Kerala
കൊച്ചി: എറണാകുളം എംജി റോഡിൽ ആക്രിക്കടയ്ക്ക് തീപിടിച്ചു. പുല്ലേപ്പടി പാലത്തിന് സമീപത്താണ് തീപിടിത്തമുണ്ടായത്.
ആക്രിക്കട മൊത്തത്തിൽ കത്തി നശിച്ചു. മൂന്ന് ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീയണച്ചത്. ഇന്ന് വൈകുന്നേരം നാലരയോടെയാണ് സംഭവം.
Kerala
തൃശൂർ: ശക്തൻ സ്റ്റാൻഡിൽ ട്രാക്കിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിനു തീപിടിച്ചു. സമീപത്തെ ട്രാക്കിൽ നിർത്തിയിട്ടിരുന്ന ബസുകളിലെ ഫയർ ഡിസ്റ്റിംഗ്വിഷറും വെള്ളവും ഉപയോഗിച്ചു ബസ് ഡ്രൈവറും മറ്റു ബസുകളിലെ ജീവനക്കാരും ചേർന്ന് തീയണച്ചു. ഇന്നു രാവിലെ ആറരയോടെയായിരുന്നു സംഭവം.
ബസിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പുക ഉയരുന്നതുകണ്ട് ബസ് ജീവനക്കാർ ആളുകളെ അതിവേഗം വാഹനത്തിൽനിന്നു പുറത്തിറക്കിയതിനാൽ ആളപായം ഉണ്ടായില്ല. തീപിടിത്തത്തെത്തുടർന്നു ബസ് കുറച്ചുദൂരം മുന്നോട്ടുപോയത് ആശങ്ക പരത്തി. മറ്റൊരു ബസിൽ ഇടിച്ചാണ് ബസ് നിന്നത്. തുടർന്ന് ഫയർഫോഴ്സ് എത്തിയപ്പോഴേക്കും തീ അണച്ചിരുന്നു.
തൃശൂർ- കൊടുങ്ങല്ലൂർ റൂട്ടിലോടുന്ന സന്തോഷം ബസിനാണു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണു തീപിടിത്തത്തിനു കാരണമെന്നു സ്ഥലത്തെത്തിയ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ബസിന്റെ വയറിംഗ് കിറ്റ് പൂർണമായും കത്തിനശിച്ചു.
National
ലക്നോ: ഉത്തർപ്രദേശിലെ മീററ്റിൽ വീടിന് തീപിടിച്ച് ആറ് പേർ മരിച്ചു. ഒരു സ്ത്രീയും അഞ്ച് കുട്ടികളുമാണ് മരിച്ചത്.
ഒരു സ്ത്രീ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലാണ്. ആറ് പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെയാണ് സംഭവം.
മീററ്റിലെ ലിസാരി ഗേറ്റ് പ്രദേശത്തെ വീട്ടിലാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന്റെ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
കൊച്ചി: ആലുവയില്‍ ബലിതര്‍പ്പണത്തിന് എത്തിയ ഒരാള്‍ പുഴയിലേക്കു ചാടി. ബലിയിട്ട ശേഷം പുഴയിലേക്ക് ചാടുകയായിരുന്നു. പുഴയില്‍ ആഴമുള്ള ഭാഗത്തേക്കു പോകാതിരിക്കാനായി വേലി കെട്ടി തിരിച്ചിരുന്നു. വേലിക്കെട്ടിനുള്ളില്‍ മാത്രമേ ബലിതര്‍പ്പണത്തിന് എത്തിയവര്‍ക്കു മുങ്ങി കുളിക്കാന്‍ പാടുള്ളു.
എന്നാല്‍, ഒരാള്‍ ഈ വേലിക്കെട്ട് ചാടിക്കടന്നു മുന്നിലേക്കു പോവുകയായിരുന്നു. ഫയര്‍ഫോഴ്സും പോലീസും ചേര്‍ന്നാണ് ഇയാളെ കരയിലേക്കു കയറ്റിയത്. താന്‍ പരിസരപ്രദേശത്തുതന്നെയുള്ള ആളാണെന്നും പുഴ കണ്ടപ്പോള്‍ ചാടിയതാണെന്നുമാണ് ഇയാള്‍ പോലീസിനോടു പറഞ്ഞത്.
