പൂന്തുറ: നങ്കൂരമിട്ടിരുന്ന വള്ളത്തില്‍ കയറുന്നതിനായി നീന്തിപ്പോകവേ തിരയില്‍പ്പെട്ട് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളിയെ രണ്ടാം ദിവസവും കണ്ടെത്താന്‍ കഴിഞ്ഞില്ല. പൂന്തുറ ന്യൂകോളനി ടി.സി - 47 /117-ല്‍ ജോസഫിനെ (53) ആണ് കാണാതായത്. പൂന്തുറ സെന്റ് തോമസ് പള്ളിക്കു മുന്നിലുള്ള കടലിലാണ് ജോസഫിനെ കാണാതായത്.
ഞായറാഴ്ച ഉച്ചയ്ക്ക് 1.40 ഓടുകൂടിയായിരുന്നു അപകടം. മീന്‍ പിടിക്കാനായി കരയില്‍നിന്നും ഏകദേശം 45 മീറ്ററോളം അകലെ നങ്കൂരമിട്ടിരുന്ന വള്ളത്തിലേയ്ക്ക് കയറുന്നതിനായി നീന്തി പോകവേ ശക്തമായ തിരയില്‍പ്പെട്ട് ജോസഫ് മുങ്ങിത്താഴുകയായിരുന്നു. സംഭവം നടന്നയുടന്‍തന്നെ നാട്ടുകാരുടെ നേതൃത്വത്തില്‍ തെരച്ചില്‍ നടത്തിയെങ്കിലും ജോസഫിനെ കണ്ടെത്താന്‍ കഴിഞ്ഞില്ല.
തുടര്‍ന്നു വിഴിഞ്ഞം കോസ്റ്റല്‍ പോലീസും മറൈന്‍ എന്‍ഫോഴ്സ്മെന്റ് അധികൃതരുമെത്തി ഏറേനേരം തെരച്ചില്‍ നടത്തി. വെളിച്ചക്കുറവ് കാരണം ഞായറാഴ്ച വൈകി തെരച്ചില്‍ നിർത്തി. ഇന്നലെ രാവിലെ പുനരാരംഭിച്ച തെരച്ചില്‍ വൈകുന്നേ രം വരെ തുടർന്നതായി വിഴിഞ്ഞം കോസ്റ്റല്‍ പോലീസ് അറിയിച്ചു.