ചെന്നൈ: തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കയിൽ തടവിലാകുമ്പോൾ എം.കെ. സ്റ്റാലിൻ കേന്ദ്രത്തിന് കത്ത് എഴുതുക മാത്രമാണ് ചെയ്യുന്നതെന്ന് വിജയ് നേരത്തെ വിമർശിച്ചിരുന്നു. എന്നാല്‍ ഇപ്പോൾ വിജയ്യും അതേ രീതിയിൽ കേന്ദ്രത്തിന് കത്ത് നൽകിയതു രാഷ്ട്രീയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ശ്രീലങ്കയിൽ തടവിലായ ആറ് മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടാണ് വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് വിജയ് കത്തയച്ചത്. തമിഴ്നാട്ടിലെ മത്സ്യത്തൊഴിലാളികൾ ശ്രീലങ്കൻ നാവികസേനയുടെ പിടിയിലാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന സാഹചര്യത്തിലാണ് വിജയ് കേന്ദ്രത്തെ സമീപിച്ചത്. തമിഴ്നാട് മുഖ്യമന്ത്രിയായതിന് പിന്നാലെ കേന്ദ്ര സർക്കാരിനുള്ള വിജയ്യുടെ ആദ്യത്തെ കത്താണിത്.