റായ്പുർ: ഛത്തീസ്ഗഡിൽ വിജയദശമിയോടനുബന്ധിച്ച് നടന്ന പരന്പരാഗത ആയുധപൂജയ്ക്കിടെ (ശസ്ത്രാ പൂജ) എകെ 47 റൈഫിൾകൊണ്ട് വെടിയുതിർത്ത് വനിതാ ഐപിഎസ് ഓഫീസർ. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി.
രാജ്നന്ദ്ഗാവ് എസ്പിയായ അങ്കിത ശർമയാണ് പുലിവാലു പിടിച്ചത്.
അതേസമയം, അങ്കിതയെ പിന്തുണയ്ക്കാനും ആളുണ്ടായി. രാജ്നന്ദ് ഗാവ് നഗരത്തിലായിരുന്നു ആയുധപൂജ നടന്നത്. സാരി ധരിച്ചെത്തിയ അങ്കിത പല റൗണ്ട് വെടിയുതിർക്കുകയായിരുന്നു. എഎസ്പി കീർത്തൻ റാത്തോഡും എകെ 47 റൈഫിൾകൊണ്ടു വെടിയുതിർത്തു.
സുരക്ഷിത പ്രദേശത്ത് ആവശ്യമായ മുൻകരുതലെടുത്തുവേണം വെടിവയ്പ് നടത്താനെന്ന് റിട്ട. ഐപിഎസ് ഓഫീസർ ആർ.കെ. വിജ് പറഞ്ഞു. വെടിവയ്ക്കുകയല്ല, ആയുധങ്ങൾ പൂജിക്കുകയാണു വേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.