NRI
ന്യൂയോർക്ക്: ഈ വർഷത്തെ ഇൻഫ്ലുവൻസ (ഫ്ലൂ) സീസൺ അതീവ ഗുരുതരമാകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. നിലവിൽ അമേരിക്കയിൽ മാത്രം 46 ലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
കഠിനമായ പനി (103-104 ഡിഗ്രി), ശരീരവേദന, ചുമ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദ്ദിയും കണ്ടുവരുന്നുണ്ട്. സാധാരണ ഫ്ലൂവിനേക്കാൾ വേഗത്തിൽ പടരുന്ന ഈ വകഭേദം പ്രായമായവരെയും കുട്ടികളെയും ബാധിക്കാൻ സാധ്യത കൂടുതലാണ്.
പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത് രോഗം ഗുരുതരമാകുന്നത് തടയാൻ സഹായിക്കും. വാക്സീൻ ഫലപ്രാപ്തി കുറയാൻ സാധ്യതയുണ്ടെങ്കിലും സുരക്ഷയ്ക്കായി ഇത് നിർബന്ധമായും എടുക്കണമെന്ന് ഡോക്ടർമാർ നിർദേശിക്കുന്നു.
രോഗലക്ഷണങ്ങൾ കണ്ടാൽ ആദ്യ രണ്ട് ദിവസത്തിനുള്ളിൽ തന്നെ ചികിത്സ തേടുന്നത് ഫലപ്രദമാണ്. കൈകൾ വൃത്തിയായി കഴുകുക, തിരക്കുള്ള ഇടങ്ങളിൽ ജാഗ്രത പാലിക്കുക എന്നിവയാണ് പ്രതിരോധ മാർഗങ്ങൾ.
NRI
ഡബ്ലിൻ: അയർലൻഡിൽ മുമ്പെങ്ങും ഇല്ലാത്ത വിധം ഇൻഫ്ലുവൻസ രോഗം പടരുന്നതായി റിപ്പോർട്ട്. യൂറോപ്പിൽ അയർലൻഡ് ഏറ്റവും അധികം ഇൻഫ്ലുവൻസ ബാധിതരുള്ള രാജ്യങ്ങളിലൊന്നായി മാറിയിരിക്കുകയാണ്.
രാജ്യത്ത് രോഗലക്ഷണങ്ങളോടെ പരിശോധന നടത്തുന്നവരിൽ ഇൻഫ്ലുവൻസയുടെ പോസിറ്റീവ് നിരക്ക് 50 ശതമാനമാണ്. അയൽ രാജ്യമായ യുകെയിലെ സ്ഥിതിയും വിഭിന്നമല്ല.
ഫ്ലൂവിനെതിരേയുള്ള വാക്സിൻ എടുക്കാനും രോഗലക്ഷണങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ തന്നെ തുടരാനും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു. രോഗ വ്യാപനം തടയുന്നതിനായി രോഗികൾ മാസ്ക് ധരിക്കണമെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
ക്രിസ്മസ് അവധിക്കാലത്ത് സാധാരണഗതിയിൽ ഫ്ലൂ വ്യാപനം കൂടാറാണ് പതിവ്. ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർ നിർബന്ധമായും ഫ്ലൂ വാക്സിൻ എടുക്കണമെന്നും ആരോഗ്യവകുപ്പ് നിർദേശിക്കുന്നു.
ഈ വർഷം ഫ്ലൂവിനെതിരെ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്ന് ബന്ധപ്പെട്ടവർ അഭ്യർഥിച്ചു. മിക്ക ആശുപത്രികളിലും ഫ്ലൂബാധികളുടെ എണ്ണം ഏറുകയാണ്.