കൊച്ചി: മുഖ്യമന്ത്രിസ്ഥാനത്തേക്കു വി.ഡി. സതീശനെ അനുകൂലിച്ച് എറണാകുളത്ത് വീണ്ടും ഫ്ലക്സ്. കച്ചേരിപ്പടി മാധവ ഫാര്‍മസി ജംഗ്ഷനില്‍ സതീശന്റെ കട്ടൗട്ടോടെ ഉയര്‍ത്തിയ വലിയ ഫ്ലക്സില്‍ ‘മനസില്‍ നന്മയുള്ളവന് നാട് ഭരിക്കട്ടെ’എന്നാണ് എഴുതിയിരിക്കുന്നത്.
മുഖ്യമന്ത്രിയെ തീരുമാനിക്കാനായി എഐസിസി നിരീക്ഷകരായ മുകുള്‍വാസ്നിക്കും അജയ് മാക്കനും തിരുവനന്തപുരത്ത് എംഎല്‍എമാരുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ വീണ്ടും ഫ്ലക്സ് ഉയർന്നതു ചര്‍ച്ചയായി.
ജില്ലയില്‍ തെരഞ്ഞെടുപ്പു ഫലപ്രഖ്യാപനത്തിന് മുമ്പുതന്നെ സതീശനെ അനുകൂലിച്ച് ഫ്ലക്സുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.അതേസമയം, കളമശേരിയില്‍ കെ.സി. വേണുഗോപാലിനായി വച്ച ഫ്ലക്സ് കീറി നശിപ്പിച്ചനിലയില്‍ കണ്ടെത്തി.
എച്ച്എംടി ജംഗ്ഷനില്‍ ഓട്ടോ സ്റ്റാന്‍ഡിനു സമീപം ‘സേനാധിപനല്ല, മന്ത്രിയുമല്ല, ഒരേയൊരു രാജാവ്, ദ റിയല്‍ കിംഗ്’ എന്നെഴുതിയ ഫ്ലക്സാണു കീറിയത്. മുഖത്തിന്റെ ഭാഗം ബ്ലേഡുകൊണ്ട് കീറിയനിലയിലാണ്.