കണ്ണൂർ: കൊളച്ചേരി മേഖലയിൽ വീണ്ടും കുറുനരി ആക്രമണം. പള്ളിപ്പറമ്പ്, പെരുമാച്ചേരി പ്രദേശങ്ങളിലാണ് കുറുനരി ആക്രമണത്തില്‍ ഒന്‍പതുവയസുകാരി ഉള്‍പ്പെടെ നിരവധി പേര്‍ക്കു പരിക്കേറ്റത്.
രണ്ടു ദിവസങ്ങളിലായി ആറുപേരാണ് ആക്രമണത്തിന് ഇരയായത്. പള്ളിപ്പറമ്പില്‍ വീട്ടുമുറ്റത്ത് കൂട്ടുകാരോടൊപ്പം കളിക്കുകയായിരുന്ന ഒന്‍പതു വയസുകാരിക്കു നേരേ കുറുനരി പാഞ്ഞടുക്കുകയും കുട്ടിയുടെ വിരല്‍ കടിച്ചെടുക്കുകയുമായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നിട്ടുണ്ട്.
പള്ളിപ്പറമ്പ് എപി സ്റ്റോറിലെ കെ.പി. അബ്ദുറഹ്മാന്, ഉറുമ്പിയിലെ സി.പി. ഹാദി എന്നിവര്‍ക്കും കുറുനരി ആക്രമണത്തില്‍ പരിക്കേറ്റു. അക്രമകാരിയായ കുറുനരിയെ പിന്നീട് പ്രദേശത്ത് ചത്ത നിലയില്‍ കണ്ടെത്തി. പള്ളിപ്പറമ്പിലെ ആക്രമണത്തിനു പിന്നാലെ പെരുമാച്ചേരിയിലും കുറുനരി പരാക്രമം നടത്തുകയായിരുന്നു. ഇതിൽ മൂന്നുപേര്‍ക്കു പരിക്കേറ്റു. പെരുമാച്ചേരിയിലെ പവിജ, കാവുംചാലിലെ ദേവനന്ദ, ശ്രീദര്‍ശ് എന്നിവര്‍ക്കാണ് കടിയേറ്റത്.
കൊളച്ചേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവുനായ്ക്കളുടെയും കുറുനരിയുടെയും ശല്യം രൂക്ഷമായിരിക്കുകയാണ്. കൂടുതല്‍ പേര് ആക്രമണത്തിന് ഇരയാകുന്നതിന് മുമ്പ് അധികൃതര്‍ ഇടപെട്ട് പ്രശ്നം പരിഹരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തില്‍ പ്രദേശം ഒന്നാകെ ഭീതിയിലാണ്.