മക്കളോടുള്ള സ്നേഹത്തിന് അതിരുകളും അവരനുഭവിക്കുന്ന സ്വാതന്ത്ര്യത്തിന് ഉത്തരവാദിത്വവും വേണം. ഒരു കുടുംബത്തിലെ പക്വതക്കുറവ് മറ്റൊരു കുടുംബത്തിന്റെ ദുരന്തമാകുമ്പോൾ സമൂഹം പോലും ചോദ്യം ചെയ്യപ്പെടുന്നു. ഒരു കുട്ടി വളരുന്നത് ഒരു വീടിനുള്ളിൽ മാത്രമല്ല; അവന്റെ ചിന്തകളും സ്വഭാവവും ശീലങ്ങളും തീരുമാനങ്ങളും നാളെ ജീവിക്കേണ്ടിവരുന്ന സമൂഹത്തിന്റെകൂടി ഭാഗമാണ്. അതുകൊണ്ടുതന്നെ മക്കളെ വളർത്തുക എന്നത് ഒരു കുടുംബത്തിന്റെ സ്വകാര്യ ഉത്തരവാദിത്വം മാത്രമല്ല; സമൂഹത്തോടുള്ള വലിയൊരു കടമകൂടിയാണ്. മക്കൾക്ക് മികച്ച വിദ്യാഭ്യാസവും ജീവിതസൗകര്യങ്ങളും ഒരുക്കുന്നതിൽ മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്വം അവസാനിക്കുന്നില്ല. മറ്റുള്ളവരുടെ ജീവനെയും അവകാശങ്ങളെയും മാനിക്കുന്ന ഉത്തരവാദിത്വമുള്ള മനുഷ്യരായി അവരെ വളർത്തുക എന്നതിലാണ് യഥാർഥ രക്ഷാകർതൃത്വത്തിന്റെ വിജയം.
ഈ സത്യം നമ്മുടെ മുന്നിൽ വീണ്ടും വീണ്ടും തെളിയിക്കുന്ന ചില സംഭവങ്ങളാണ് അടുത്തിടെയുണ്ടായത്. തിരുവനന്തപുരം മണ്ണന്തലയിൽ നാലു മക്കളുടെ മുന്നിൽവച്ച് അമ്മ കൊല്ലപ്പെട്ട ദാരുണസംഭവം കേരളത്തിന്റെ മനഃസാക്ഷിയെ ഞെട്ടിച്ചു. കുടുംബപ്രശ്നങ്ങളെ തുടർന്നുണ്ടായ അക്രമത്തിൽ അമ്മയ്ക്ക് ജീവൻ നഷ്ടപ്പെടുകയും പിന്നീട് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തുകയും ചെയ്തതോടെ നാലു കുട്ടികൾക്ക് മാതാപിതാക്കളെ നഷ്ടമായി. എറണാകുളം ചേരാനെല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച ആഡംബരകാർ ഇടിച്ച് ഒരു വഴിയോര ഭക്ഷണശാല ഉടമയ്ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവം ഞെട്ടലുണ്ടാക്കി. പ്രായപൂർത്തിയാകാത്ത ഒരാൾക്ക് എങ്ങനെയാണ് പൊതുനിരത്തിൽ വാഹനം ഓടിക്കാനുള്ള സാഹചര്യമുണ്ടായത്? നെടുമ്പാശേരിയിൽ ഒക്ടോബർ 11ന് മദ്യലഹരിയിലായിരുന്ന പത്തൊന്പതുകാരൻ ഓടിച്ച കാർ സ്കൂട്ടറിലിടിച്ച് മൂന്ന് യുവജനങ്ങളുടെ ജീവനുകൾ പൊലിഞ്ഞ സംഭവവും കേരളത്തെ നടുക്കി.