അതേസമയം, 1500 പോലീസുകാരെയാണ് സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുള്ളത്. ഫയര്‍ഫോഴ്സ്, നേവി, മുങ്ങല്‍ വിദഗ്ധര്‍ എന്നിവരുടെ സേവനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 250 കെഎസ്ആര്‍ടിസി ബസുകള്‍ പ്രത്യേകം സര്‍വീസ് നടത്തുന്നുണ്ട്. സ്വകാര്യ ബസുകളും കൊച്ചി മെട്രോയും അധികം സമയം സര്‍വീസ് നടത്തുന്നുണ്ട്.
ശിവരാത്രി ആഘോഷത്തിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്കു രണ്ടു വരെ ആലുവയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇന്നലെ അര്‍ധരാത്രി ശിവരാത്രി വിളക്കിനു ശേഷം ആരംഭിച്ച ബലിതര്‍പ്പണ ചടങ്ങുകള്‍ ഇന്ന് ഉച്ചവരെ നീളും. 116 ബലിത്തറകളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.
Kerala
കൊച്ചി: പെരുമ്പാവൂര്‍ വെങ്ങോലയിലെ പ്ലൈവുഡ് സ്ഥാപനത്തിലെ തീയണച്ചു. പുളിയാംമ്പിള്ളിയില് മക്കാര്‍ സണ്‍സ് പ്ലൈവുഡ് കമ്പനിയില്‍ ഇന്ന് രാവിലെ പത്തോടെയാണ് തീപിടിച്ചത്. പട്ടിമറ്റം, പെരുമ്പാവൂര്‍, ആലുവ, തൃക്കാക്കര, കോതമംഗലം മൂവാറ്റുപുഴ എന്നിവിടങ്ങളില്‍ നിന്നുള്ള എട്ട് യൂണിറ്റ് അഗ്നിരക്ഷാസേന എത്തിയാണ് അഞ്ചു മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍ തീയണച്ചത്.
സ്റ്റേഷന് ഓഫീസര്‍മാരായ എന്‍.എച്ച്. അസൈനാര്‍ (പട്ടിമറ്റം), ടി.കെ സുരേഷ് (പെരുമ്പാവൂര്‍), ബി ബൈജു (തൃക്കാക്കര), കെ.എന്‍ സതീഷ് (മൂവാറ്റുപുഴ) എന്നിവരുടെ നേതൃതത്തില്‍ 60 സേനാംഗങ്ങളാണ് തീയണക്കാന്‍ എത്തിയത്. പെരിയാര്‍ വാലി കനാലില്‍ നിന്ന് വെളളം ലഭിച്ചതിനാല്‍ തീ അണക്കല്‍ എളുപ്പമായി.
അതേസമയം, പ്ലൈവുഡ് കമ്പനിയില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായത്. വിനിയര്‍, പ്ലൈവുഡ്, പാനല്‍ ബോര്‍ഡ്, ഡ്രയര്‍ മോട്ടോര്‍ എന്നിവ കത്തി നശിച്ചു. കമ്പനിയുടെ അടുത്ത് മറ്റ് സ്ഥാപനങ്ങളോ വീടുകളോ ഇല്ലാത്തതിനാല്‍ വലിയ ദുരന്തം ഒഴിവായി.
Kerala
കൊച്ചി: കളമശേരി എച്ച്എംടി കോളനിയിലെ സോഫാ നിർമാണ യൂണിറ്റിൽ വൻ തീപിടിത്തം. രാത്രി എട്ടോടെയാണ് തീപിടിത്തമുണ്ടായത്. നിലവിൽ ആളപായമില്ല.
അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സോഫാ നിർമാണത്തിന് ഉപയോഗിക്കുന്ന വേഗത്തിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ യൂണിറ്റിൽ ഉണ്ടായിരുന്നതിനാൽ തീ വേഗത്തിൽ ആളിപ്പടരുകയായിരുന്നു.
തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Kerala
കൊച്ചി: എറണാകുളം സൗത്ത് റെയിവേ സ്റ്റേഷന് സമീപത്ത് ആക്രി സാധനങ്ങള്‍ സൂക്ഷിച്ചിരുന്ന ഷെഡില്‍ തീപിടിത്തം. സൗത്ത് പാലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്.
ഉടന്‍ അഗ്നിരക്ഷസേന എത്തി തീയണച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി. സൗത്ത് റെയിവേ സ്റ്റേഷനും റെയില്‍വേ ഓവര്‍ ബ്രിഡ്ജിനും മെട്രോ റെയില്‍ പാലത്തിനും നടുവിലുള്ള ഷെഡിനാണ് തീപിടിച്ചത്.
