വടകര: വടകര എംഡിഎംഎ കേസിൽ ഒരു അധ്യാപിക കൂടി അറസ്റ്റിൽ. പേരാമ്പ്ര ബിആർസിയിലെ അധ്യാപികയും കുറ്റോത്ത് സ്വദേശിനിയുമായ വലിയ പറമ്പിൽ വി.പി. നീഷ്മയെ (30) ആണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
നേരത്തെ പിടിയിലായ കീർത്തന, കാവ്യ എന്നീ അധ്യാപികമാരിൽ നിന്നും ലഭിച്ച നിർണായക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. വടകര റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ഇൻസ്റ്റാഗ്രാം മുഖേനയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം സ്ഥാപിച്ചിരുന്നത്. ആവശ്യക്കാരുമായി നേരിട്ട് കൂടിക്കാഴ്ച നടത്താതെ, ഓൺലൈൻ അക്കൗണ്ടുകൾ വഴി ലക്ഷക്കണക്കിന് രൂപയുടെ എംഡിഎംഎ ഇടപാടുകളാണ് ഇവർ നടത്തിയിരുന്നത്. കേസിൽ കൂടുതൽ കണ്ണികൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.