ഒരുകാലത്ത് കേരള ഫുട്ബോളിന്റെ വിശ്വസ്തനായ പ്രതിരോധഭടനായിരുന്നു ഇന്നലെ വിടപറഞ്ഞ കേരള ഫുട്ബോൾ അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റുകൂടിയായ പി. പൗലോസ്.
ദീർഘകാലം പ്രീമിയർ ടയേഴ്സിനുവേണ്ടിയും എട്ടുവർഷക്കാലം സംസ്ഥാന ടീമിനുവേണ്ടിയും പ്രതിരോധമതിൽ തീർത്തു. 1973 -ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായിരുന്നു. 26 അംഗ ടീമിലെ പതിമൂന്നാമത്തെയാളാണ് ഇന്നലെ വിടചൊല്ലിയത്.
ആലുവ ടു ക്രൈസ്റ്റ്
1971. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിന്റെ പ്രതാപകാലം. ഫുട്ബോളിൽ തൃശൂർ സെന്റ് തോമസുമായി ഇഞ്ചോടിഞ്ചുപൊരുതി കണ്ടംകുളത്തി ട്രോഫി ജേതാക്കളായ നിമിഷം. ക്രൈസ്റ്റ് കോളജ് ഫുട്ബോൾ ടീമിന്റെ ക്യാപ്റ്റനായിരുന്ന എൻ.കെ. ഇട്ടിമാത്യു പ്രിൻസിപ്പലായിരുന്ന ഗബ്രിയേൽ അച്ചനോട് (ഫാ. ഗബ്രിയേൽ ചിറമ്മൽ സിഎംഐ) പറഞ്ഞു: “അച്ചാ, എന്റെകൂടെ ചാലക്കുടി സിറ്റി ക്ലബ്ബിൽ കളിക്കുന്ന മൂന്നുപേരെ ഇങ്ങോട്ടു കൊണ്ടുവരട്ടെ. അച്ചൻ അവർക്ക് അഡ്മിഷൻ കൊടുത്താൽ പിന്നെ ഏതു വന്പന്മാരെയും നമുക്കു തകർക്കാനാകും.’’അങ്ങനെയാണ് ആലുവക്കാരായ മൂന്നുപേർ ക്രൈസ്റ്റിൽ എത്തിയത്.
കളമശേരി സെന്റ് പോൾസ് കോളജിൽ പ്രീഡിഗ്രി പഠിച്ചിരുന്ന എം.എം. ജേക്കബ് (പിന്നീട് കേരള ടീം ക്യാപ്റ്റനും കോച്ചും ഇന്ത്യൻ ടീം അംഗവുമായി) ഡിഗ്രിക്കു ക്രൈസ്റ്റിൽ എത്തി. കൂടെ ആലുവ സെന്റ് മേരീസ് ഹൈസ്കൂളിൽനിന്നു പത്താംക്ലാസ് ജയിച്ച സി.പി. രാജനും പി. പൗലോസും. സാന്പത്തികപരാധീനതയിലായിരുന്ന പൗലോസ് ഒരിടത്തും പഠിക്കാൻ ചേർന്നിരുന്നില്ല. ഗബ്രിയേലച്ചൻ പഠനവും ഹോസ്റ്റൽ സൗകര്യവും ഭക്ഷണവും സൗജന്യമായി നൽകി.
യൂണിവേഴ്സിറ്റി ടീമിലേക്ക്
ക്രൈസ്റ്റിൽ ചേർന്ന് രണ്ടുമാസം തികയുംമുന്പേ കാലിക്കട്ട് യൂണിവേഴ്സിറ്റി ടീമിലേക്ക് പൗലോസ് തെരഞ്ഞെടുക്കപ്പെട്ടു. 1971-ൽ വിക്ടർ മഞ്ഞിലയുടെ ക്യാപ്റ്റൻസിയിൽ ചരിത്രത്തിൽ ആദ്യമായി ഇന്റർ യൂണിവേഴ്സിറ്റി കിരീടം നേടിയ കാലിക്കട്ട് ടീമിന്റെ വിശ്വസ്തനായ ലെഫ്റ്റ് വിംഗ് ബാക്ക് ആയിരുന്നു പൗലോസ്.