ട്രെയ്നിലും റെയില്‍വേ പാലത്തിലുമൊക്കെ ഉണ്ടാകുന്ന മാലിന്യമാണ് ഈ ഷെഡില്‍ സൂക്ഷിച്ചിരുന്നത്. ആസ്പറ്റോസ് കൊണ്ടുണ്ടാക്കിയ ഷെഡില്‍ പെട്ടെന്ന് തന്നെ തീ പടര്‍ന്നു പിടിക്കുകയായിരുന്നു. തീ പടര്‍ന്ന ഉടന്‍ തന്നെ സമീപത്തുള്ള കടക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്.
ഒപ്പം തന്നെ അതുവഴി പോയ ഒരു കുടിവെള്ള ടാങ്കറില്‍ നിന്നും വെള്ളമെടുത്ത് ആളുകള്‍ തീയണയ്ക്കാനും ശ്രമിച്ചിരുന്നു. ഫയര്‍ ഫോഴ്സ് എത്തി മുക്കാല്‍ മണിക്കൂറോളം ശ്രമിച്ചാണ് തീയണച്ചത്. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിയതില്‍ സമീപത്ത് തീയണച്ച ശേഷം കനത്ത പുക ഉയര്‍ന്നു.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ സൗത്ത് 24 പർഗാനാസ് ജില്ലയിലെ രണ്ട് വെയർ ഹൗസുകളിൽ തീപിടിത്തം. തിങ്കളാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ഏഴ് പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായതായി ജില്ലാ ഭരണകൂടം അറിയിച്ചു.
നസീറാബാദ് പ്രദേശത്തെ വെയർഹൗസുകളിലാണ് തീപിടിത്തമുണ്ടായത്. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയെന്നും ബാക്കിയുള്ളവരുടെ മൃതദേഹം കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കുന്നതായും പോലീസ് അറിയിച്ചു.
ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയതെന്നും അഗ്നിരക്ഷാസേന പറഞ്ഞു. 16 പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. തീപിടിത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Kerala
കൊല്ലം: കരുനാഗപ്പള്ളിയിലെ ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം. കരുനാഗപ്പള്ളി - ചെറിയഴീക്കൽ റോഡിൽ പ്രവർത്തിക്കുന്ന നവഗ്രഹ ഹോട്ടലിൽ ആണ് പൊട്ടിത്തെറിയുണ്ടായത്.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം ഉണ്ടായത്. ഫയർ ഫോഴ്സിനെ വിവരം അറിയിച്ചതിനെ തുടർന്ന് അവരെത്തുകയും തീ അണക്കുകയും ആയിരുന്നു. ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചതാണ് അപകട കാരണം.
ഫ്രിഡ്ജ് ഉൾപ്പെടെയുള്ള സാധനങ്ങൾ കത്തി നശിച്ചിട്ടുണ്ട്. തലനാരിഴയ്ക്കാണ് ആളപായം ഒഴിവായത്.
National
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രിയും ബിജെപി എംപിയുമായ രവിശങ്കർ പ്രസാദിന്റെ വീട്ടിൽ തീപിടിത്തം. ഡൽഹിയിലുള്ള വീട്ടിലാണ് തീപിടിത്തമുണ്ടായത്.
ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. അഗ്നിരക്ഷാസേനയുടെ മൂന്ന് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണച്ചു. ഒരു റൂമിലുണ്ടായിരുന്ന ബെഡിന് തീപിടിക്കുകയായിരുന്നുവെന്ന് അഗ്നിരക്ഷാ സേനയുടെ ഉദ്യോഗസ്ഥർ പറഞ്ഞു.
തീപിടിത്തത്തിൽ നാശനഷ്ടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തില്ല. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
പയ്യന്നൂര്‍: കുഞ്ഞിമംഗലത്തെ വര്‍ക്ക് ഷോപ്പിലുണ്ടായ അഗ്നിബാധയില്‍ രണ്ടു വാഹനങ്ങള്‍ പൂര്‍ണമായും കത്തി നശിച്ചു. പയ്യന്നൂര്‍ ബികെഎം ആശുപത്രിക്ക് സമീപത്തെ കെ.പി.രമേശന്റെ ഉടമസ്ഥതയിലുള്ള കുഞ്ഞിമംഗലം താമരക്കുളങ്ങരയിലെ കാര്‍ ലാന്‍ഡ് എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്.