ഈ സംഭവങ്ങൾ ഓരോന്നും വ്യത്യസ്ത സാഹചര്യങ്ങളിലാണ് ഉണ്ടായത്. അവയുടെ കാരണങ്ങളും നിയമപരമായ ഉത്തരവാദിത്വങ്ങളും ഒരുപോലെയല്ല. എന്നാൽ, അവയെല്ലാം സമൂഹത്തിന് മുന്നിൽ ഉയർത്തിവയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. രക്ഷാകർതൃത്വത്തിന്റെ അർഥം നാം മറന്നുപോകുകയാണോ? മക്കളുടെ ആഗ്രഹങ്ങൾക്കു മുന്നിൽ അതിരുകൾ നിശ്ചയിക്കാൻ മാതാപിതാക്കൾക്ക് കഴിയാതെപോകുകയാണോ? കുടുംബത്തിനുള്ളിലെ അക്രമവും നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യവും മറ്റുള്ളവരുടെ ജീവിതത്തെ ബാധിക്കുമെന്ന് നാം തിരിച്ചറിയുന്നുണ്ടോ? അതിലുപരി, അപകടത്തിന്റെ മുന്നറിയിപ്പുകൾ കാണുമ്പോഴും നമ്മുടെ ചുറ്റുപാടുകൾ എന്തുകൊണ്ടാണ് പലപ്പോഴും നിശബ്ദമാകുന്നത്? ഇത് ഏതാനും കുടുംബങ്ങളുടെ മാത്രം കഥയല്ല. സ്നേഹവും സ്വാതന്ത്ര്യവും ഉത്തരവാദിത്വവും തമ്മിലുള്ള അതിർവരമ്പുകൾ മങ്ങിപ്പോകുന്ന ഒരു കാലത്തിന്റെ സാമൂഹിക യാഥാർഥ്യമാണ്.
സ്നേഹവും ഉത്തരവാദിത്വവും
മക്കളെ സ്നേഹിക്കുക എന്നത് അവരുടെ എല്ലാ ആഗ്രഹങ്ങൾക്കും സമ്മതം മൂളുക എന്നല്ല. അവർ ആവശ്യപ്പെടുന്നതെല്ലാം വാങ്ങിക്കൊടുക്കുന്നതും അവർക്ക് ഇഷ്ടമുള്ളതെല്ലാം ചെയ്യാൻ അനുവദിക്കുന്നതുമല്ല നല്ല രക്ഷാകർതൃത്വമെന്ന് ഇനിയെന്നാണ് വിവേകികളായ മലയാളികൾ മനസിലാക്കുക? ചില സന്ദർഭങ്ങളിൽ സ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം “ഇല്ല” എന്ന് പറയാനുള്ള ധൈര്യമാണ്. കുട്ടികൾക്ക് എന്താണ് ആഗ്രഹമെന്നറിയുന്നതിനൊപ്പം അവർക്കെന്താണ് സുരക്ഷിതമെന്നും ഉചിതമെന്നും തിരിച്ചറിയാൻ സഹായിക്കുകയാണ് മാതാപിതാക്കളുടെ കടമ.
ഇന്ന് പല കുടുംബങ്ങളിലെയും സാമ്പത്തിക ഉന്നതി കുട്ടികളുടെയും ജീവിതസൗകര്യങ്ങൾ ഉയർത്താൻ ഉപകരിച്ചിട്ടുണ്ട് എന്നത് യാഥാർഥ്യമാണ്. വിലകൂടിയ മൊബൈൽ ഫോണുകൾ, ആഡംബര വാഹനങ്ങൾ, വിദേശയാത്രകൾ, ഇഷ്ടാനുസൃത ജീവിതരീതികൾ എന്നിവ കുട്ടികൾക്ക് അനുസ്യൂതമായി ലഭ്യമാവുന്ന ഒരു സാഹചര്യം കൈവന്നിരിക്കുന്നു. ഇതിലൊന്നും സ്വതവേ തെറ്റൊന്നുമില്ല. എന്നാൽ, സൗകര്യങ്ങൾക്കൊപ്പം തങ്ങളുടെ സാമൂഹിക ഉത്തരവാദിത്വവും വളരുന്നുണ്ടോ എന്നതാണ് പ്രസക്തമായ ചോദ്യം. ഒരു കുട്ടിക്ക് വിലകൂടിയ കാർ വാങ്ങിക്കൊടുക്കാൻ കഴിയുന്ന രക്ഷിതാവ്, ആ കാർ ഉപയോഗിക്കാനുള്ള നിയമപരമായ പ്രായവും പരിശീലനവും പക്വതയും അവർക്കുണ്ടോ എന്നുകൂടി ഉറപ്പുവരുത്തേണ്ടതുണ്ട്. സ്വന്തം മക്കളുടെ ഇഷ്ടങ്ങൾ നിറവേറ്റുന്നതിൽ കാണിക്കുന്ന ശ്രദ്ധയും ജാഗ്രതയും, അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിലും കാണിക്കേണ്ടതുണ്ട്.
