പുനലൂര്‍: കൊല്ലം-തിരുമംഗലം ദേശീയപാതയിലെ ഏറ്റവും ഇടുങ്ങിയ മേല്‍പ്പാലമായ പുനലൂര്‍ വാളക്കോട്ടെ പാലത്തോടു ചേര്‍ന്ന് പുതിയ പാലം നിര്‍മിക്കാനുള്ള പദ്ധതിക്ക് റെയില്‍വേയുടെ എന്‍ഒസി വൈകുന്നു. ഇതുമൂലം പദ്ധതി മുന്നോട്ടുപോകുന്നില്ല. റെയില്‍വേ പച്ചക്കൊടി കാട്ടാതെ ദേശീയപാതാ വിഭാഗത്തിന് ഇവിടെ നിര്‍മാണപ്രവര്‍ത്തനം സാധ്യമല്ല.
ഒരുനൂറ്റാണ്ടുമുന്‍പ് നിര്‍മിച്ചതും കഷ്ടിച്ച് 4.5 മീറ്റര്‍ വീതിയുള്ളതുമായ നിലവിലെ പാലത്തോടു ചേര്‍ന്ന് പുതിയ റെയില്‍വേ മേല്‍പാലം നിര്‍മിക്കാനുള്ള പദ്ധതി ആറുമാസം മുമ്പാണ് തയാറാക്കിയത്. അതിനുള്ള ജനറല്‍ ഡ്രോയിംഗ് ആന്‍ഡ് അലൈന്മെന്റ് (ജിഡിഎ) റെയില്‍വേക്ക് സമര്‍പ്പിച്ചതായും അതിനു മുന്നോടിയായി റെയില്‍വേയുടെയും ദേശീയപാത അഥോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ)യുടെയും ഉദ്യോഗസ്ഥര്‍ സ്ഥലത്ത് സംയുക്തപരിശോധന പൂര്‍ത്തിയാക്കിയതായും മേയ് 23-ന് പുനലൂരില്‍ വിളിച്ചുചേര്‍ന്ന പത്രസമ്മേളനത്തില്‍ എന്‍.കെ. പ്രേമചന്ദ്രന് എംപി. അറിയിച്ചിരുന്നു.
നിലവിലെ പാലത്തോടു തൊട്ടുചേര്‍ന്ന് വടക്കുഭാഗത്തായി 5.5 മീറ്റര്‍ വീതിയില്‍ ആര്ഒബിയും മറുവശത്ത് കാല്‍നടയാത്രക്കാര്‍ക്കായി നടപ്പാലവും നിര്‍മിക്കാനാണ് പദ്ധതി. നിലവിലെ പാലത്തിന്റെ കീഴിലായി റെയില്‍വേ നിര്‍മിച്ചിട്ടുള്ള തുരങ്കസമാനമായ നിര്‍മിതിയുടെ മുകളിലൂടെ പാലം നിര്‍മിക്കാന്‍ റെയില്‍വേ എന്‍ഒസി നല്‍കിയാലേ എന്‍എച്ച്എഐക്കും മരാമത്തുവകുപ്പിനും തുടര്നടപടികളെടുക്കാനാകൂ. 2024 ഒക്ടോബറില്‍ പ്രേമചന്ദ്രന് എംപിയുടെയും മുന്‍ എംഎല്‍എ പി.എസ്. സുപാലിന്റെയും നേതൃത്വത്തില്‍ പുനലൂരില്‍ ചേര്‍ന്ന യോഗത്തില്‍, നിലവിലെ പാലത്തിനോടു ചേര്‍ന്ന് അഞ്ചരമീറ്റര്‍ വീതിയില്‍ സമാന്തരപാതയും നാലരമീറ്റര്‍ വീതിയില്‍ നടപ്പാതയും നിര്‍മിക്കാന്‍ പദ്ധതിയിട്ടിരുന്നു. ഇതിനായി 2025 ഏപ്രിലില്‍ എന്‍എച്ച്എഐ 3.57 കോടി അനുവദിക്കുകയും സംസ്ഥാന പൊതുമരാമത്തുവകുപ്പിലെ ദേശീയപാതാവിഭാഗത്തിനെ നിര്‍മാണച്ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. എന്നാല്‍ പാലത്തിനടിയിലെ തുരങ്കസമാനമായ നിര്മിതിക്കുമീതേ ഭാരം കൂടിയ വാഹനങ്ങള്‍ കടന്നുപോകുന്നത് സുരക്ഷിതമല്ലെന്ന റെയില്‍വേയുടെ കണ്ടെത്തലിനെത്തുടര്‍ന്ന് പദ്ധതി നടപ്പായില്ല.