ഇന്നലെ രാത്രി പന്ത്രണ്ടോടെയാണ് തീപിടിത്തമുണ്ടായത്.
അറ്റകുറ്റപ്പണികള്‍ക്കു കൊണ്ടുവന്നു വര്‍ക്ക് ഷോപ്പിനു പുറത്തു നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളാണ് കത്തിനശിച്ചത്. തീ ആളിക്കത്തുന്നതു കണ്ട വഴിയാത്രക്കാരാണ് അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. ഇതേത്തുടര്‍ന്ന് പയ്യന്നൂരില്‍നിന്ന് എത്തിയ രണ്ട് അഗ്നിശമന യൂണിറ്റുകള്‍ മുക്കാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീ പൂര്‍ണമായി അണച്ചത്. പൂട്ടിക്കിടന്ന ഗേറ്റിന്റെ പൂട്ട് തകര്‍ത്തായിരുന്നു രക്ഷാപ്രവര്‍ത്തനം.
Kerala
പരിയാരം: കണ്ണൂർ പരിയാരം ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയുടെ ഏഴാംനിലയില്‍നിന്നു താഴേക്ക് ചാടി രോഗിയുടെ കൂട്ടിരിപ്പുകാരൻ മരിച്ചു. ശ്രീകണ്ഠാപുരം കാഞ്ഞിലേരി ആലക്കുന്നിലെ പുതുപ്പള്ളിഞ്ഞാലില്‍ തോമസ്-ത്രേസ്യാമ്മ ദമ്പതികളുടെ മകന് ടോം തോംസണാണ് (40) മരിച്ചത്. ഇന്ന് പുലർച്ചെ ഒന്നോടെയായിരുന്നു സംഭവം.
രാത്രിയോടെ ബഹളം
ടോം തോംസണിന്റെ അച്ഛൻ തോമസ് ഹെര്‍ണിയ ഓപ്പറേഷന് കഴിഞ്ഞ് ഏഴാം നിലയില്‍ അഡ്മിറ്റാണ്. ഇദ്ദേഹത്തെ പരിചരിക്കുന്നതിനാണ് മകനായ ടോം ആശുപത്രിയില്‍ എത്തിയത്. നാലു ദിവസം മുമ്പാണ് തോമസ് ശസ്ത്രക്രിയയ്ക്കായി ഏഴാം നിലയിലെ 702-ാം വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടത്. പുലര്‍ച്ചെ ഒന്നോടെ ടോം ആശുപത്രിയില്‍ ബഹളമുണ്ടാക്കി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാ യിരുന്നു. സുരക്ഷാജീവനക്കാരും ആശുപത്രിയില്‍ ഉണ്ടായിരുന്ന മറ്റ് കൂട്ടിരിപ്പുകാരും ഇടപെട്ടതോടെ ഇയാള്‍ പുറത്തേക്കു ചാടുമെന്നു ഭീഷണിപ്പെടുത്തി ഏഴാംനിലയിലെ സ്റ്റെയര്കേസിനു സമീപത്തുനിന്നു ജനലിലൂടെ പുറത്തേക്കു കടന്നു. ഇതോടെ ആശുപത്രി അധികൃതര്‍ 1.15ന് പയ്യന്നൂര്‍ അഗ്നിശമനസേനയെ വിവരം അറിയിച്ചു.
ശ്രമം പാഴായി
അഗ്നിശമനസേന സ്ഥലത്തെത്തി അനുനയിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വഴങ്ങാതെ വന്നതോടെ താഴെ വലവിരിച്ച് ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചു. എന്നാല്‍, ഏഴാം നിലയില്‍നിന്ന് ആറാം നിലയിലേക്കു വന്നു ടോം തോംസണ്‍ വലയില്ലാത്ത ഭാഗത്ത് നിന്നും 1.50 ന് താഴേക്ക് ചാടുകയായിരുന്നു. ഉടന്‍ തന്നെ സേനാംഗങ്ങള്‍ ഇയാളെ മെഡിക്കല്‍ കോളജ് കാഷ്വാലിറ്റിയില്‍ എത്തിച്ചെങ്കിലും പുലര്‍ച്ചെ 3.10 ന് മരിച്ചു. ഭാര്യ: ജോഷി മോള്. മക്കള്‍:ആഷിക്, അയോണ്‍. സഹോദരങ്ങള്‍: അനില്‍, സുനി, സുമ, സുജ. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍.
