Kerala
കൊല്ലം: കൊല്ലത്ത് നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ടുകൾ ആഴക്കടലിൽ ആക്രമിക്കപ്പെട്ടു. തമിഴ്നാട്ടിൽ നിന്നുള്ള ബോട്ടുകളിലെത്തിയ മത്സ്യത്തൊഴിലാളികളാണ് ആക്രമിച്ചത്.
ആക്രമണത്തിൽ മത്സ്യത്തൊഴിലാളികളായ നാല് പേർക്ക് പരിക്കേറ്റു. ആറ് ബോട്ടുകൾക്ക് കേടുപാടുണ്ടായി. 124 നോട്ടിക്കൽ മൈൽ അകലെ വച്ചായിരുന്നു സംഭവമുണ്ടായത്.
ഓൾ ഇന്ത്യ പെർമിറ്റുള്ള ബോട്ടുകളാണ് ആക്രമിക്കപ്പെട്ടത്. തമിഴ്നാടിന്റെ പരിധിയിൽ കയറി മത്സ്യബന്ധനം നടത്തിയെന്നാരോപിച്ചായിരുന്നു ആക്രമണം.
National
ന്യൂഡൽഹി: ആഴക്കടലിലുള്ള സുസ്ഥിര മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കുന്നതിനും തീരദേശ ഉപജീവനമാർഗം ശക്തിപ്പെടുത്തുന്നതിനുമായി പ്രത്യേക സാന്പത്തിക മേഖലയിലെ (ഇഇസെഡ്) മത്സ്യബന്ധനത്തിന്റെ സുസ്ഥിര ഉപയോഗ നിയമങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ചെറുകിട മത്സ്യത്തൊഴിലാളി സഹകരണ സംഘങ്ങളെയും മത്സ്യകർഷക ഉത്പാദക സംഘടനകളെയും (എഫ്പിപിഒ) ശക്തീകരിക്കുന്നതിനാണ് പുതിയ നിയമങ്ങൾ ലക്ഷ്യമിടുന്നത്.
റിസർവ് ബാങ്കിന്റെ നിയന്ത്രണങ്ങൾക്കു കീഴിൽ സമുദ്രമധ്യ ട്രാൻസ്ഷിപ്മെന്റ് അനുവദിക്കുന്ന ‘മാതൃ-ശിശു’ വെസൽ മോഡലുകൾ, മൂല്യവർധന, സർട്ടിഫിക്കേഷൻ തുടങ്ങിയ സംരംഭങ്ങളിലൂടെ രാജ്യത്തെ സമുദ്ര മത്സ്യബന്ധന മേഖലയെ ആധുനികവത്കരിക്കാൻ നിയമങ്ങൾ സഹായിക്കുമെന്ന് ഫിഷറീസ് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. എൽഇഡി ലൈറ്റ് ഫിഷിംഗ്, പെയർ ട്രോളിംഗ്, ബുൾ ട്രോളിംഗ് തുടങ്ങിയ വിനാശകരമായ മത്സ്യബന്ധന രീതികൾക്കെതിരേ ഉറച്ച നിലപാടും നിയമങ്ങൾ സ്വീകരിക്കുന്നുണ്ട്. അതേസമയം, ജൈവവൈവിധ്യ സംരക്ഷണവും സുസ്ഥിരമായ ഉപജീവനമാർഗവും ഉറപ്പാക്കുന്നതിന് കടൽക്കൂട് കൃഷി, കടൽപ്പായൽ കൃഷി തുടങ്ങിയ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഇഇസെഡ് നിയമങ്ങളനുസരിച്ച് റിയൽക്രാഫ്റ്റ് പോർട്ടൽ വഴി യന്ത്രവത്കൃതവും വലിയ മോട്ടോറുകൾ ഘടിപ്പിച്ചതുമായ മത്സ്യബന്ധന കപ്പലുകൾക്ക് പ്രത്യേക സാന്പത്തികമേഖലയിലേക്ക് പ്രവേശന പാസ് നിർബന്ധമാണ്. പരന്പരാഗത മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന മോട്ടോർ ഘടിപ്പിച്ചതോ അല്ലാത്തതോ ആയ ചെറുബോട്ടുകളെ പ്രവേശന പാസ് എടുക്കുന്നതിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഇന്ത്യയുടെ പ്രത്യേക സാന്പത്തികമേഖലയിൽ വിദേശ കപ്പലുകൾ പ്രവർത്തിക്കുന്നതും നിയമംവഴി നിരോധിക്കുന്നു.
മെച്ചപ്പെട്ട സുരക്ഷയ്ക്കും തീരദേശസുരക്ഷയ്ക്കും വേണ്ടി മത്സ്യത്തൊഴിലാളികൾക്കും കപ്പലുകൾക്കും ട്രാൻസ്പോണ്ടറുകളും ക്യുആർ കോഡഡ് ഐഡി കാർഡുകളും നിർബന്ധമാക്കിയിട്ടുണ്ട്. ഇന്ത്യയുടെ അനുബന്ധ മേഖലയ്ക്കു പുറത്തുള്ള പ്രത്യേക സാന്പത്തികമേഖലയിൽനിന്നു ലഭിക്കുന്ന മത്സ്യവിഭവങ്ങൾ ഇന്ത്യൻ തുറമുഖത്ത് ഇറക്കുന്പോൾ അത് ഇറക്കുമതിയായി കണക്കാക്കാതെ റവന്യു, കസ്റ്റംസ് നിയമങ്ങൾ പ്രകാരം ഇന്ത്യൻ വിഭവമായി അംഗീകരിക്കും. വിഭവങ്ങൾ മറ്റു രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്പോൾ ഇന്ത്യൻ ആസ്തിയായി രേഖപ്പെടുത്താൻ ഇതുവഴി സാധിക്കും.
ആഴക്കടൽ മത്സ്യബന്ധന പ്രവർത്തനങ്ങളിൽ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകുകയും പ്രധാൻമന്ത്രി മത്സ്യസന്പാദ യോജന (പിഎംഎംഎസ്വൈ), ഫിഷറീസ് ആൻഡ് അക്വാകൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റ് ഫണ്ട് (എഫ്ഐഡിഎഫ്) പോലുള്ള മുൻനിര പദ്ധതികൾക്കു കീഴിൽ പരിശീലനം, താങ്ങാനാകുന്ന വായ്പ എന്നിവ നിയമത്തിനു കീഴിൽ ഉറപ്പുവരുത്തുകയും ചെയ്യുന്നു.
District News
പാലക്കാട് ജില്ലയിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. രാവിലെ മുതൽ ജില്ലയുടെ പല ഭാഗങ്ങളിലും നേരിയ തോതിൽ മഴ ലഭിക്കുന്നുണ്ട്. ഇത് വരും മണിക്കൂറുകളിൽ ശക്തമാവാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിന് നിലവിൽ വിലക്കില്ല. എന്നിരുന്നാലും, കടലിൽ പോകുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഉയർന്ന തിരമാലകൾക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
മഴ കനത്താൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടിനും നഗരങ്ങളിൽ ഗതാഗത തടസ്സങ്ങൾക്കും സാധ്യതയുണ്ട്. ജനങ്ങൾ ആവശ്യമായ മുൻകരുതലുകൾ എടുക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.