തിരുവനന്തപുരം: മുഖ്യമന്ത്രി വി.ഡി. സതീശന്റെ വിവാദ വിമാനയാത്രയിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും എം.പിയുമായ ശശി തരൂർ. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മുഖ്യമന്ത്രിമാർ വിമാനത്തിലും ഹെലികോപ്റ്ററിലും യാത്ര നടത്താറുണ്ടെന്നും, ഇതിനെ എന്തിനാണ് ഇത്ര വലിയ വിവാദമാക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
യാത്രയ്ക്കായി സർക്കാരോ പാർട്ടിയോ പണം ചെലവാക്കുന്നില്ലല്ലോ എന്നും തരൂർ ചൂണ്ടിക്കാട്ടി. ഒരു മുഖ്യമന്ത്രിക്ക് നമ്മൾ കൂടുതൽ സൗകര്യങ്ങളൊന്നും കൊടുക്കാറില്ലെന്ന് അദ്ദേഹം പറഞ്ഞു. വല്ല ആവശ്യവും വരുമ്പോൾ പെട്ടെന്ന് എന്തെങ്കിലും സൗകര്യം നൽകിയാൽ അതിൽ പരാതി പറയുന്ന രീതി അന്യായമായി തോന്നിയെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി എല്ലാവർക്കും അറിയാവുന്നതാണെന്നും, ഇല്ലാത്ത പണം ചെലവാക്കേണ്ട എന്ന ചിന്ത മുഖ്യമന്ത്രിക്ക് ഉണ്ടായിക്കാണുമെന്നും അദ്ദേഹം പറഞ്ഞു. ബാക്കി കാര്യങ്ങൾ അദ്ദേഹത്തോട് തന്നെ ചോദിക്കുന്നതാണ് നല്ലതെന്നും, വിഷയത്തിൽ ഇനി കൂടുതൽ ചർച്ചയുടെ ആവശ്യമില്ലെന്നുമാണ് തന്റെ അഭിപ്രായമെന്നും തരൂർ കൂട്ടിച്ചേർത്തു.