Kerala
തിരുവനന്തപുരം: വര്‍ക്കല ക്ലിഫിൽ വൻ തീപിടുത്തം. നോര്‍ത്ത് ക്ലിഫിലെ റിസോര്‍ട്ടിലാണ് വൻ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ റിസോര്‍ട്ട് പൂര്‍ണമായും കത്തി നശിച്ചു.
നോര്‍ത്ത് ക്ലിഫിലെ കലയില റിസോര്‍ട്ടിലാണ് തീപിടിത്തമുണ്ടായത്. റൂമിൽ വാടക്ക് താമസിച്ച വിനോദ സഞ്ചാരികളടക്കമുള്ളവര്‍ ഓടി രക്ഷപ്പെട്ടു.
സംഭവത്തിൽ ആര്‍ക്കും പരിക്കില്ല. അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.
Kerala
വടകര: ഓര്‍ക്കാട്ടേരിയിലെ വടകര ബ്ലോക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ തീപിടിത്തം. സൊസൈറ്റിയിലെ യുപിഎസ് ബാറ്ററി സംവിധാനത്തിന് ഉച്ചയോടെ തീപിടിക്കുകയായിരുന്നു.
വടകരയില്‍ നിന്ന് ഫയര്‍ഫോഴ്സിന്റെ രണ്ട് യൂണിറ്റുകള്‍ എത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. കനത്ത പുകയായതിനാല്‍ കെട്ടിടത്തില്‍ പ്രവേശിക്കാന്‍ പറ്റാത്ത സാഹചര്യമായിരുന്നു.
പിന്നീട് വടകര അഗ്നിരക്ഷാ നിലയത്തില്‍ നിന്ന് അഡ്വാന്‍സ് റെസ്ക്യൂ ടെന്‍ഡര്‍ എന്ന വാഹനം വരുത്തി എക്സ്ഹോസ്റ്റ് ബ്ലോവര്‍ സംവിധാനം ഉപയോഗിച്ച് കെട്ടിടത്തിനുള്ളിലെ പുക മുഴുവന്‍ പുറംതള്ളുകയായിരുന്നു. ഇതിനു ശേഷമാണ് കെട്ടിടത്തില്‍ അപകട സാധ്യത ഉണ്ടോ എന്ന് ഫയര്‍ ഫോഴ്സിന് പരിശോധന നടത്താന്‍ കഴിഞ്ഞത്.
യുപിഎസ് ബാറ്ററി സംവിധാനമുള്ള മുറിയില്‍ നിന്ന് തീ സൊസൈറ്റിയിലെ മറ്റു ഭാഗത്തേക്ക് പടരാതിരുന്നത് ആശ്വാസമായി. ഇന്‍വേര്‍ട്ടറും ബാറ്ററിയും ഇതിന്റെ വയറിംഗും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.
Kerala
കാസർഗോഡ്: അബദ്ധവശാൽ ഡോർ ലോക്കായതോടെ മൂന്നു വയസുകാരൻ ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ടു. ഞായറാഴ്ച രാത്രി 10:30 ഓടെ
ചെർക്കളയിലെ നൗഫൽ- മുഹ്സീന ദമ്പതികളുടെ മകൻ സൈദാൻ മാലിക്, ഗ്ലാസ് ഡോർ ഘടിപ്പിച്ച പ്രാർഥന മുറിയിൽ അബദ്ധവശാൽ വാതിൽ ലോക്കായി അകപ്പെടുകയായിരുന്നു. ഒരു മണിക്കൂർ നേരം മുറിയിൽ അകപ്പെട്ട് പോയി. പരിഭ്രാന്തരായ മാതാപിതാക്കൾ വാതിൽ തുറക്കാൻ ഏറെനേരം ശ്രമം നടത്തിയെങ്കിലും സാധിക്കാത്ത വന്നതിനാൽ കാസർഗോഡ് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു.
സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ വി.എം സതീശന്റെ നേതൃത്വത്തിൽ സേനയെത്തി 20 മിനിറ്റോളം സമയമെടുത്ത് റെസീപ്രോക്കേറ്റിംഗ് വാൾ ഉപയോഗിച്ച് ലോക്ക് മുറിച്ചു മാറ്റി കുട്ടിയെ പുറത്തെടുക്കുകയായിരുന്നു . സേനാഗങ്ങളായ എസ്.അരുൺകുമാർ, സി.വി ഷബിൽ കുമാർ, എം.എം.അരുൺ കുമാർ,ഹോംഗാർഡ് പി.ശ്രീജിത് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.