കുട്ടികളുമായി സൗഹൃദപരമായി പെരുമാറണം എന്നതിൽ തർക്കമില്ല. അവരുടെ പ്രശ്നങ്ങൾ കേൾക്കാനും അവരുടെ ലോകം മനസിലാക്കാനും മാതാപിതാക്കൾ തയാറാകണം. എന്നാൽ, രക്ഷിതാവിന്റെ ഉത്തരവാദിത്വം സൗഹൃദത്തിൽ മാത്രം ഒതുങ്ങുന്നതല്ല. തെറ്റായ തീരുമാനങ്ങളിൽനിന്ന് അവരെ പിന്തിരിപ്പിക്കാനും അപകടകരമായ ശീലങ്ങൾ തിരുത്താനും ആവശ്യമായപ്പോൾ കർശനമായ നിലപാട് സ്വീകരിക്കാനും കെൽപുണ്ടാവണം. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രക്ഷിതാവാകുന്നതിലുപരി, ജീവിതത്തിലെ നിർണായക ഘട്ടങ്ങളിൽ ശരിയായ വഴി കാണിക്കുന്ന രക്ഷിതാവാകാനാണ് പരിശ്രമിക്കേണ്ടത്.
സ്നേഹം കുട്ടിക്ക് ചിറകുകൾ നൽകണം; എന്നാൽ ആ ചിറകുകൾ ഉപയോഗിക്കുമ്പോൾ സ്വന്തം പരിധികളും മറ്റുള്ളവരുടെ അവകാശങ്ങളും തിരിച്ചറിയാനുള്ള വിവേകവും നൽകണം. നിയന്ത്രണമില്ലാത്ത സ്വാതന്ത്ര്യം വളർച്ചയല്ല. ഉത്തരവാദിത്വം തിരിച്ചറിയാത്ത സ്വാതന്ത്ര്യം ചിലപ്പോൾ അപകടത്തിലേക്കുള്ള വഴികൂടിയാണ് എന്നത് തിരിച്ചറിയണം.
രക്ഷിതാക്കളുടെ ഉത്തരവാദിത്വം, സമൂഹത്തിന്റെ ഇടപെടൽ
കുട്ടികളുടെ വളർച്ചയിൽ ഏറ്റവും വലിയ പങ്ക് കുടുംബത്തിനാണ്. എന്നാൽ കുട്ടികളെ വളർത്തുന്നതും അപകടങ്ങൾ തടയുന്നതും കുടുംബത്തിന്റെ മാത്രം ചുമതലയായി കരുതാനുമാവില്ല.
ഒരു കുട്ടിയുടെ തെറ്റിന് തെളിവില്ലാതെ രക്ഷിതാക്കളെ കുറ്റപ്പെടുത്തുന്നതും എല്ലാ സാമൂഹിക പരാജയങ്ങളുടെയും ഉത്തരവാദിത്വം ഒരു കുടുംബത്തിനുമേൽ ചുമത്തുന്നതും നീതിയല്ല. അതുപോലെ, കുടുംബത്തിനുള്ളിൽ നടക്കുന്ന അക്രമമോ അപകടകരമായ പെരുമാറ്റമോ ‘അവരുടെ സ്വകാര്യ കാര്യം’ എന്ന പേരിൽ അവഗണിക്കുന്നതും ശരിയല്ല.
