പാരീസ്: ഫ്രാൻസിലുണ്ടായ ആക്രമണങ്ങളും പ്രതിഷേധങ്ങളും തങ്ങളുടെ രാഷ്ട്രീയ പ്രചാരണങ്ങൾക്കായി വിദേശ നേതാക്കൾ ദുരുപയോഗം ചെയ്യുകയാണെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഫ്രാൻസിലെ പ്രതിസന്ധിയെക്കുറിച്ച് യുഎസ് പ്രസിഡന്റ് ട്രംപും മറ്റുചില നേതാക്കളും നടത്തിയ പരാമർശങ്ങൾ അടിസ്ഥാനരഹിതവും അംഗീകരിക്കാനാവാത്തതുമാണെണു മാക്രോൺ തുറന്നടിച്ചു. ഗൾഫ് സന്ദർശനവേളയിൽ ഖത്തറിൽവച്ചാണ് മാക്രോൺ ഇക്കാര്യം വ്യക്തമാക്കിയത്.
ഫ്രാൻസിലെ അഭയാർഥി നയങ്ങളെയും കുടിയേറ്റക്കാരുടെ കടന്നുവരവിനെയും കുറ്റപ്പെടുത്തി ട്രംപ് രംഗത്തെത്തിയിരുന്നു. ഫ്രാൻസിലെ അശാന്തിക്കു കാരണം കുടിയേറ്റമാണെന്നും പാരീസ് വൈകാതെ ഒരു മുസ്ലിം നഗരമായി മാറുമെന്നുമായിരുന്നു ട്രംപിന്റെ വിവാദ പരാമർശം. എന്നാൽ, ഈ ആരോപണങ്ങളെ പൂർണമായി തള്ളിയാണ് മാക്രോൺ രംഗത്തെത്തിയത്. രാജ്യത്ത് നിലവിലുള്ള പ്രശ്നങ്ങളെ സ്വന്തം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്ന പ്രവണതയാണിതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ഫ്രാൻസിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ എഐ ഉപയോഗിച്ച് തെറ്റായ ദൃശ്യങ്ങളും നുണക്കഥകളും പ്രചരിപ്പിക്കുന്നുണ്ടെന്നും ഫ്രഞ്ച് പ്രസിഡന്റ് ആരോപിച്ചു. രാജ്യത്ത് ക്രമസമാധാനം കർശനമായി നടപ്പിലാക്കുമെന്നും ആക്രമികളെ നേരിടാൻ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുമെന്നും മാക്രോൺ കൂട്ടിച്ചേർത്തു.