കല്യാശേരി: 2008-ലെ മണ്ഡല പുനർനിർണയത്തോടെയാണ് കല്യാശേരി നിയമസഭാ മണ്ഡലം നിലവിൽ വന്നത്. ചെറുകുന്ന്, ചെറുതാഴം, ഏഴോം, കടന്നപ്പള്ളി-പാണപ്പുഴ, കല്യാശേരി, കണ്ണപുരം, കുഞ്ഞിമംഗലം, മാടായി, മാട്ടൂൽ, പട്ടുവം എന്നീ ഗ്രാമപഞ്ചായത്തുകൾ മണ്ഡലത്തിൽ ഉൾപ്പെടുന്നു.
കാസർഗോഡ് ലോക്സഭാ നിയോജകമണ്ഡലത്തിന്റെ ഭാഗവും മുൻ മുഖ്യമന്ത്രി നായനാരുടെ ജന്മദേശവുമാണ് കല്യാശേരി നിയമസഭാമണ്ഡലം. 10 പഞ്ചായത്തുകളിൽ എട്ട് പഞ്ചായത്തുകളും എൽഡിഎഫാണ് ഭരിക്കുന്നത്. തീരദേശ പഞ്ചായത്തുകളായ മാടായിയും മാട്ടൂലും മാത്രമാണ് യുഡിഎഫ് ഭരിക്കുന്നത്. 2011 മുതൽ മൂന്ന് തവണയും സിപിഎം മാത്രം ജയിച്ച മണ്ഡലമാണിത്. യുവമുഖങ്ങൾ മാത്രമിറങ്ങുന്ന തെരഞ്ഞെടുപ്പുകളിൽ ജയിച്ചു കയറിയ രണ്ടുപേരും എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറിമാരുമാണ്. ടി.വി. രാജേഷും എം. വിജിനും കല്യാശേരിയിൽ നിന്ന് വിജയിച്ച് കയറിയവരാണ്.
രണ്ടാം അങ്കത്തിന് വിജിൻ
ആദ്യ മത്സരത്തിൽ മണ്ഡലത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തിലാണ് എം. വിജിന്റെ ജയം. ഇക്കുറിയും വിജിൻ തന്നെയാണ് മത്സരിക്കുന്നത്. എന്നാൽ, 2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് ലഭിച്ച ഭൂരിപക്ഷം ലോക്സഭാ തെരഞ്ഞെടുപ്പിൽ താഴോട്ട് പോകുന്നതാണ് കണ്ടത്.
2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 13,694 വോട്ടിന്റെ ലീഡ് എൽഡിഎഫിന് നൽകിയ കല്യാശേരി 2024 ൽ നൽകിയത് 1058 മാത്രം. ലോക്സഭയിലുണ്ടായ ഈ അടിയൊഴുക്കുകളിലാണ് യുഡിഎഫ് പ്രതീക്ഷ. കെപിസിസി അംഗം അമൃത രാമകൃഷ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി രജിത്ത് നാറാത്ത് എന്നിവരുടെ പേരുകൾ മണ്ഡലത്തിൽ ഉയർന്നു കേൾക്കുന്നുണ്ട്. ഒരു തെരഞ്ഞെടുപ്പിലും ഇടതിനെ കൈവിടാത്ത മണ്ഡലം ആഞ്ഞുപിടിച്ചാൽ ആരെയും തുണയ്ക്കുമെന്നാണ് ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കുന്നത്. മണ്ഡലത്തിൽ പരിചിതരായവരെ രംഗത്തിറക്കാനാണ് എൻഡിഎയുടെ ശ്രമം.