‘അത് അവരുടെ കുടുംബകാര്യം’ എന്ന മൗനം
കുടുംബത്തിനുള്ളിലെ അക്രമം പലപ്പോഴും വീടിന്റെ നാലു ചുവരുകൾക്കുള്ളിൽ ഒതുങ്ങേണ്ട കാര്യമാണെന്ന തെറ്റായ ധാരണ നമ്മുടെ സമൂഹത്തിലുണ്ട്. ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള വഴക്കിൽ ഇടപെടേണ്ടതില്ലെന്നും അത് അവരുടെ സ്വകാര്യ പ്രശ്നമാണെന്നും കരുതുന്നവരുണ്ട്. എന്നാൽ, ഒരു വീട്ടിൽ നിരന്തരമായ ശാരീരികമോ മാനസികമോ ആയ അക്രമം നടക്കുമ്പോൾ അതിനെ സ്വകാര്യവിഷയമായി മാത്രം കാണാനാവില്ല. അവിടെ കുട്ടികളുടെ സുരക്ഷയും സ്ത്രീകളുടെ ജീവിതവും മനുഷ്യാവകാശങ്ങളും ഉൾപ്പെട്ടിരിക്കുന്നു.
അക്രമത്തിന്റെ മുന്നറിയിപ്പുകൾ ലഭിക്കുമ്പോൾ അവയെ വെറും കുടുംബവഴക്കായി കാണാതെ, അപകടസാധ്യത വിലയിരുത്തി ഇരയുടെ സുരക്ഷ ഉറപ്പാക്കാൻ തക്ക സംവിധാനങ്ങൾ നമ്മുടെ സാമൂഹിക ചുറ്റുപാടുകളിൽ സ്നേഹ മതിലുകളായി രൂപപ്പെട്ടുവരേണ്ടതായുണ്ട്.
അയൽവാസികൾക്കും ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും ചിലപ്പോൾ കുടുംബത്തിനുള്ളിലെ പ്രശ്നങ്ങളുടെ സൂചനകൾ ലഭിക്കാറുണ്ട്. ഒരു സമയോചിതമായ ഇടപെടൽ ഒരാളുടെ ജീവൻ രക്ഷിച്ചേക്കാം; ഒരു കുട്ടിയുടെ ജീവിതം കൂടുതൽ സുരക്ഷിതമാക്കിയേക്കാം. സമൂഹത്തിന്റെ ഉത്തരവാദിത്വം കുറ്റം സംഭവിച്ചശേഷം പ്രതിഷേധിക്കുന്നതിൽ മാത്രം ഒതുങ്ങാനുള്ളതല്ല. ദുരന്തത്തിനു മുമ്പുള്ള സൂചനകൾ തിരിച്ചറിയാനും ആവശ്യമായ സഹായം യഥാസമയത്ത് എത്തിക്കാനും കഴിയുന്ന ഒരു സാമൂഹിക അന്തരീക്ഷമാണ് നമുക്കു വേണ്ടത്.
സമ്പത്തും പദവിയും ഉത്തരവാദിത്വത്തിനു പകരമല്ല
സമ്പത്ത് ഒരിക്കലും ഉത്തരവാദിത്വത്തിന്റെ അളവുകോലല്ല. ഒരു കുട്ടിക്ക് ആഡംബരജീവിതം നൽകാൻ കഴിയുന്നതുകൊണ്ടു മാത്രം അവൻ പക്വതയുള്ളവനാകുന്നുമില്ല. പദവിയും അധികാരവും ഉള്ളതുകൊണ്ട് നിയമപരമായ ബാധ്യതകളിൽനിന്ന് ഒരാൾക്ക് ഒഴിവാകാനുമാവില്ല. മക്കൾക്ക് നൽകേണ്ട ഏറ്റവും വിലയേറിയ പാഠം പണത്തിന്റെ ശക്തിയെക്കുറിച്ചല്ല, ഉത്തരവാദിത്വത്തിന്റെ മൂല്യത്തെക്കുറിച്ചാണ്. സ്വന്തം പ്രവൃത്തികൾ മറ്റൊരാളുടെ ജീവിതത്തെ എങ്ങനെ ബാധിക്കുമെന്ന് തിരിച്ചറിയുമ്പോഴാണ് ഒരാൾ യഥാർഥത്തിൽ പക്വതയുള്ളവനാകുന്നത്. ആ പക്വത പാഠപുസ്തകത്തിൽ നിന്നല്ല, സ്വജീവിതത്തിൽനിന്നാണ് കൈവരിക്കേണ്ടത്.