പരവൂർ: രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ ജനപ്രിയ ഭക്ഷണശൃംഖലകൾ വരുന്നു. സ്റ്റേഷനുകളിലും പ്ലാറ്റ്ഫോമുകളിലും പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകൾ പ്രവർത്തിപ്പിക്കുന്നതിന് അനുമതി നൽകാൻ റെയിൽ മന്ത്രാലയം തീരുമാനിച്ചു.
കാറ്ററിംഗ് നയം പരിഷ്കരിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. കെഎഫ്സി, മക്ഡൊണാൾഡ്സ്, ബാസ്കിൻ റോബിൻസൺസ്, പിസ ഹട്ട്, ബിക്കാനീർ വാല തുടങ്ങിയവയുടെ ഭക്ഷണശാലകൾ സമീപഭാവിയിൽത്തന്നെ പ്രമുഖ സ്റ്റേഷനുകളിൽ തുറന്നു പ്രവർത്തിക്കും.
ഡൽഹി, മുംബൈ, അഹമ്മദാബാദ് തുടങ്ങി മേഗാ നഗരങ്ങളിലെ ഉൾപ്പെടെ 1200 ൽ അധികം സ്റ്റേഷനുകളിൽ ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അവസരം നൽകും. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി നവീകരണ പ്രവർത്തനം നടക്കുന്ന സ്റ്റേഷനുകളിൽ അടക്കം ഇത്തരം സ്റ്റാളുകൾ അനുവദിക്കാൻ സ്ഥലം കണ്ടെത്തി നൽകാൻ റെയിൽവേ നടപടികളും ആരംഭിച്ചുകഴിഞ്ഞു.
ഇതു സംബന്ധിച്ച് കൃത്യമായ മാർഗനിർദേശങ്ങളും മാനദണ്ഡങ്ങളും എല്ലാ സോണൽ മേധാവികൾക്കും റെയിൽവേ മന്ത്രാലയം അയച്ചിട്ടുമുണ്ട്. ഇത്തരത്തിലെ പ്രീമിയം ബ്രാൻഡ് സ്റ്റാളുകൾക്കും ഔട്ട് ലെറ്റുകൾക്കും നാമനിർദേശ അടിസ്ഥാനത്തിൽ അനുമതി നൽകാൻ കഴിയില്ലെന്നും റെയിൽ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ പിന്തുടരുന്ന ഇ-ലേല വ്യവസ്ഥകൾ അടിസ്ഥാനമാക്കി മാത്രമായിരിക്കും ഇത്തരം ഔട്ട്ലെറ്റുകൾ അനുവദിക്കുക.
മാത്രമല്ല ഓരോ ഔട്ട്ലെറ്റിന്റെയും പ്രവർത്തന കാലാവധി അഞ്ചു വർഷമായി നിജപ്പെടുത്തിയിട്ടുമുണ്ട്. നിലവിൽ രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ പ്രവർത്തിക്കുന്ന സ്റ്റാളുകളെ മൂന്നായാണ് തരംതിരിച്ചിട്ടുള്ളത്. പുതിയ കാറ്ററിംഗ് നയം അനുസരിച്ച് തുറക്കാൻ പോകുന്ന പ്രീമിയം ബ്രാന്റഡ് കാറ്ററിംഗ് ഔട്ട്ലെറ്റുകളെ നാലാമത്തെ വിഭാഗമായാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.
രാജ്യത്ത് ഏകദേശം 2.3 കോടി യാത്രക്കാർ പ്രതിദിനം ട്രെയിനുകളിൽ യാത്ര ചെയ്യുന്നു എന്നാണ് റെയിൽവേയുടെ കണക്ക്. ഇവയിൽ തന്നെ തിരക്ക് കൂടുതലുള്ള നിരവധി സ്റ്റേഷനുകൾ ഉണ്ട്. ഇവിടങ്ങളിൽ ഇത്തരത്തിലുള്ള ഔട്ട്ലെറ്റുകളുടെ ആവശ്യകത ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രാലയം അതിനായി വളരെ വേഗം നടപടികൾ സ്വീകരിക്കാൻ സോണുകൾക്ക് നിർദേശം നൽകിയിട്ടുള്ളത്.