പരിസ്ഥിതി പ്രശ്നങ്ങൾക്കുള്ള പരിഹാരമായാണ് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിനെ ലോകമെങ്ങും കണക്കാക്കുന്നത്. എന്നാൽ, കാണുന്നിടത്തെല്ലാം മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് ഗുണത്തേക്കാളേറേ ദോഷം ചെയ്യുമെന്നാണ് ജപ്പാനിലെ ഹിരോഷിമ സർവകലാശാല നടത്തിയ പുതിയ പഠനത്തിലെ കണ്ടെത്തൽ.
എല്ലാ സാഹചര്യങ്ങളിലും കൂടുതൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് ജൈവവൈവിധ്യത്തിന് ഗുണകരമാകില്ലെന്നാണ് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നത്. എല്ലായിടത്തും മരക്കൂട്ടങ്ങൾ നിറയുന്നത് തുറസായ കൃഷിയിടങ്ങൾ, പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയയിടങ്ങളിൽ ജീവിക്കുന്ന പക്ഷികളുടെ നിലനില്പിനു വലിയ ഭീഷണിയാകുമെന്ന് ജേർണൽ ഓഫ് എൻവയോൺമെന്റൽ മാനേജ്മെന്റ് എന്ന ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തനാക്കുന്നു.
ജപ്പാനിലെ ജലാശയങ്ങളോടു ചേർന്നുള്ള കൃഷിഭൂമികളിലാണ് പഠനം നടന്നത്. ശക്തമായ കാറ്റിൽനിന്നു വിളകളെ സംരക്ഷിക്കുന്നതിനായി കൃഷിയിടങ്ങൾക്ക് അതിരായി വച്ചുപിടിക്കുന്ന (ഷെൽറ്റർ ബെൽറ്റുകൾ) മരങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഗവേഷണം. ഇത്തരം മരക്കൂട്ടങ്ങൾ ചിലയിനം പക്ഷികൾക്ക് അനുകൂല സാഹചര്യമൊരുക്കുമ്പോൾ, മറ്റു ചിലയിനങ്ങൾക്ക് ഗുരുതരഭീഷണിയാകുന്നുവെന്നാണ് കണ്ടെത്തൽ.
കണ്ടെത്തലുകൾ
തുറസായ പുൽമേടുകളിലും തണ്ണീർത്തടങ്ങളിലും വ്യാപകമായി മരങ്ങൾ നട്ടുപിടിപ്പിക്കുന്നത് അവിടെയുള്ള പക്ഷികളുടെ നിലനില്പിനെ ദോഷകരമായി ബാധിക്കുന്നു.
വരിവരിയായി വളരുന്ന വൻമരങ്ങൾ തുറസായ പുൽമേടുകളുടെ സ്വാ ഭാവികത തകർക്കുകയും പക്ഷികളുടെ സ്വതന്ത്രമായ സഞ്ചാരത്തിന് തടസമാകുകയും ചെയ്യുന്നു. മരക്കൂട്ടങ്ങളിൽ തമ്പടിക്കുന്ന വലിയ ഇരപിടിയൻ പക്ഷികൾക്ക് പുൽമേടുകളിലെ ചെറിയ പക്ഷികളെയും ദേശാടനപക്ഷികളെയും എളുപ്പത്തിൽ കണ്ടെത്താനും വേട്ടയാടാനും ഇത് സൗകര്യമൊരുക്കുന്നു.
വനങ്ങളിൽ താമസിക്കുന്ന പക്ഷികൾക്ക് മരങ്ങൾ അത്യാവശ്യമാണെങ്കിലും തണ്ണീർത്തടങ്ങളെ ആശ്രയിക്കുന്ന പക്ഷികൾക്ക് മരങ്ങളുടെ അതിപ്രസരം തിരിച്ചടിയാണ്. ജപ്പാനിലെ കഹോകുഗത തടാകത്തിന് സമീപമുള്ള തണ്ണീർത്തടങ്ങളിൽ മരങ്ങൾ വച്ചുപിടിപ്പിച്ചതിനു പിന്നാലെ, ഈ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന പക്ഷികളുടെ എണ്ണത്തിൽ 70 ശതമാനത്തിലധികം കുറവുണ്ടായതായി ഗവേഷണത്തിനു നേതൃത്വം നൽകിയ ഹിരോഷിമ സർവകലാശാല അസി. പ്രഫസർ മസുമി ഹിസാനോ വ്യക്തമാക്കി.
മരം ഒരു വരം
ലോകമെമ്പാടും നടക്കുന്ന വൻതോതിലുള്ള വനവത്കരണ പ്രവർത്തനങ്ങൾക്ക് ഈ പഠനം വലിയൊരു മുന്നറിയിപ്പാണ് നൽകുന്നതെന്ന് പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ ജസ്മിത് എസ്. അറോറ പ്രതികരിച്ചു. മരങ്ങൾ എല്ലാ സ്ഥലങ്ങൾക്കും അനുയോജ്യമല്ല. പുൽമേടുകൾ, തണ്ണീർത്തടങ്ങൾ തുടങ്ങിയ തുറസായ സ്ഥലങ്ങളിൽ വൻതോതിൽ മരങ്ങൾ വച്ചുപിടിപ്പിക്കുന്നത് പ്രകൃതി സംരക്ഷണമല്ല മറിച്ച്, ആവാസവ്യവസ്ഥയുടെ നാശമാണെന്ന് അറോറ ചൂണ്ടിക്കാട്ടി.
ലക്ഷ്യബോധമില്ലാതെ എവിടെയും മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിനു പകരം ഓരോ പ്രദേശത്തിന്റെയും പ്രകൃതിക്ക് അനുയോജ്യമായ സസ്യങ്ങൾ മാത്രം തെരഞ്ഞെടുക്കണമെന്നാണ് ഈ പഠനം നൽകുന്ന സന്ദേശമെന്നും അദ്ദേഹം പറഞ്ഞു.