വൈപ്പിൻ: തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ സ്വന്തമായി പോൾ ഇല്ലാത്തതിനാൽ മത്സരിക്കാൻ കഴിയാതെ നിരാശയോടെ മടങ്ങേണ്ടിവന്ന പോൾവോൾട്ട് താരം ഇടുക്കി സ്വദേശി അലൻ ഷിബോയിക്ക് അമേരിക്കയിൽനിന്ന് ഫൈബർ പോൾ എത്തും.
അലന്റെ കദനകഥ മാധ്യമങ്ങളിലൂടെ അറിഞ്ഞ എറണാകുളം വൈപ്പിൻ എടവനക്കാട് സ്വദേശി പതിയാറ പി.വി. ഷിബുവാണ് അലനു പോൾ ലഭ്യമാക്കാനുള്ള ഇടപെടൽ നടത്തിയത്.
വിദേശനിർമിത ഫൈബർ പോളിനു വില ഒരു ലക്ഷത്തിനു മുകളിൽ വരുമെന്നതിനാൽ സ്വന്തം നിലയ്ക്ക് കഴിയില്ലെന്നു കണ്ട് ഷിബു അമേരിക്കയിലുള്ള സുഹൃത്തായ ചങ്ങനാശേരി കൂത്രപ്പിള്ളി കിഴക്കേ തെങ്ങോലിൽ സിജിൻ വർഗീസുമായി ബന്ധപ്പെട്ടു. അമേരിക്കയിൽ ലക്സിൻ ഹോളിഡേ ടൂർ എന്ന സ്ഥാപനം നടത്തിവരുന്നയാളാണ് സിജിൻ.
കാര്യങ്ങൾ കേട്ടറിഞ്ഞതോടെ സഹായിക്കാൻ സന്നദ്ധനാണെന്ന് സിജിനും അറിയിച്ചു. ഉടൻ കോട്ടയത്തുള്ള കായികോപകരണങ്ങൾ വിൽക്കുന്ന സ്ഥാപനത്തിന് പോളിന്റെ വിലയായ 1,13,632 രൂപ കൈമാറി. അമേരിക്കയിൽനിന്നാണു പോൾ വരുത്തുന്നത്. ഒന്നര മാസത്തിനകം പോൾ അലനു കൈമാറാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഷിബു പറഞ്ഞു.
അടിമാലി എസ്എൻഡിപി ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് അലൻ. മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥി ആയിരിക്കുമ്പോൾതന്നെ പോൾവോൾട്ടിൽ മികച്ച പ്രകടനം കാഴ്ചവച്ച അലൻ ഇടുക്കി ജില്ലാ ചാമ്പ്യനായിരുന്നു. ഈ വർഷം ജില്ലയിൽ രണ്ടാംസ്ഥാനം നേടിയാണു സംസ്ഥാനതലത്തിൽ മത്സരിക്കാൻ പോയത്. സ്വന്തമായി പോൾ ലഭിക്കുമെന്ന് ഉറപ്പായതോടെ പരിശീലനത്തിനുള്ള ഷെഡ്യൂൾ തയാറാക്കി കാത്തിരിക്കുകയാണ് അലൻ.