National
ന്യൂഡൽഹി: 12 വർഷമായി ചലനശേഷിയില്ലാതെ കഴിയുന്ന വ്യക്തിക്കു ദയാവധം നൽകുന്നതു സംബന്ധിച്ച വിഷയം പരിശോധിക്കുന്നതിന് രണ്ടാമത്തെ മെഡിക്കൽ സംഘം രൂപീകരിക്കാൻ സുപ്രീംകോടതി നിർദേശം.
ചലനശേഷി നഷ്ടപ്പെട്ട 32കാരൻ സാധാരണ ജീവിതത്തിലേക്കു തിരികെ വരാൻ സാധ്യതയില്ലെന്നാണ് സുപ്രീംകോടതി രണ്ടാഴ്ച മുന്പ് നിയോഗിച്ച ആദ്യ മെഡിക്കൽസംഘം വിധിയെഴുതിയത്. ഇതിന്റെ അടിസ്ഥാനത്തിലാണു രണ്ടാമത്തെ മെഡിക്കൽ സംഘം രൂപീകരിച്ച് ഈ മാസം 17ന് മുന്പായി റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് ഡയറക്ടറോട് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.
മകന് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് അച്ഛനാണു സുപ്രീംകോടതിയെ സമീപിച്ചത്.
2018 ലെ സുപ്രീംകോടതി ഭരണഘടനാബെഞ്ചിന്റെ വിധിപ്രകാരം മരുന്നുകളും മറ്റും ഉപയോഗിച്ചുകൊണ്ട് നേരിട്ടുള്ള ദയാവധം (ആക്ടീവ് എത്തനേഷ്യ) ഇന്ത്യയിൽ അനുവദനീയമല്ല.
എന്നാൽ ജീവൻ നിലനിർത്താൻ ഉപയോഗിക്കുന്ന മെഡിക്കൽ സംവിധാനങ്ങൾ നൽകുന്നത് നിർത്തിക്കൊണ്ടുള്ള ദയാവധം (പാസീവ് എത്തനേഷ്യ) അനുവദിക്കാമെന്നായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ്. രോഗി ജീവിതത്തിലേക്കു തിരിച്ചുവരില്ലെന്ന് രണ്ടു മെഡിക്കൽസംഘം റിപ്പോർട്ട് നൽകണം.
NRI
ന്യൂയോർക്ക്: കാൽ നൂറ്റാണ്ടുകാലത്തിലധികം അമേരിക്കയിലെ സീറോമലബാർ വിശ്വാസികൾക്കായി സേവനം ചെയ്ത റവ. ഫാ. ജോസ് കണ്ടത്തിക്കുടിയുടെ ധന്യമായ ഓർമയും പൈതൃകവും വരുംതലമുറയ്ക്ക് പ്രചോദനമാകും വിധം നിലനിർത്തുന്നതിനുവേണ്ടി ഫാ. ജോസിന്റെ സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും ചേർന്ന് "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന്' രൂപം നൽകി.
നോൺ പ്രോഫിറ്റ് ഓർഗനൈസഷനായി ഡിപ്പാർട്മെന്റ് ഓഫ് സ്റ്റേറ്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള "ഫാ. ജോസ് കണ്ടത്തിക്കുടി ഫൗണ്ടേഷന് 501(C) (3) സ്റ്റാറ്റസും ഉടൻ ലഭിക്കും.
ഷോളി കുമ്പിളുവേലിയാണ് ഫൗണ്ടേഷൻ ചെയർമാൻ. ബിജു കാപ്പുകാട്ടിൽ (വെർജീനിയ) സെക്രട്ടറിയായും, ജോസഫ് കാഞ്ഞമല സി.പി.എ (ന്യൂയോർക്ക്) ട്രഷറർ ആയും പ്രവർത്തിക്കും. ഫൗണ്ടേഷന്റെ ദൈനംദിന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ഡയറക്ടർ ബോർഡിനേയും തെരഞ്ഞെടുത്തിട്ടുണ്ട്.
ടോം പെരുമ്പായിൽ (സോമർസെറ്റ്, ന്യൂജഴ്സി), ബാബു ജോസഫ് സിപിഎ (പാറ്റേഴ്സൺ, ന്യൂജഴ്സി), ജേക്കബ് ചൂരവടി (റോക്ക്ലാൻഡ്, ന്യൂയോർക്ക്), പൈലപ്പൻ കണ്ണൂക്കാടൻ (ഷിക്കാഗോ), ടോം തോമസ് (സ്റ്റാറ്റൻ അയലൻഡ്, ന്യൂയോർക്ക്), ലാലി കളപ്പുരക്കൽ (ലോംഗ് അയർലൻഡ്, ന്യൂയോർക്ക്), ഷേർലി അടാട്ട് (ബ്രോങ്ക്സ്, ന്യൂയോർക്ക്), ജോൺ വാളിപ്ലാക്കൽ (ബ്രോങ്ക്സ്, ന്യൂയോർക്ക്) എന്നിവരാണ് അംഗങ്ങൾ. രണ്ടു വർഷമാണ് ഡയറക്ടർ ബോർഡിന്റെ കാലാവധി.
ദൈവ വിളികൾ പ്രോത്സാഹിപ്പിക്കുക, വൈദിക വിദ്യാർഥികളെ സഹായിക്കുക, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് പഠന സഹായം എത്തിക്കുക, അതുപോലെ വൃക്ക രോഗികൾക്ക് ചികിത്സാ സഹായം നൽകുക തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ഫൗണ്ടേഷൻ ലക്ഷ്യമിടുന്നു.
കൂടാതെ, വർഷംതോറും ഫാ. ജോസിന്റെ ഓർമയാചരണവും ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നടത്തും.
കൂടുതൽ വിവരങ്ങൾക്ക്: ഷോളി കുമ്പിളുവേലി - 914 330 634, ജോസഫ് കാഞ്ഞമല - 917 596 2119, ബിജു കാപ്പുകാട്ടിൽ - 804 550 8494.