ആശിർവദിക്കൽ, വാഹന വെഞ്ചരിപ്പ് എന്നിവക്കുശേഷം മൂന്നിന് റെഡ്ഹിൽ സെന്റ് ക്ലയർ മിഷൻ വികാരി റവ. ഫാ. ജിമ്മി മറ്റത്തിലിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ വിശുദ്ധ കുർബാന അർപ്പിക്കും.
അദ്ദേഹം തിരുവചന സന്ദേശവും നൽകുന്നതാണ്. പരിശുദ്ധ കുർബാനയ്ക്കുശേഷം നേർച്ച വെഞ്ചരിപ്പും നടത്തും. തിരുനാളിനോടനുബന്ധിച്ചുള്ള ഉണ്ണിയപ്പം നേർച്ച ഇവിടുത്തെ പ്രത്യേകതയാണ്.
തുടർന്ന് നടക്കുന്ന ലദീഞ്ഞിന് ശേഷം തിരുനാൾ കൊടികളും സംവഹിച്ച് വാദ്യമേളങ്ങളുടെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ വിശുദ്ധരുടെ തിരുസ്വരൂപങ്ങളും വഹിച്ചുകൊണ്ട് വിശ്വാസികൾ അണിചേരുന്ന ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം ബേസിംഗ്സ്റ്റോക്ക് സീറോമലബാർ സമൂഹത്തിന്റെ വിശ്വാസ സാക്ഷ്യത്തിന്റെയും ഐക്യത്തിന്റെയും പ്രതിഫലനമായി മാറും.
പ്രദക്ഷിണം തിരികെ ദൈവാലയത്തിൽ പ്രവേശിച്ചതിനുശേഷം സമാപന ആശീർവാദം നൽകും. നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ കൊടിയിറക്കുന്നതോടുകൂടി തിരുക്കർമങ്ങൾ അവസാനിക്കും.
തിരുനാൾ ദിനത്തിൽ പങ്കെടുക്കുന്ന വിശ്വാസികൾക്കായി സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. തിരുനാൾ ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്കും മുതിർന്നവർക്കും വിനോദം പകരുന്നതിനുവേണ്ടിയുള്ള വൈവിധ്യമാർന്ന കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ് .
തിരുനാളിന്റെ വിജയകരമായ നടത്തിപ്പിനായി മെൻസ് ഫോറം, വുമൻസ് ഫോറം, സൺഡേ സ്കൂൾ അധ്യാപകർ, കുടുംബകൂട്ടായ്മ ഭാരവാഹികൾ, പ്രതിനിധിയോഗാംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ സജീവമായി പ്രവർത്തിച്ചുവരികയാണ്.
തിരുനാൾ ദിവസം നേർചക്കാഴ്ചകൾ സമർപ്പിക്കുന്നതിനും അടിമവയ്ക്കുന്നതിനും വിശ്വാസികൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും സംഘാടകർ അറിയിച്ചു. പരിശുദ്ധ അമ്മയുടെയും വിശുദ്ധരായ മാർ തോമാശ്ലീഹാ, അഗസ്തീനോസ്, അൽഫോൻസാമ്മ എന്നിവരുടെയും മധ്യസ്ഥം തേടി, അവരുടെ വിശുദ്ധ ജീവിതമാതൃക പിന്തുടർന്ന് ദൈവാനുഭവത്തിൽ വളരുവാനും ജീവിതം രക്ഷാകരമാക്കുവാനും ഈ പുണ്യാചരണത്തിൽ പങ്കുചേർന്ന് ദൈവകൃപയിൽ പൂരിതരാകുവാൻ ഏവരെയും ക്ഷണിക്കുന്നതായി നിർദിഷ്ട മിഷൻ ഡയറക്ടർ റവ. ഡോ. ബിനോയ് കുര്യൻ, കൈക്കാരൻമാരായ രാജു തോമസ് അമ്പാട്ട്, റോബിൻ ജോസഫ് മുണ്ടുചിറ എന്നിവർ അറിയിച്ചു.
തിരുനാൾ തിരുക്കർമങ്ങൾ നടക്കുന്ന ദേവാലയത്തിന്റെ വിലാസം: St. Bede’s Catholic Church, Popley Way, Basingstoke, RG24 9DX.