ചെങ്ങന്നൂർ: സംസ്ഥാനവ്യാപകമായി എക്സൈസ് വകുപ്പ് നടത്തിവരുന്ന ഓപ്പറേഷൻ തണ്ടർ- പരിശോധനയുടെ ഭാഗമായി ചെങ്ങന്നൂരിൽ വൻ ചാരായവേട്ട. ഇലഞ്ഞിമേൽ ഭാഗത്തുനിന്നും പത്ത് ലിറ്റർ ചാരായവും 40 ലിറ്റർ കോടയും വാറ്റുപകരണങ്ങളും എക്സൈസ് സംഘം പിടിച്ചെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് പുലിയൂർ വില്ലേജിൽ ഇലഞ്ഞിമേൽ കോട്ടത്തറ കോളനിയിൽ പ്രസന്നാലയം വീട്ടിൽ സുനീഷിനെതിരേ അബ്‌കാരി നിയമപ്രകാരം കേസെടുത്തു. എക്സൈസ് സംഘത്തെ കണ്ട് പ്രതി ഓടി രക്ഷപെട്ടതിനാൽ അറസ്റ്റ് ചെയ്യാനായിട്ടില്ല. ഇയാൾക്കായി തെരച്ചിൽ ഊർജിതമാക്കി.
ചെങ്ങന്നൂർ എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർക്ക് ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി 9.40 ഓടെയായിരുന്നു പരിശോധന. അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) ബാബു ഡാനിയേലിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്. 10 ലിറ്റർ ചാരായം, 40 ലിറ്റർ കോട, 40 ലിറ്റർ സ്പെന്റ് വാഷ് എന്നിവയും പ്രദേശത്ത് ഒളിപ്പിച്ച നിലയിലായിരുന്ന വാറ്റുപകരണങ്ങളുമാണ് കണ്ടെടുത്തത്.
എക്സൈസ് പാർട്ടിയിൽ പ്രിവന്‍റീവ് ഓഫീസർ ബി. സുനിൽകുമാർ. സിവിൽ എക്സൈസ് ഓഫീസർമാരായ ആർ. ശ്രീജിത്ത്, പ്രതീഷ് പി. നായർ, ശ്രീക്കുട്ടൻ, അമൽ എന്നിവരും പങ്കെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.