പാലാ: സന്നദ്ധ രക്തദാനത്തിന്റെ പ്രാധാന്യവും ഗുണങ്ങളും മനസിലാക്കി കൂടുതല്‍ യുവജനങ്ങള്‍ രക്തദാന രംഗത്തേക്കു കടന്നുവരണമെന്ന് മന്ത്രി മോന്‍സ് ജോസഫ്. രക്തദാനം മഹാദാനവും ജീവദാനവുമായി കണക്കാക്കണമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പിന്റെയും പാലാ നഗരസഭയുടെയും പാലാ ബ്ലഡ് ഫോറത്തിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിച്ച രക്തദാതാ ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പാലാ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ മാണി സി. കാപ്പന് എംഎല്‍എ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ദിയ ബിനു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജിത പ്രകാശ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്‍. പ്രിയ, മുനിസിപ്പല്‍ കൗണ്‍സിലര്‍ ബിജി ജോജോ, ജില്ലാ ടി.ബി ഓഫീസര്‍ ഡോ ശ്രീജിത്ത് ബാബു, പാല ജനറല്‍ ആശുപത്രി സൂപ്രണ്ട് ടോ. ടി.പി. അഭിലാഷ്, പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം, ജില്ലാ ഡെപ്യൂട്ടി മാസ് മീഡിയ ഓഫീസര്‍ ടി.ആര്. ബിജു എന്നിവര്‍ പ്രസംഗിച്ചു
സമ്മേളനത്തിനു മുന്നോടിയായി പാലാ ബ്ലഡ് ഫോറത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ബ്ലഡ് ഡൊണേഷന്‍ ചലഞ്ച് പ്രോഗ്രാം 135-ാം തവണ രക്തം ദാനം ചെയ്തു കൊണ്ട് പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനര്‍ ഷിബു തെക്കേമറ്റം ഉദ്ഘാടനം ചെയ്തു.
നൂറോളം വിദ്യാര്‍ത്ഥികള്‍ ചലഞ്ചില്‍ ഭാഗമായി രക്തം ദാനം ചെയ്തു. പാലാ മരിയന്‍ മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക്, ഐഎച്ച്എം ബ്ലഡ് ബാങ്ക് മേരിഗിരി, കോട്ടയം എസ് എച്ച് മെഡിക്കല്‍ സെന്റര്‍ ബ്ലഡ് ബാങ്ക് എന്നിവര്‍ ക്യാമ്പിന് നേതൃത്വം നല്കി.