“അന്നൊരു സംഭവം ഉണ്ടായി. സുപ്രധാന ലീഗ് മത്സരം പഞ്ചാബ് യൂണിവേഴ്സിറ്റിയുമായി നടക്കുകയാണ്. നമ്മൾ ഒരു ഗോളിനു മുന്നിൽ നിൽക്കുന്പോൾ പന്തുമായി ഗോൾപോസ്റ്റിലേക്കു ശരവേഗത്തിൽ എത്തിയ പഞ്ചാബിന്റെ പ്രേംസിംഗിനെ പൗലോസ് ഫൗൾ ചെയ്തുവീഴ്ത്തി. എഴുന്നേറ്റ അദ്ദേഹം പൗലോസിനെ അടിക്കാനായി ഓടിച്ചു.
പൗലോസ് ഓടി എന്റെയും എം.വി. ഡേവിസിന്റെയും ഇടയിൽ വന്നുനിന്നു. റഫറി യെല്ലോ കാർഡ് വിളിച്ച് പ്രശ്നം അവസാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും പഞ്ചാബ് ടീം പ്രതിഷേധിച്ചു കളംവിട്ടു. അന്നെന്റെ ഇടതും വലതുമുള്ള പ്രതിരോധഭടന്മാർ ആയിരുന്നു പൗലോസും ഡേവിസും. പിന്നെ കുറേക്കാലം പ്രീമിയർ ടയേഴ്സിനുവേണ്ടി ഞങ്ങൾ ഒരുമിച്ചുകളിച്ചു’’ - വിക്ടർ മഞ്ഞില പറഞ്ഞു.
പ്രീമിയർ, സന്തോഷ് ട്രോഫി
ഇന്റർ യൂണിവേഴ്സിറ്റി ജേതാക്കളായതോടെ പൗലോസിനെ പ്രീമിയർ ടയേഴ്സിലേക്കു വിളിച്ചു. പഠനം തുടരാതെ ജോലിക്കുപോകാൻ തീരുമാനിച്ചപ്പോൾ ഇട്ടി മാത്യു ഉൾപ്പടെ ഗബ്രിയേലച്ചനോടു വിഷമം പങ്കുവച്ചു. അപ്പോൾ അച്ചൻ പറഞ്ഞു: “ക്രൈസ്റ്റിന് ഇനിയും കളിക്കാരെ കിട്ടും. അയാൾ പോയി രക്ഷപ്പെടട്ടെടോ.’’
പ്രീമിയർ ടയേഴ്സിൽ എത്തിയതോടെ 1972ലെ ജൂണിയർ നാഷണൽ കളിച്ചു. 73 ൽ കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ ടീമിൽ അംഗമായി; 78 വരെ തുടർന്നു. 78ൽ കാഷ്മീരിൽ നടന്ന സന്തോഷ് ട്രോഫിയിൽ കേരള ടീമിന്റെ ക്യാപ്റ്റനായി. 1992 ൽ വി.പി. സത്യന്റെ നേതൃത്വത്തിൽ രണ്ടാംവട്ടം കേരളം സന്തോഷ് ട്രോഫി കരസ്ഥമാക്കിയപ്പോൾ അസിസ്റ്റന്റ് മാനേജരായിരുന്നു.
എറണാകുളം ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കേരള ഫുട്ബോൾ അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ വിവിധ തസ്തികകളിൽ ദീർഘകാലം സേവനമനുഷ്ഠിച്ചു. എറണാകുളം ഡിഎഫ്എ സെക്രട്ടറിയായിരുന്ന, പൗലോസേട്ടൻ എന്ന് ഏവരും വിളിക്കുന്ന ഇദ്ദേഹം കഴിഞ്ഞ ഏഴുവർഷമായി കെഎഫ്എയുടെ സീനിയർമോസ്റ്റ് വൈസ് പ്രസിഡന്റായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു.
ആലുവ പട്ടേരിപ്പുറം പാറയ്ക്കൽ കുടുംബാംഗമാണ് പൗലോസ്. ഭാര്യ: മേരി. മക്കൾ: രമ്യ, അശ്വതി. മരുമക്കൾ: അരുൺ നൈനാൻ, ഡിവിൻ ദേവസി.