National
ന്യൂഡൽഹി: റിതാല മെട്രോ സ്റ്റേഷന് സമീപത്തുള്ള ചേരിയിൽ വൻ തീപിടിത്തം. വെള്ളിയാഴ്ച രാത്രിയാണ് തീപിടിത്തമുണ്ടായത്.
തീപിടിത്തത്തിൽ ഒരാൾ മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ സഫ്ദർജംഗ് ആശുപത്രിയിലേയ്ക്ക് മാറ്റി.
റിതാല മെട്രോ സ്റ്റേഷന് സമീപത്തുള്ള ബംഗാളി ബസ്തി എന്ന പ്രദേശത്തെ ചേരിയിലാണ് തീപിടിത്തമുണ്ടായത്. വിവരമറിഞ്ഞ് അഗ്നിരക്ഷാസേനയുടെ 29 യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു.
മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവിലാണ് തീയണച്ചത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
Kerala
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട്ടിൽ വീണയാളെ ഫയർഫോഴ്സ് സംഘം രക്ഷപ്പെടുത്തി. വഴുതക്കാട് വിഘ്നേഷ് നഗർ സ്വദേശി രാജപ്പൻ (56) ആണ് തോട്ടിൽ വീണത്.
ബേക്കറി ജംഗ്ഷനിൽ റിസർവ് ബാങ്കിനു സമീപത്ത് വച്ചാണ് ഇയാൾ തോട്ടിൽ വീണത്. വെള്ളിയാഴ്ചയായിരുന്നു സംഭവം.
ഉച്ചയോടെ തോട്ടിനു സമീപത്തിരുന്ന് ആഹാരം കഴിക്കുകയായിരുന്നു രാജപ്പൻ. പിന്നാലെ ഇയാൾ തോട്ടിലേക്കു വീഴുകയായിരുന്നെന്ന് സമീപത്തുണ്ടായിരുന്നവർ പറഞ്ഞു.
സംഭവമറിഞ്ഞ നാട്ടുകാരാണ് വിവരം ഫയർഫോഴ്സിൽ അറിയിച്ചത്. ഫയർഫോഴ്സ് തിരുവനന്തപുരം നിലയത്തിൽനിന്ന് സീനിയർ ഫയർ ആൻഡ് റസ്ക്യു ഓഫീസർ എം. ഷാഫിയും സംഘവുമാണ് ആവശ്യമായ ഉപകരണങ്ങളുടെ സഹായത്തോടെ തോട്ടിൽനിന്ന് രാജപ്പനെ കരയ്ക്കെത്തിച്ചത്.
എഴുന്നേറ്റ് നിന്നെങ്കിലും കയറിപ്പോരാൻ കഴിയാതിരുന്ന ഇയാളെ റോപ്പ് ഉപയോഗിച്ചാണ് കരയിലേക്കെത്തിച്ചത്. പിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനാൽ ഇയാളെ തിരുവനന്തപുരം ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി.
Kerala
മലപ്പുറം: കോട്ടയ്ക്കലില്‍ വ്യാപാര സ്ഥാപനത്തില്‍ വന്‍ തീപിടിത്തം. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീ അണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പുലര്‍ച്ചെ 5.30നായിരുന്നു തീപിടിത്തമുണ്ടായത്.
സാധനങ്ങള്‍ വിലക്കുറവില്‍ ലഭിക്കുന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. താല്കാലികമായി ഉണ്ടാക്കിയ കടയായതിനാല്‍ ഫ്ളക്സുകളും മറ്റും ഉപയോഗിച്ചായിരുന്നു നിര്‍മാണം. ഇത് അപകടത്തിന്റെ ആഘാതം വര്‍ധിക്കാന്‍ കാരണമായി.
തൊട്ടടുത്തുണ്ടായിരുന്ന ചെരുപ്പ് കടയിലേക്കും തീ വ്യാപിച്ചു. മറ്റ് സ്ഥലങ്ങളിലേക്ക് തീ പടരാതിരിക്കാനുളള കാര്യങ്ങളാണ് നാട്ടുകാരും ഫയർ ഫോഴ്സും ചേർന്ന് നടത്തുന്നത്.